ആ കണ്ണുകളിൽ ഇനിയും വിസ്മയങ്ങൾ ഒളിഞ്ഞ് ഇരിക്കുന്നുണ്ട്: ആസിഫ് അലിയെ പ്രശംസിച്ച് സുരഭി ലക്ഷ്മി
Mail This Article
നടന്‍ ആസിഫ് അലിയെക്കുറിച്ച് സുരഭി ലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് സിനിമാ പ്രേമികൾ ഏറ്റെടുക്കുന്നത്. മലയാളത്തിലെ യുവ നടന്മാരിൽ ഏറെ പ്രതീക്ഷ നൽകുന്ന നടനാണ് ആസിഫ് അലിയെന്ന് സുരഭി പറയുന്നു. ആ കണ്ണുകളിൽ ഇനിയും വിസ്മയങ്ങൾ ഒളിഞ്ഞ് ഇരിക്കുന്നുണ്ടെന്നും ആസിഫിന്റെ ഇനിയുള്ള കഥാപാത്രങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും സുരഭി പറഞ്ഞു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷത്തിലെത്തിയ ‘അഡിയോസ് അമിഗോസ്’ എന്ന ചിത്രം കണ്ട ശേഷമായിരുന്നു നടനെ പ്രശംസിച്ച് സുരഭി എത്തിയത്.
‘‘മലയാളത്തിലെ യുവ നടന്മാരിൽ ഏറെ പ്രതീക്ഷ നൽകുന്ന നടനാണ് ആസിഫ്. അയാളുടെ കണ്ണുകളിൽ നമുക്ക് അത് ആഴത്തിൽ ഇറങ്ങി കാണാൻ പറ്റും. ആ കണ്ണുകളിൽ ഇനിയും വിസ്മയങ്ങൾ ഒളിഞ്ഞ് ഇരിക്കുന്നുണ്ട്... ഒരു ആരാധിക എന്ന നിലയിൽ ഞാൻ അത് കാണാൻ അയാളുടെ ഇനിയുള്ള കഥാപാത്രങ്ങൾക്കായി വെയ്റ്റിങ് ആണ്. കെട്ടിയോളാണ് മാലാഖ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ അയാൾ സെറ്റ് ചെയ്ത ബെഞ്ച് മാർക്ക് അയാൾ അഡിയോസ് അമിഗോസിൽ ബ്രേക്ക് ചെയ്തിരിക്കാണ്.
ഒരു തുള്ളി മദ്യം കഴിക്കാതെ എനിക്ക് എന്തൊരു കിക്കാ മനുഷ്യാ നിങ്ങൾ തന്നത്. സിനിമ തുടങ്ങിയത് മുതൽ മദ്യ ലഹരിയിൽ അർമാധിക്കുന്ന കഥാപാത്രം ഒരു രീതിയിലും പ്രേക്ഷകനെ അരോചകപ്പെടുത്തുന്നില്ല.... പൊതുവെ പലരും ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോൾ മോഹൻലാൽ സ്റ്റൈലിലേക്ക് ചെരിഞ്ഞ് പോകുമ്പോൾ ആസി നിങ്ങൾ നിങ്ങളായി മാത്രം എത്ര മനോഹരം ആയിട്ടാ ആടി തിമിർത്തത്.
സുരാജ് ഏട്ടൻ അദ്ദേഹത്തിന്റെ ശൈലിയിലൂടെ അടിച്ചു തകർക്കുമ്പോൾ ഒരു പിടി അധികമായി നിങ്ങൾ ഹൃദയത്തിലേക്ക് പെട്ടന്ന് കയറി വന്നു.. തിയറ്ററിൽ നിന്ന് ഇറങ്ങിയിട്ടും ഇറങ്ങി പോകാതെ ഇരിക്കാൻ എന്തൊരു മന്ത്രികത ആണ് നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നത്.....ബോസെ ഒരു സമയത്ത് പോലും നിങ്ങൾ കഥാപാത്രത്തിൽ നിന്ന് വിട്ടു പോയില്ലല്ലോ.
ആ ബോസേ വിളിയിൽ പോലും നിങ്ങൾ എന്തൊരു ക്യാരക്ടർ മനുഷ്യാ. ആ പ്രേമിച്ച പെൺകുട്ടിയോട് പോലും നീതി കേട് കാണിച്ചില്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ എത്ര നിഷ്കളങ്കവും അനായാസവും ആയി നിങ്ങൾ അഴിഞ്ഞാടിയപ്പോൾ ഞങ്ങൾക്ക് ഹൃദയത്തിൽ എടുത്ത് വയ്ക്കാൻ ഒരു 2.45 മണിക്കൂർ കിട്ടി...... അഡിയോസ് അമിഗോസ്..’’–സുരഭിയുടെ വാക്കുകൾ.