ചെകുത്താൻ മാത്രമല്ല ആറാട്ടണ്ണനും തെറ്റുകാരൻ, ഇപ്പോൾ പേടിച്ച് നിൽപ്പാണ്: ബാല പറയുന്നു
Mail This Article
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെന്ന യൂട്യൂബറും ‘ചെകുത്താനും’ ചെയ്യുന്നത് ഒരേകാര്യമാണെന്ന് നടൻ ബാല. ‘‘ചെകുത്താൻ ചെയ്തത് തെറ്റാണെങ്കില്‍ ആറാട്ടണ്ണൻ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്സിനു ഫുൾസ്റ്റോപ്പ് ഇടണം.’’–ബാലയുടെ വാക്കുകൾ.
‘‘മോഹൻലാൽ സാറിന്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്കു പിറന്നാൾ ആശംസകൾ നേരാൻ ഞാനും വിളിച്ചു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമർ മുരളിച്ചേട്ടനെ വിളിച്ചാണ് ലാലേട്ടനോട് സംസാരിച്ചത്. ഞാൻ എവിടെയാണ് ഉള്ളതെന്നും കൊച്ചിയിൽ വരുമ്പോള്‍ നേരിട്ടു കാണണമെന്നൊക്കെ പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ചെകുത്താന്റെ കാര്യവും അദ്ദേഹത്തോട് പറയുകയുണ്ടായി.
അദ്ദേഹത്തിന്റെ ക്വാളിറ്റിയെക്കുറിച്ചാണ് പറയുന്നത്. ഇത്രയും തരംതാഴ്ന്ന ചെകുത്താനെപ്പോലുള്ള ആളുകളെക്കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളൂം എന്ന രീതിയിലാണ് അദ്ദേഹം ഇതെല്ലാം എടുക്കുന്നത്.
ചെകുത്താന്റെ വിഡിയോ ഞാൻ കണ്ടു. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവഹേളിക്കുക മാത്രമല്ല ചീത്ത കാര്യങ്ങളടക്കം എത്ര വിഷം നിറഞ്ഞ കാര്യങ്ങളാണ് പറയുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേത്. ഇനിയും നന്മ ചെയ്യണമെന്ന രീതിയാലാണ് അദ്ദേഹമൊക്കെ നിൽക്കുന്നത്.
സത്യം എന്തായാലും ജയിക്കും, അതിനു കുറച്ച് സമയമെടുക്കും. കള്ളത്തരം പെട്ടന്നു വൈറലാകും, പക്ഷേ അതിന് അധികം ആയുസ്സില്ല. നല്ല മനസ്സുള്ള ഒരാളുടെ കണ്ണിൽ നിന്നും കണ്ണുനീർവന്നാൽ ആ കണക്ക് മനുഷ്യനല്ല, ദൈവം തീർക്കും. ഇതുപോലുള്ള നെഗറ്റിവ് ആളുകൾക്ക് നമുക്കൊരു ഫുൾ സ്റ്റോപ്പ് വയ്ക്കണം.
ആറാട്ടണ്ണന്റെ ഒരഭിമുഖം കണ്ടു. പേടിച്ചാണ് അയാൾ അതിനു നിൽക്കുന്നതു തന്നെ. ലാലേട്ടനെ ചെകുത്താൻ കഴിഞ്ഞ പത്ത് വർഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണെന്നൊക്കെയാണ് അയാൾ പറയുന്നത്. അഭിമുഖം നടത്തുന്ന ആൾക്ക് മനസാക്ഷിയുണ്ടെങ്കിൽ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്. സന്തോഷ് വർക്കി ലാേലട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്നു ജനിച്ച കുട്ടിയെപ്പോെല ചെകുത്താൻ ചെയ്തത് തെറ്റാണെന്നു പറയുന്നത്.
ചെകുത്താൻ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങൾ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്സിനു ഫുൾസ്റ്റോപ്പ് ഇടണം.
കിടക്ക് നിങ്ങളൊക്കെ അടത്തുകിടക്ക്. നീ ജയിലിനകത്തു കിടക്കുന്നത് ഞാൻ കണ്ടില്ല. ഈ സാത്താന് സാത്താൻ തന്നെ കുഴിതോണ്ടിയതാ.’’–ബാല പറയുന്നു.
നേരത്തെ സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിരൂപണത്തിന്റെ മറവിൽ സിനിമാ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.