അംഗങ്ങൾക്കും വയനാടിനും കൈത്താങ്ങേകാൻ ‘അമ്മയ്ക്ക്’ ആദ്യ ഒാണാഘോഷം
Mail This Article
വയനാട്ടിലെ ദുരന്തബാധിതർക്കും സ്വന്തം അംഗങ്ങൾക്കും കൈത്താങ്ങേകാൻ മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ആദ്യമായി ഒാണാഘോഷം നടത്തുന്നു. ‘ആർപ്പോ ഇർറോ’ എന്നു പേരിട്ട ഈ വിപുലമായ ആഘോഷം എക്സ്ക്ലൂസീവായി പ്രേക്ഷകരിലെക്കെത്തിക്കുന്നത് മനോരമ ഒാൺലൈനും ജോസ് ആലുക്കാസും ചേർന്നാണ്. സെപ്റ്റംബർ 16 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ‘അമ്മ’ അംഗങ്ങളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുക.
സെപ്റ്റംബർ 16 ന് രാവിലെ ഒൻപതിനു തുടങ്ങുന്ന പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളടക്കം പങ്കെടുക്കും. 101 പേരുടെ തിരുവാതിര, പൂക്കളമത്സരം, അന്താക്ഷരി, വടംവലി, ഫുട്ബോൾ, മറ്റ് ഒാണക്കളികൾ തുടങ്ങിയവയയ്ക്കൊപ്പം പാട്ടും നൃത്തവും അടക്കമുള്ള ആഘോഷപരിപാടികളും വിഭവസമൃദ്ധമായ ഒാണസദ്യയും എല്ലാവർക്കും ഒാണക്കോടിയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഒൻപതു വരെ നീളുന്ന വിപുലമായ ആഘോഷത്തിൽ ചില സർപ്രൈസുകളും ഉണ്ടാകാനാണ് സാധ്യത. പരിപാടിയുടെ സംപ്രേക്ഷണാവകാശം സംബന്ധിച്ച കരാർ ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ജോയിന്റ് സെക്രട്ടറി ബാബുരാജിന്റെ സാന്നിധ്യത്തിൽ മനോരമ ഒാൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിനു കൈമാറി.
60 വയസ്സു കഴിഞ്ഞ എല്ലാ അംഗങ്ങൾക്കും മരുന്ന് സൗജന്യമാക്കാനുള്ള പുതിയ പദ്ധതിക്ക് പണം കണ്ടെത്താനും വയനാട്ടിലെ ദുരിതബാധിതർക്കു സഹായം നൽകാനും വേണ്ടിയാണ് ‘അമ്മ’യുടെ ഇൗ ഉദ്യമം. പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർഥിച്ച് എല്ലാ ‘അമ്മ’ അംഗങ്ങൾക്കും ഭാരവാഹികൾ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. എല്ലാ തലമുറയിൽ പെട്ട അംഗങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നും ഇത്തവണത്തെ ഒാണാഘോഷം എല്ലാവർക്കും എന്നും ഒാർമിക്കാനുള്ളതാക്കി മാറ്റുമെന്നും ‘അമ്മ’ ഭാരവാഹികൾ പറഞ്ഞു.