ഷീലയും ശാരദയും തമ്മിലുള്ള മത്സരം
Mail This Article
എന്റെ ആദ്യത്തെ രണ്ടു സിനിമകളിലും (അനുഭവങ്ങളെ നന്ദി, ഇവിടെ കാറ്റിന് സുഗന്ധം) നായികയായി വന്നത് ജയഭാരതിയായതുകൊണ്ട് ശാരദയെ അഭിനയിപ്പിക്കണമെന്നുള്ള എന്റെ ആഗ്രഹം സഫലമായില്ല. കഥാപാത്രപരമായും രൂപപരമായും ലാവണ്യപരമായും ശാരദയെക്കാൾ ജയഭാരതിയാണ് ആ വേഷത്തിന് യോജിച്ചതെന്ന് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നുകയും ചെയ്തു.
എന്നാൽ അര നൂറ്റാണ്ടിനു മുൻപു തന്നെ മറ്റൊരു നായികാസ്വരൂപത്തിലും കാണാത്ത ശാലീന ഭാവവും സിംപതി കിട്ടുന്ന കഥാപാത്രങ്ങളും കണ്ട് എന്റെ മനസ്സിൽ അറിയാതെ കയറിക്കൂടിയ അഭിനേത്രിയായിരുന്നു ശാരദ. അവരോടുള്ള ഇഷ്ടവും ആരാധനയുമൊക്കെ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകുമെന്നും തോന്നുന്നില്ല. അത് മനസ്സിൽ അറിയാതെ ഊറി കൂടുന്ന ഒരു മൃദുല വികാരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുണ്ടാകുന്ന താരാരാധനയ്ക്ക് ആൺപെൺവ്യത്യാസമൊന്നുമുണ്ടാവണമെന്നില്ല. അങ്ങനെയുള്ള താരാരാധനയുടെ നല്ലൊരു ഉദാഹരണം ഞാൻ പറയാം.
എന്റെ കൗമാരകാലത്ത് കടുത്ത ആരാധകനായി മനസ്സിൽ കയറിക്കൂടിയ തമിഴ് സിനിമയിലെ പ്രണയചക്രവർത്തിയായിരുന്നു ജമിനിഗണേശൻ. അവിടത്തെ ഭൂരിഭാഗം നായകന്മാരും വില്ലന്മാരും ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നവരുമെല്ലാം ഓവർ ആക്റ്റിങ്ങു കൊണ്ടും ഡയലോഗ് പ്രസന്റേഷന്റെ അതിഭാവുകത്വം കൊണ്ടും നമ്മളെ വല്ലാതെ ബോറടിപ്പിച്ചു കൊണ്ടിരുന്നപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മിതത്വമുള്ള അഭിനയമായിരുന്നു ജമിനിഗണേശന്റേത്.
നീണ്ട അമ്പതു വർഷം മുൻപ് തൃപ്പൂണിത്തുറയിൽ അത്തച്ചമയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്ന ജമിനി ഗണേശനെ ഒരു നോക്ക് കാണാൻ വേണ്ടി ഞാനും കൂട്ടുകാരും കൂടി പെരുമഴയത്തു കാത്തു നിന്നതും അദ്ദേഹത്തിന്റെ സിനിമകൾ കാണാനായി കൂട്ടുകാരുമായി കോയമ്പത്തൂർ പോയി പാതിരാത്രി തിരിച്ചെത്തിയതുമെല്ലാം ഇപ്പോഴും എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല.
ഇതേപോലെ തന്നെയായിരുന്നു നമ്മുടെ മധുസാറിനോടുള്ള എന്റെ ആരാധനയും. മലയാള സിനിമയിലെ ബിഹേവിംഗ് ആക്റ്ററിനോടുള്ള എന്റെ ആരാധാന പോലെ തന്നെ മമ്മൂട്ടിയുടെയും ആരാധനാപാത്രമായിരുന്നു മധു സാർ.
അപ്പോൾ ഈ താരാരാധന എന്നു പറയുന്നത് കാലത്തിന്റെ മാറ്റമനുസരിച്ച് കാലഹരണപ്പെട്ട് പോകുന്ന ഒന്നല്ല. സിനിമാതാരങ്ങളോട് തോന്നുന്ന ഒരു കമ്പമായി മാത്രം അതിനെ കാണരുത്. മറ്റ് എല്ലാ മേഖലയിലുമുള്ള സെലിബ്രിറ്റികളോടും മഹദ് വ്യക്തിത്വങ്ങളോടും തോന്നുന്ന പോലുള്ള മനസ്സിന്റെ ഒരു അറിയാകൽപനയാണത്.
വീണ്ടും ശാരദയിലേക്കു തന്നെ വരാം. എന്റെ ആദ്യത്തെ രണ്ടു സിനിമകളിലും ശാരദയെ അഭിനയിപ്പിക്കാൻ പറ്റിയില്ലെങ്കിലും അടുത്തതിലെങ്കിലും അവരുടെ സാന്നിധ്യമുണ്ടായിരിക്കണമെന്നുള്ള ചിന്തയിൽ കഴിയുമ്പോഴാണ് ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈ മനോഹര തീര’ത്തിന്റെ നിർമാതാവായ തൊടുപുഴക്കാരൻ ഏ.ജെ. കുര്യാക്കോസിന്റെ മകൻ ജോയി കുര്യാക്കോസിന്റെ തികച്ചും ആകസ്മികമായുള്ള കടന്നുവരവുണ്ടായത്.
കുര്യാക്കോസ് അച്ചായനില്ലാതെ ജോയി മാത്രം എന്താണ് തനിച്ചു വന്നിരിക്കുന്നത്?
‘എന്താ അച്ചായൻ വന്നില്ലേ?’
'ഇല്ല. ഞാൻ തനിച്ചാണ് വന്നത്. എനിക്ക് അച്ചായനില്ലാതെ ഒരു സിനിമ ചെയ്യണം.'
യാതൊരു മുഖവുരയുമില്ലാതെയുള്ള ജോയിയുടെ മറുപടി കേട്ടപ്പോൾ എന്നിൽ ജിജ്ഞാസയും ഉൽകണ്ഠയും ഒരുപോലെ ഉണ്ടായി. എന്നാൽ ജോയി തമാശ പറയുകയായിരിക്കുമെന്ന് കരുതി ഒരു കൗണ്ടർ ജോക്കെന്ന പോലെ ഞാൻ ചോദിച്ചു.
‘എന്തായി അച്ചായൻ സ്വത്തെല്ലാം ഭാഗം വച്ചു തന്നോ?’
'ഹേയ് അങ്ങനെയൊന്നുമില്ല. എനിക്ക് നല്ലൊരു പാർട്ണറെ കിട്ടിയിട്ടുണ്ട്. ഒരു തൊടുപുഴക്കാരൻ ചാക്കോ, അബ്കാരിയാണ്. പിന്നെ അച്ചായന് വയസ്സായില്ലേ ഇനി റസ്റ്റെടുക്കട്ടെ. ഞാൻ വർക്കിങ് പാർട്ണറായി നിന്നാൽ മതി. പണം അയാൾ മുടക്കിക്കോളും.'
'അച്ചായനോട് പറയാതെ ചെയ്താൽ എന്നെ വിളിച്ച് കക്ഷി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ?'
'ഹേയ്, അങ്ങനെയൊന്നുമുണ്ടാവില്ല. അച്ചായനോട് ഷൂട്ടിങ് തുടങ്ങാൻ നേരം പറയാം.'
എന്നുപറഞ്ഞു കൊണ്ട് ജോയി വേഗം തന്നെ വിഷയത്തിലേക്കു വന്നു.
'ഈ മനോഹരതീരത്തിന്റെ ഷൂട്ടിങ് സമയത്ത് ഡെന്നിച്ചായൻ എന്നോട് ഒരു കഥ പറഞ്ഞിരുന്നില്ലേ? അത് സിനിമയാക്കിയാല്‍ നന്നായിരിക്കില്ലേ? എന്തു പറയുന്നു?'
'അത് ഒരു വലിയ സിനിമയായിട്ടു തന്നെ എടുക്കണം. മധു, സോമൻ, സുകുമാരൻ, ഷീല, ശാരദ, അംബിക തുടങ്ങിയ വലിയ താരനിര തന്നെ വേണ്ടി വരും.'
ജോയിയുടെ മനസ്സിലും വലിയൊരു സിനിമ തന്നെയായിരുന്നു.
അച്ഛൻ ജഡ്ജിയും മകള്‍ വക്കീലുമായിരിക്കുന്ന കോടതിയിൽ പ്രമാദമായ ഒരു കൊലക്കേസ് വരുന്നു. പ്രതിയായി വന്നിരിക്കുന്നത് അച്ഛന് കാമുകിയിലുണ്ടായ മകനാണ്. അച്ഛനും മകനും ഇതറിയില്ല. അമ്മ കോടതിയിലെത്തുമ്പോഴാണ് ജഡ്ജിയും കാമുകിയും പരസ്പരം കാണുന്നത്. അതിനാടകീയ മുഹൂർത്തങ്ങളുള്ള ആദ്യാവസാനം പിരിമുറുക്കമുള്ള ഒരു കഥാപശ്ചാത്തലമാണ്.
ഇത്രയും വലിയ താരനിരയുള്ള ഒരു ചിത്രം ആരെക്കൊണ്ട് സംവിധാനം ചെയ്യിക്കും? ജോയി അന്നത്തെ പ്രശസ്ത സംവിധായകരായ പലരുടേയും പേരു പറഞ്ഞെങ്കിലും കലാമൂല്യവും കച്ചവട മൂല്യവുമുള്ള ഒരു മധ്യവർത്തി സിനിമയായിട്ടെടുത്താലേ ഇത് നന്നാകുകയുള്ളൂ. അതിന് പറ്റിയ ഒരു സംവിധായകൻ എന്റെ മനസ്സിലുണ്ടായിരുന്നത് എന്റെ അടുത്ത സുഹൃത്തും നല്ല സിനിമയുടെ വക്താവുമായ ജേസിയായിരുന്നു. ജോയി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പേരായിരുന്നു ജേസിയുടേത്.
ഞങ്ങൾ അപ്പോൾ തന്നെ അയ്യപ്പൻ കാവിലുള്ള ജേസിയുടെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു. ഇത്രയും വലിയ താരനിരയുള്ള ഒരു ചിത്രം ജേസിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഞാൻ കഥയുടെ പൂർണ രൂപം ജേസിയുടെ മുന്നിൽ അവതരിപ്പിച്ചു. കഥ ജേസിക്കും വളരെ ഇഷ്ടമായി.
താരനിർണയത്തിൽ ജേസി ഒരു സജഷൻ പറഞ്ഞു. ‘‘ശാരദയ്ക്കു പകരം ആ വേഷം ഷീലയ്ക്ക് കൊടുത്താലോ?
മധുസാറിന്റെ ഭാര്യയായി നമുക്ക് ശ്രീവിദ്യയെ ഇടാം. ഡെന്നിസ് എന്തു പറയുന്നു?"
ഞാൻ കഥ എഴുതിയ രണ്ടു ചിത്രങ്ങളിലും എനിക്ക് ശാരദയെ അഭിനയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയും അങ്ങനെ തന്നെ സംഭവിക്കുമോ എന്നുള്ള ആശങ്ക എന്നിൽ വളരാൻ തുടങ്ങിയപ്പോൾ എന്നിലെ ശാരദ ആരാധകൻ സടകുടഞ്ഞെഴുന്നേറ്റു.
‘‘രണ്ട് ഏജില്‍ വരുന്ന ഒരു കഥാപാത്രമാണിത്. ഗ്രാമീണ ഭംഗിയും ശാലീനതയുമുള്ള ഒരു പെൺകുട്ടിയുടെ വേഷം ശാരദയ്ക്കാണ് കൂടുതൽ ഇണങ്ങുന്നത്. ശ്രീവിദ്യയ്ക്ക് നല്ല തടിയുമുണ്ട്. നമുക്ക് ശാരദയ്ക്ക് കാമുകിയുടെ വേഷം കൊടുക്കാം. ഭാര്യയായി ഷീലയേയും ഇടാം."
ഞാൻ പറഞ്ഞതു കേട്ട് ഒരു നിമിഷമാലോചിച്ചിരുന്നിട്ട് ജേസി എന്റെ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു.
തിരക്കഥയും സംഭാഷണവും എന്റേതാണെന്നാണ് ജേസി വിചാരിച്ചിരുന്നത്. ‘അനുഭവങ്ങളെ നന്ദിക്ക് എന്റെ കഥ, ജോൺ പോളിന്റെ തിരക്കഥ, എസ്. എൻ പുരത്തിന്റെ സംഭാഷണം ഇതായിരുന്നു എന്റെ മനസ്സിലെ തീരുമാനം. പക്ഷേ അത് അന്ന് നടന്നില്ല.
എസ്. എൻ. പുരത്തിന് വലിയ തിരക്കുള്ള സമയമായിരുന്നതു കൊണ്ട് ജോൺ പോളിന് ബാങ്കിൽ നിന്നും കൂടുതൽ ദിവസം ലീവെടുത്ത് മദ്രാസിൽ ചെന്നു നിൽക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോൾ ഐ.വി. ശശിയാണ് തിരക്കഥയും സംഭാഷണവും എസ്. എൻ. പുരം തന്നെ എഴുതട്ടെ എന്ന് പറഞ്ഞത്. അതുകൊണ്ട് ‘അകലങ്ങളിൽ അഭയ’ത്തിന് ജോൺ പോളിനെക്കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതിക്കണമെന്ന് ഞാൻ ജേസിയോടും ജോയിയോടും തറപ്പിച്ചു പറഞ്ഞു.
അപ്പോൾ ജോൺ അതിന് ഒരു തിരുത്ത് പറഞ്ഞു.
‘തിരക്കഥയും സംഭാഷണവും നമ്മൾക്ക് രണ്ടാൾക്കും കൂടി എഴുതാടാ.'
'അതിന് ഞാൻ കൂടെയുണ്ടല്ലോ. എന്റെ പേരൊന്നും വയ്ക്കണമെന്നില്ല.'
ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജോണിന്റെ പേരിൽ തന്നെ വരണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
പിന്നെ എല്ലാം ധൃതഗതിയിലാണ് നടന്നത്. മധുസാറിനേയും ഷീലയേയും കാണാനായി മദ്രാസിൽ പോയത് ഞാനാണ്. ഷീലയെ ചായത്തിന്റെ സെറ്റിൽ വച്ച് പരിചയമുള്ളതു കൊണ്ടും അവരുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനെക്കുറിച്ചുള്ള ഒരു തുടരെൻ പംക്തി ചിത്രപൗർണമിയിൽ എഴുതാൻ വേണ്ടി ഞാനും ജോൺ പോളും കൂടി എറണാകുളം ദ്വാരക ഹോട്ടലിൽ ചെന്നതും, അന്ന്
കൈക്കുഞ്ഞായിരുന്ന മകൻ വിഷ്ണുവിനെയും കൊണ്ടാണ് അവർ വന്നതെന്നും ഞാൻ ഓർമിപ്പിച്ചപ്പോൾ അതവരുടെ ഓർമ താവളത്തിൽ മായാതെ കിടപ്പുണ്ടെന്ന് പറഞ്ഞു.
തിരക്കഥ എഴുതി വന്നപ്പോൾ ഷീലയ്ക്ക് അൽപം പ്രാമുഖ്യം കുറഞ്ഞതു പോലെ ഞങ്ങൾക്ക് തോന്നി. ഇരുവര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷമാണെന്നു പറഞ്ഞാണ് ഷീലയെ ബുക്ക് ചെയ്തത്. ഉടനെ തന്നെ തിരക്കഥ ഒന്നു പൊളിച്ചെഴുതിയെങ്കിലും ശാരദയുടെ കഥാപാത്രത്തിന് ഫ്ലാഷ് ബാക്കുള്ളതുകൊണ്ട് നാലഞ്ചു സീനുകൾ അവർക്ക് കൂടുതലുണ്ടായിരുന്നു. അത് കഥാപരമായി ആവശ്യമുള്ളതുമായിരുന്നു.
എറണാകുളത്തു വച്ചായിരുന്നു ഷൂട്ടിങ്. കൂടുതൽ സീൻസും ബോൾഗാട്ടി പാലസിൽ വച്ചാണ് എടുത്തത്. ശാരദയുടെ അഭിനയം കാണാൻ വേണ്ടി മാത്രം ഞാൻ മിക്ക ദിവസങ്ങളിലും ബോൾഗാട്ടി പാലസിൽ പോകുമായിരുന്നു.
‘അകലങ്ങളിൽ അഭയം’ വിതരണത്തിനെടുത്തിരുന്നത് അന്നത്തെ വലിയ വിതരണ കമ്പനിയായിരുന്ന പി ടി സേവ്യർ സാറിന്റെ വിജയാ മൂവീസായിരുന്നു. സേവ്യർ സാറിന്റെ മകനായ ബാബു സേവ്യർ മിക്ക ദിവസങ്ങളിലും ലൊക്കേഷനിൽ വരുമായിരുന്നു. അവിടെ വച്ചാണ് ബാബുവും ഷീലയും തമ്മിൽ വലിയ സൗഹൃദത്തിലാവുന്നതും അവർ വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്തത്.
‘അകലങ്ങളിൽ അഭയ’ത്തിന്റെ ഡബിൾ പോസിറ്റീവായപ്പോൾ ബാബുവും സംഘവും പടം കാണാൻ മദ്രാസില്‍ വന്നു. അവർക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും, ഷീലയ്ക്ക് പ്രാധാന്യം കുറഞ്ഞു പോയെന്ന ഒരു പരാതി അവർ ഉന്നയിച്ചു. ഷീലയ്ക്കു വേണ്ടി അഞ്ചാറ് സീൻ കൂടി എഴുതിയുണ്ടാക്കി ഉടനെ ഷൂട്ട് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.
കഥാപരമായി ഇനി ഒന്നും ചെയ്യാനാവില്ലെന്ന് ഞാനും ജേസിയും പറഞ്ഞെങ്കിലും അവർക്കത് സ്വീകാര്യമായിരുന്നില്ല. വിജയാ മൂവീസുകാർ പറഞ്ഞതു പോലെ ചെയ്തില്ലെങ്കിൽ അവർക്ക് പടം വേണ്ടെന്നുള്ള ഭീഷണിയും മുഴക്കി. ജോയിയും ചാക്കോയും വല്ലാതെ ഭയന്നു. അല്ലെങ്കിൽ ഞങ്ങൾ അവരോടു വാങ്ങിയ പണം തിരിച്ചു കൊടുക്കാനാണ് പറയുന്നത്. നിർമാതാക്കളുടെ വല്ലാത്ത അവസ്ഥ കണ്ടപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞു വന്നത് ചിത്രകൗമുദിയുടെ പത്രാധിപരും ഏയ്ഞ്ചൽ ഫിലിംസിന്റെ ഉടമയുമായ എം. ഡി. ജോർജ് ചേട്ടന്റെ മുഖമാണ്. ഞങ്ങൾ തമ്മിൽ ആദ്യകാലം മുതലേ നല്ല ഹൃദ്യമായ ബന്ധമാണ്. ഞാൻ അദ്ദേഹത്തെ പോയി കണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി.
"സിനിമ നന്നായിട്ട് വന്നിട്ടുണ്ട് ജോർജ് ചേട്ടാ. നിങ്ങൾക്കിത് വിതരണത്തിനെടുത്തുകൂടെ? പടം വലിയ ഹിറ്റായിരിക്കും."
എന്റെ വാക്കിന്റെ വിശ്വാസത്തിലോ വലിയ താരമൂല്യത്തിന്റെ ബലത്തിലോ ആണെന്നു തോന്നുന്നു പടം വിതരണത്തിനെടുക്കാമെന്ന് ജോർജ് ചേട്ടൻ സമ്മതിച്ചു.
പിറ്റേന്ന് തന്നെ ജോർജ് ചേട്ടനെ വിളിച്ച് ഞങ്ങൾ പടം കാണിച്ചു. അദ്ദേഹത്തിന്റെ കൂടെ മദ്രാസിലുള്ള ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. അവർക്കും സിനിമ നന്നായിട്ട് ഇഷ്ടപ്പെട്ടു.
പിന്നെയെല്ലാ ആസൂത്രണങ്ങളും വളരെ തിടുക്കത്തിലാണ് നടന്നത്. വിജയാ മൂവീസിൽ നിന്നും വാങ്ങിയ തുക തിരിച്ചു കൊടുത്ത് എഗ്രിമെന്റ് കാൻസൽ ചെയ്യാനുള്ള പണവുമായി ഞങ്ങൾ അവരുടെ മുന്നിലെത്തി. ഞങ്ങളുടെ നിസ്സംഗഭാവം കണ്ടപ്പോൾ വിജയാമൂവീസ് പറഞ്ഞ കണ്ടീഷൻസൊക്കെ അംഗീകരിച്ചു കൊണ്ടുള്ള വരവായിരിക്കുമെന്നാണ് അവർ കരുതിയത്. അവര്‍ പറഞ്ഞ അതേ പല്ലവിയുടെ ആവർത്തനം ഇവിടെയും തുടർന്നപ്പോൾ ജോയ് കുര്യാക്കോസ് അതിനാടകീയതയോടെ പതുക്കെ ബാഗ് തുറന്ന് അവരോടു വാങ്ങിയ പണമെടുത്ത് മേശപ്പുറത്ത് വച്ചു. ഞങ്ങളിൽ നിന്ന് ഇങ്ങനെ ഒരു തീരുമാനമുണ്ടാകുമെന്ന് അവർ ഒരിക്കലും പ്രതിക്ഷിച്ചതല്ല.
തെല്ല് നിശബ്ദതയ്ക്കു ശേഷം മനസ്സില്ലാ മനസ്സോടെ അവർ പണം വാങ്ങി വച്ചിട്ട് ഞങ്ങളുടെ എഗ്രിമെന്റ് തിരിച്ചു തന്നു. അന്ന് വൈകുന്നേരം തന്നെ വിജയാ മൂവീസിൽ നിന്നും അകലങ്ങളിൽ അഭയത്തിന്റെ പോസ്റ്ററുകളും മറ്റു പബ്ലിസിറ്റി സാധനങ്ങളുമെല്ലാം ഏയ്ഞ്ചൽ ഫിലിംസിന്റെ ഓഫിസിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
അങ്ങനെ നിശ്ചയിച്ചിരുന്ന റിലീസ് ഡേറ്റിൽ തന്നെ അകലങ്ങളിൽ അഭയം റിലീസ് ചെയ്യുകയും പടം വലിയ വിജയമായി മാറുകയും ചെയ്തു.
ഷീലയുടെയും ശാരദയുടെയും മത്സരിച്ചുള്ള അഭിനയും കാണാൻ തിയറ്ററുകളിൽ പ്രേക്ഷകരുടെ വലിയ തിരക്കായിരുന്നു.
പിന്നീട് ശാരദയേയും ഷീലയെയും എന്റെ ഒരു സിനിമയിലും അഭിനയിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ശാരദയുടെ ആരാധകൻ ആയിട്ട് കൂടി.
(തുടരും)
അടുത്തത് : സിൽക്ക് സ്മിതയുടെ പ്രണയം