നിത്യാ മേനോന് പുരസ്‌കാരം കയ്ക്കുമോ?
Mail This Article
അപര്‍ണാ ബാലമുരളിക്കും സുരഭി ലക്ഷ്മിക്കും പിന്നാലെ മറ്റൊരു യുവനടി കൂടി മലയാളത്തിലേക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കൊണ്ടു വന്നിരിക്കുകയാണ് നിത്യാ മേനോനിലൂടെ. അപര്‍ണയ്‌ക്കെന്ന പോലെ നിത്യയ്ക്കും തമിഴ് സിനിമയിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. എന്നാല്‍ തനി വാണിജ്യ സിനിമയായ ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിന് നിത്യ പരിഗണിക്കപ്പെട്ടതിന്റെ പേരില്‍ ചില എതിര്‍ശബ്ദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവ വികാസങ്ങള്‍ പുരസ്‌കാരങ്ങളുടെ ചരിത്രത്തില്‍ പുതിയ കാര്യമല്ല. സിനിമയുടെ ജോണര്‍ എന്ത് തന്നെയായാലും അതിലെ പ്രകടനത്തിന്റെ മികവാണ് ജൂറിയുടെ മുന്നിലുളള പരിഗണനാ വിഷയം. ആ തലത്തില്‍ വിലയിരുത്തുമ്പോള്‍ നിത്യാ മേനന് ഏതെങ്കിലും തരത്തില്‍ അയോഗ്യത കല്‍പ്പിക്കേണ്ടതില്ല.
തെലുങ്ക് സിനിമയില്‍ ഒരു അഭിനേത്രിക്ക് ലഭിക്കാവുന്ന പരമോന്നത പുരസ്‌കാരമായ നന്ദി അവാര്‍ഡ് 2 തവണയും 4 തവണ ഫിലിം ഫെയര്‍ അവാര്‍ഡും നിരവധി തവണ ക്രിട്ടിക്‌സ് അവാര്‍ഡും ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ നിത്യ ഇതാദ്യമായി ദേശീയ അംഗീകാരത്തിന്റെ നിറവേറുന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനകരമാണ്. അതിലുപരി അവര്‍ ഏത് അംഗീകാരങ്ങള്‍ക്കും പരിഗണിക്കപ്പെടാന്‍ പാകത്തില്‍ മികച്ച റേഞ്ചുളള അഭിനേത്രി തന്നെയാണ്. വിവിധ ഭാഷകളിലെ നിരന്തര സാന്നിധ്യത്തിലുടെ അവര്‍ അത് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുമുണ്ട്. വാണിജ്യ സിനിമകള്‍ക്കൊപ്പം ഓഫ്ബീറ്റ് സിനിമകളിലും നിത്യയുടെ അഭിനയമികവ് നമ്മള്‍ കണ്ടറിഞ്ഞിട്ടുണ്ട്.
ഉര്‍വശിക്കും മഞ്ജു വാരിയര്‍ക്കും ലഭിക്കാത്ത അവാര്‍ഡ്
ഇപ്പോള്‍ നിത്യയ്ക്ക് പുരസ്‌കാരം ലഭിക്കാനിടയായ തിരുച്ചിത്രമ്പലം ഒരു പക്കാ തമിഴ് വാണിജ്യ സിനിമയാണ് എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മുഖ്യ ആരോപണം. അസാധാരണമായി എന്തെങ്കിലും അവര്‍ അതില്‍ ചെയ്തിട്ടില്ലെന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. ഒരുപക്ഷേ ജൂറിക്ക് മുന്നില്‍ വന്ന മറ്റ് സിനിമകളിലെ പ്രകടനവുമായുളള മൂല്യനിര്‍ണയത്തില്‍ താരതമ്യേന മെച്ചപ്പെട്ടത് നിത്യയാണെന്നും വരാം. അവാര്‍ഡുകള്‍ ഒരു പ്രത്യേക വര്‍ഷം ജൂറിക്ക് മുന്നിലെത്തുന്ന സിനിമകളിലെ പ്രകടനത്തിന് ലഭിക്കുന്ന സമയബന്ധിതമായ അംഗീകാരം മാത്രമാണ്. അതുകൊണ്ട് അവാര്‍ഡ് ലഭിച്ചയാള്‍ എക്കാലത്തെയും മികച്ച അഭിനേത്രിയാവണമെന്നില്ല.
ഉര്‍വശിക്കും മഞ്ജു വാരിയര്‍ക്കും കെപിഎസി ലളിതയ്ക്കും ലഭിക്കാത്ത മികച്ച നടിക്കുളള പുരസ്‌കാരം മറ്റ് ചിലര്‍ക്ക് ലഭിച്ച ചരിത്രവുമുണ്ട്. സലീമയുടെയും ഗീതയുടെയും അത്യുജ്ജ്വല പ്രകടനത്തെ മറികടന്ന് മോനിഷയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഇവിടെ മോനിഷയുടെ പ്രതിഭയെ കുറച്ചു കാണുകയല്ല. മറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചവര്‍ ആ വര്‍ഷത്തെ ജൂറിയുടെ കണ്ണില്‍ അയോഗ്യരായി എന്ന് സൂചിപ്പിക്കുക മാത്രം.
പെരുന്തച്ചനിലെ സമാനതകളില്ലാത്ത പ്രകടനത്തിന് അവസാന റൗണ്ട് വരെ പരിഗണിക്കപ്പെട്ട തിലകനെ മറികടന്ന് അമിതാഭ് ബച്ചന് അവാര്‍ഡ് നല്‍കിയ നാടാണിത്. നെടുമുടി വേണുവിനും തിലകനും ലഭിക്കാത്ത ദേശീയ പുരസ്‌കാരം ചില ശരാശരി നടന്‍മാര്‍ കൊണ്ടുപോയ ചരിത്രവുമുണ്ട്. എന്നാല്‍ നിത്യയെ ഈ തലത്തില്‍ ലഘൂകരിക്കാനാവില്ല. അവര്‍ മികച്ച ഭാവാഭിനയത്തിന് ഉടമയാണെന്ന് പലകുറി ആവര്‍ത്തിച്ച് തെളിയിച്ചിട്ടുളള നടിയാണ്.
ബെംഗളൂരുവിൽ ജനിച്ചു വളര്‍ന്ന മലയാളി
ജന്മം കൊണ്ട് മലയാളിയായ നിത്യ ജനിച്ചതും വളര്‍ന്നതും ബെംഗ്ലളൂരുവിലാണ്. പാലക്കാട് സ്വദേശികളായ ഐയ്യര്‍- മേനന്‍ ദമ്പതികളുടെ മകളായി പിറന്ന നിത്യയ്ക്ക് കേരളവുമായുളള ബന്ധം പരിമിതിമാണ്. ബെംഗളൂരു മൗണ്ട് കാര്‍മ്മല്‍ കോളജില്‍ നിന്നും പഠനം പുര്‍ത്തിയാക്കിയ ശേഷം ഒരു പൈലറ്റാകണമെന്ന തന്റെ ചിരകാലമോഹം സാക്ഷാത്കരിക്കാനായി ശ്രമിച്ചെങ്കിലും യാഥാര്‍ത്ഥ്യമായില്ല. പിന്നീട് തന്റെ സെക്കന്‍ഡ് ചോയ്‌സായ സിനിമാ മേഖലയിലേക്ക് തിരിഞ്ഞു. കലാപരമായ വാസനയ്ക്ക് പുറമെ മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകള്‍ അനര്‍ഗളമായി സംസാരിക്കാന്‍ കെല്‍പ്പുളള നിത്യയ്ക്ക് സിനിമയില്‍ ശോഭിക്കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ക്കും തോന്നി.
യാദൃച്ഛികമായി കണ്ടുമുട്ടിയ തെലുങ്ക് സംവിധായിക ബി.വി.നന്ദിനി റെഡ്ഡിയാണ് നിത്യയെ അഭിനയരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബാലതാരമായി പ്രത്യക്ഷപ്പെടാനും അവസരം ഒരുങ്ങി. എട്ടാമത്തെ വയസ്സിൽ ഹനുമാന്‍ എന്ന ചിത്രത്തില്‍ നടി തബുവിന്റെ ഇളയ അനുജത്തിയായി അഭിനയജീവിതത്തിന് തുടക്കമിട്ടു.
2006 ല്‍ 7 ഒ ക്ലോക്ക് എന്ന കന്നട സിനിമയിലുടെയാണ് വീണ്ടും അഭിനയിച്ചു തുടങ്ങിയത്. അന്നും 15 വയസ്സ് മാത്രമേ പ്രായമുളളു. എന്നാല്‍ ഇതൊന്നും നിത്യയ്ക്ക് വഴിത്തിരിവായില്ല. 2008ല്‍ മോഹന്‍ലാല്‍ ചിത്രമായ ആകാശഗോപുരത്തില്‍ നായികയായി. സിനിമ തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ വാഴ്ത്തപ്പെട്ടു. ജോഷ് എന്ന കന്നട സിനിമ വിജയം കണ്ടതോടെ നിത്യ വാണിജ്യ സിനിമയുടെ അവിഭാജ്യ ഘടകങ്ങളിലൊന്നായി.
അഡ മൊദലന്തി എന്ന തെലുങ്ക്ഹിറ്റാണ് നിത്യയുടെ സ്റ്റാര്‍ഡം അതിന്റെ പീക്കിലെത്തിച്ചത്. ഈ ചിത്രത്തില്‍ നിത്യ രണ്ട് ഗാനങ്ങള്‍ കൂടി പാടിയതോടെ ഗായിക എന്ന നിലയിലും അറിയപ്പെട്ടു. ഈ ദശകത്തിന്റെ കണ്ടുപിടുത്തം എന്നാണ് നന്ദിനി റെഡി നിത്യയെ അന്ന് വിശേഷിപ്പിച്ചത്. പിന്നാലെ സന്തോഷ് ശിവന്റെ ഉറുമി എന്ന പീരിയഡ് സിനിമയിലും നിത്യ കസറി. പിന്നീടങ്ങോട്ട് നിത്യയുടെ കാലമായിരുന്നു. തമിഴ്, തെലുങ്ക്. കന്നട..ഭാഷകളിലായി ഇടതടവില്ലാതെ അവര്‍ മാറി മാറി അഭിനയിച്ചു.
ഒരേ സമയം നാലു ഭാഷകളില്‍
ദുല്‍ഖറിനൊപ്പം ജോടിയായി വന്ന ഉസ്താദ് ഹോട്ടല്‍ വന്‍വിജയമായി. ഒരേ സമയം നാലു ഭാഷാ സിനിമകളില്‍ ഹിറ്റ് നായികയായി തിളങ്ങുക എന്ന അപൂര്‍വസൗഭാഗ്യം നിത്യയ്ക്ക് സ്വന്തമായി. 22 ഫീമെയില്‍ കോട്ടയം, നടി ശ്രീപ്രിയയുടെ സംവിധാനത്തില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തില്‍ നടി റിമാ കല്ലിങ്കല്‍ ചെയ്ത റോള്‍ അവതരിപ്പിച്ചത് നിത്യയായിരുന്നു. അഞ്ജലീ മേനോന്റെ ബാംഗ്ലൂർ ഡേയ്‌സ് എന്ന മലയാളം ബ്ലോക്ക് ബസ്റ്ററിലും നിത്യ മിന്നിത്തിളങ്ങി.
കാതല്‍ കണ്‍മണി എന്ന തമിഴ് ചിത്രത്തിലുടെ വീണ്ടും അവര്‍ ദുല്‍ഖറിനൊപ്പം ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ചു. റൊമാന്റിക് ഹീറോയിന്‍ പരിവേഷം വിട്ട് രുദ്രമാദേവി പോലുളള അദര്‍ ജോണര്‍ സിനിമകളിലും നിത്യ വിജയത്തിന്റെ സഹയാത്രികയായി.
ഇരുമുഖന്‍, ഗീതാഗോവിന്ദം, വിജയ് ചിത്രമായ മേഴ്‌സല്‍ എന്നിങ്ങനെയുളള മെഗാ പ്രൊജക്ടുകളുടെ ഭാഗമായ നിത്യ ഇതിനിടയില്‍ അക്ഷയ്കുമാറിനൊപ്പം മിഷന്‍ മംഗല്‍ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഭാഷാതീതമായ സ്വീകാര്യത നേടാനായി എന്നതാണ് നിത്യയ്ക്ക് ലഭിച്ച അംഗീകാരം. അവരുടെ രൂപഭാവങ്ങളും അഭിനയ രീതിയും എല്ലാ ഭാഷയ്ക്കും ഇണങ്ങുന്നതായിരുന്നു.
ഇതിനിടയില്‍ നിരവധി ടെലിവിഷന്‍ ഷോകളില്‍ ജഡ്ജായി പ്രത്യക്ഷപ്പെട്ട നിത്യ വെബ് സീരിസുകളില്‍ അഭിനയിക്കാനും സമയം കണ്ടെത്തി. ഏറ്റവുമൊടുവില്‍ ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ വന്ന മാസ്റ്റര്‍പീസ് എന്ന മലയാളം സീരിസിലും തിളങ്ങി. ധനുഷിന്റെ നായികയായി വന്ന തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രം,100 കോടി ക്ലബ്ബ് കടന്ന മറ്റൊരു മെഗാഹിറ്റ് എന്നതില്‍ കവിഞ്ഞ് നിത്യയുടെ കരിയറിലെ അവിസ്മരണീയ സിനിമകളില്‍ ഒന്നായി മാറുമെന്ന് ഒരുപക്ഷേ അവര്‍ പോലും കരുതിയിട്ടുണ്ടാവില്ല.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പൊതുവെ ഓഫ്ബീറ്റ് സിനിമകളുടെ കുത്തകയായ മികച്ച നടിക്കുളള പുരസ്‌കാരം നിത്യ സ്വന്തമാക്കുമ്പോള്‍ രക്ഷിതാക്കളുടെ നാടായ കേരളവും ജന്മനാടായ കര്‍ണ്ണാടകയും നിത്യയുടെ കരിയര്‍ ബസ്റ്റ് സിനിമകള്‍ സമ്മാനിച്ച തെലുങ്ക് ദേശവും ഇപ്പോള്‍ നിത്യയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത തമിഴ്‌നാടും ഒരു പോലെ അഭിമാനിതരാവുകയാണ്.