ഞാൻ പേരുകേട്ട പിണക്കക്കാരൻ, പഴം കിട്ടാത്തതിന് പിണങ്ങി പോയിട്ടുണ്ട്: സുരേഷ് ഗോപി
Mail This Article
‘പൈതൃകം’ സിനിമയിലെ അനുഭവകഥകൾ പറഞ്ഞ് വേദിയെ കുടുകുടാ ചിരിപ്പിച്ച് സുരേഷ് ഗോപി. താന്‍ പേരുകേട്ട പിണക്കക്കാരനാണെന്നും ഒരു ന്യായവും കൂടാതെ ചുമ്മാ പിണങ്ങുമെന്നും സുരേഷ് ഗോപി തമാശ രൂപേണ പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘‘ഞാൻ പേരുകേട്ട, വെറുക്കപ്പേടേണ്ട ഒരു പിണക്കക്കാരനാണ്. ഒരു ന്യായവും ഇല്ലാതെ പിണങ്ങും. ഉണ്ണാതെ എത്രയോ വട്ടം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച് ഉച്ചക്ക് ആ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്. കാരണം ഊണിന്റെ കൂടെ എനിക്ക് പഴം തന്നില്ല. ഞാനല്ല കേട്ടോ, ഉടനെ നിങ്ങൾ ചിരിച്ച് അതെന്റെ നെഞ്ചിലേക്ക് ചാർത്താതെ.
ജയറാം ആണ് വന്ന് പറഞ്ഞത്. വേണമെങ്കിൽ പരസ്യവിചാരണയ്ക്ക് തയാറാണ്. മണിയൻപിള്ള രാജുവും കൂട്ടുപിടിച്ചു. പ്രൊഡക്‌ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ അവൻ പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ടു വരാൻ. അത് കേട്ടയുടൻ എനിക്ക് ദേഷ്യം വന്നു. അപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറിൽ നിന്നും കൈ എടുത്ത് ഞാൻ എണീറ്റു. എങ്കിൽ എനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. ഞാൻ മാത്രമല്ല, എല്ലാവരും എന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. ഇനി ഈ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കില്ല. കാരണം വൈകുന്നേരം വരെ എനിക്ക് പഴം വന്നില്ല. അത് ലാഭമായില്ലേ എന്ന് വിചാരിച്ച പ്രൊഡ്യൂസറുണ്ട്.’’–സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സിനിമയില്ലെങ്കില്‍ താന്‍ ചത്തുപോകുമെന്നും അഭിനയിക്കാന്‍ കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കവേയാണ് താരത്തിന്‍റെ പ്രതികരണം. ഒപ്പം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച്, സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളതെന്നും എല്ലാ മേഖലയിലുമുണ്ടെന്നും. ഇക്കാര്യം 25 വര്‍ഷം മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ രാഷ്ട്രീയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘‘ഞാൻ പത്തോ ഇരുപതോ കോടി വാങ്ങും, മമ്മൂക്ക ചിലപ്പോ അമ്പതു കോടി വാങ്ങും ലാൽ ചിലപ്പോ നൂറോ ഇരുന്നൂറോ കോടി വാങ്ങും, അവർക്കത്രയും ടേൺ ഓവറിനു ശക്തി പകരാൻ സാധിക്കുന്നുണ്ടാകും. പക്ഷേ സിനിമ ആരുടേതാണ് ? സിനിമ പണം ഇറക്കുന്ന പ്രൊഡ്യൂസറുടെ പോലും അല്ല. ഓരോ സിനിമയും ഉണ്ടാകണേ എന്ന് പ്രാർഥിച്ചു അത്താഴക്കഞ്ഞി കഴിച്ചു കിടക്കുന്നവരുണ്ട്. ഫെഫ്കയിൽ എത്ര തൊഴിലാളികൾ ഉണ്ട്. രണ്ടായിരത്തിനു മേലെ ഉണ്ട്. ‘അമ്മ’യിൽ റജിസ്‌റ്റർ ചെയ്തിട്ടുള്ള താരങ്ങൾ മുന്നൂറിൽ അധികം മാത്രമാണ്. ആ രണ്ടായിരം പേരുടെ ജീവിതമാണ് സിനിമ അതിനെ ഇല്ലായ്മ ചെയ്താൽ തൊഴിലവസരം എന്ന് പറഞ്ഞു മുറവിളികൂട്ടുന്നുണ്ടെങ്കിൽ അതൊരു വലിയ ആഞ്ഞടിയായി വന്നു സമൂഹത്തിനും ഭരണത്തിനും മുകളിൽ വന്നു പതിക്കും.
എല്ലാ സമ്പ്രദായങ്ങളെയും ശുദ്ധിയോടെ നിലനിർത്താനുള്ള സംഭാവനകൾ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. അതിനകത്ത് സ്വാർഥ താൽപര്യങ്ങൾ പാടില്ല. നമുക്ക് ഇനിയും ജനങ്ങളുമായിട്ടുള്ള ബന്ധം അവശേഷിപ്പിക്കുന്ന തരത്തിൽ ഒന്നും നമ്മളെയും ജനങ്ങളെയും ബാധിക്കാൻ പാടില്ല. ഉരുക്കിന്റെ ബലമുള്ള ബന്ധമാകണം പ്രേക്ഷകരും സിനിമാപ്രവർത്തകരും തമ്മിൽ. പഞ്ചവടിപ്പാലം എന്നത് നാഴികക്കല്ലായ സിനിമയാണ് അത് നിർമിക്കാൻ ഹൃദയം കൊണ്ട് പണം കൊടുത്ത നിർമാതാവ് മൂല്യമുള്ള നിർമാതാവാണ്. ജെ.സി. ഡാനിയൽ എന്ന മഹാനുഭാവന് മുൻപും ഒരുപക്ഷേ മലയാള സിനിമ എന്നൊരു സങ്കൽപം ചുമന്ന സ്വപ്‌നാടകന്മാർ അടക്കം ഞാൻ ഓർമപ്പൂക്കൾ അർപ്പിച്ചുകൊണ്ട് അവരുടെയെല്ലാം പാദ നമസ്കാരം ചെയ്തുകൊണ്ട് ഈ സ്വീകരണം എന്റെ കുടുംബം എനിക്ക് തരുന്ന ഒരു ആലിംഗനമായി ഞാൻ കരുതുന്നു.
ഏതാണ്ട് 22 സിനിമകളുടെ സ്ക്രിപ്റ്റ് ചെയ്യണമെന്ന് ആർത്തിയോടെ സമ്മതിച്ചിട്ടുണ്ട്. ഇനി എത്ര പടം ചെയ്യാനുണ്ടെന്ന് അമിത്ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യണം എന്ന് പറഞ്ഞപ്പോൾ അമിത്ഷാ ആ പേപ്പർ കെട്ട് എടുത്ത് സൈഡിലോട്ട് മാറ്റിവച്ചു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങു പോരും. എന്റെ ജോലി ചെയ്യാനായിട്ട് മന്ത്രിസഭയിൽ നിന്നുള്ള മൂന്നോ നാലോ പേര് വരും. അവർക്കു വേണ്ടത് ഞാനോ നിർമാതാവോ നൽകണം. അവർക്ക് ഭക്ഷണം കൊടുക്കണം, അവർക്ക് ഉറങ്ങാൻ മുറി കൊടുക്കണം. അല്ലെങ്കിൽ നിങ്ങൾ ഡൽഹിയിൽ ഷൂട്ടിങ് വെക്കേണ്ടി വരും. ഞാൻ ഈ പണികളെല്ലാം ചെയ്തുകൊണ്ട് സിനിമകൾ ചെയ്യാൻ തയ്ാറാകുന്നില്ലേ. എനിക്കത് എന്തുവലിയ ജോലിയാണ്. ഇതൊക്കെ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുമെങ്കിൽ ഞാൻ രക്ഷപെട്ടു എന്നേ പറയാനുള്ളൂ.
എനിക്ക് തൃശൂർക്കാരെ കൂടുതൽ പരിഗണിക്കാൻ പറ്റും. തൃശൂർകാർക്കാണ് എന്നെ ഇതുവരെ പൂർണമായി കിട്ടാത്തത്. തമിഴ്നാട്ടുകാരാണ് ആന്ധ്രക്കാരന്, ത്രിപുരക്കാരന് പോലും എന്നെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ വലിയ ഒരു വിഷമമായി മനസ്സിലുണ്ട്. ഞാൻ ഒന്നും മോഹിച്ചതല്ല പക്ഷെ ഒറ്റ ചോദ്യത്തിന് മുന്നിൽ ഞാൻ മുട്ടുകുത്തി. എന്നെ ജയിപ്പിച്ച് അയച്ച ജനങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ ധാരണകളുണ്ട്. അത് അവർ ഉടച്ചുകൊണ്ട് നിങ്ങളെ ജയിപ്പിച്ചെങ്കിൽ അത്തരമൊരു ജനതക്ക് തിരിച്ചൊരു രാഷ്രീയ നന്ദികുറിപ്പ് എഴുതാറുണ്ട്. ഒരു സമ്മാനം കൊടുക്കാനുണ്ട് അതാണ് ഈ കസേര അല്ലാതെ നിങ്ങൾക്ക് തന്നതല്ല എന്ന് പറഞ്ഞിടത്ത് എനിക്ക് വഴങ്ങേണ്ടി വന്നു അതാണ് ഈ മന്ത്രിസ്ഥാനം. ഞാൻ എപ്പോഴും എന്നും എന്റെ നേതാക്കളെ അനുസരിക്കും. പക്ഷേ സിനിമ എന്റെ പാഷനാണ് അതില്ലെങ്കിൽ ഞാൻ ചത്തുപോകും.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.