‘കസ്തൂരിമാനി’ലെ ആ പച്ച രക്തത്തിന്റെ മണം ഇന്നും മറന്നിട്ടില്ല: മീര ജാസ്മിൻ അഭിമുഖം
Mail This Article
തിരുവല്ലാക്കാരിയായ ജാസ്മിൻ മേരി ജോസഫ് സിനിമാമോഹങ്ങളൊന്നുമില്ലാതെ യാദൃച്ഛികമായി സിനിമയിലെത്തി മീര ജാസ്മിൻ ആയ കഥ നമുക്കെല്ലാം അറിയാം. ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങി മുൻനിര സംവിധായകരുടെയെല്ലാം സിനിമയിലൂടെ കുസൃതിയും വികൃതിയും സങ്കടങ്ങളുമെല്ലാം അഭിനയിച്ച് ഫലിപ്പിച്ച മീര മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടി തന്നെയാണ്. ‘പാലും പഴവും’ എന്ന വി.കെ. പ്രകാശ് ചിത്രമാണ് മീരയുടെ ഏറ്റവും പുതിയ വിശേഷം. ‘മുല്ലവള്ളിയും തേന്മാവും’ എന്ന സിനിമയ്ക്കു വേണ്ടി ആദ്യം വികെപി സമീപിച്ചത് മീര ജാസ്മിനെയാണ്. എന്നാൽ അന്ന് ഡേറ്റ് പ്രശ്നങ്ങൾ കൊണ്ട് അത് സംഭവിച്ചില്ല. രണ്ടാം ഇന്നിങ്ങ്സിൽ വികെപിയുടെ സിനിമയിൽ നായികയായി അഭിനയിക്കുന്നത് ഒരു നിമിത്തമായാണ് മീര കാണുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങളും പഴയ സിനിമകളുടെ ഓർമകളും മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് മീര ജാസ്മിൻ:–
വിധിയിൽ വിശ്വസിക്കുന്നു
ഞാനിപ്പോഴും വിധിയിൽ വിശ്വസിക്കുന്ന ആളാണ്. നമ്മുടേതായ തീരുമാനങ്ങൾ എടുക്കാൻ പറ്റുന്ന സ്പേസിൽ ആ തീരുമാനങ്ങൾ എടുക്കും പക്ഷേ ആ ഒഴുക്കിൽ പോകുന്ന ആളാണ്. എന്നെ ജീവിതം ഏത് ഒഴുക്കിൽ കൂടി കൊണ്ടു പോകുന്നോ ആ ഒഴുക്കിൽ കൂടി ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നു. ഒന്നും ശാശ്വതമല്ല ജീവിതത്തിൽ, അതുകൊണ്ട് ദൈവം തരുന്ന ഓരോ നിമിഷവും അമൂല്യമാണ്; നല്ലതായാലും ചീത്തയായാലും. കാര്യങ്ങൾ അങ്ങനെ നോക്കിക്കാണുന്ന ആളാണ്. പിന്നെ എല്ലാത്തിനും നന്ദി ഉള്ള ആളാണ്. ഇപ്പോൾ സിനിമയിലെ റോളുകൾ പോലും അങ്ങനെയാണ്. അതൊരു വിധിയല്ലേ. ഒരു സംവിധായകന്‍ വിളിച്ച് ഇങ്ങനെയൊരു പടമുണ്ട് മീരയെ ആലോചിക്കുന്നുണ്ട് എന്നു പറയുന്നത് ഒരു വിധിയല്ലേ... എന്റെ കയ്യിലുള്ളത് എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ നന്നായി ചെയ്യുക എന്നതാണ്. അങ്ങനെ തന്നെ പോകുന്നു...
കസ്തൂരിമാനിലെ ആ സീൻ ഓർക്കുമ്പോൾ ഇപ്പോഴും കുളിരുകോരും
വളരെ ഡീപ് ആയിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇമോഷനൽ സീനുകൾ എനിക്ക് ചെയ്യാൻ പറ്റുന്നതെങ്ങനെയാണെന്നു വച്ചാൽ എനിക്കത് ഫീൽ ചെയ്യാൻ പറ്റും. ഇമോഷനലി ഫീൽ ചെയ്യുന്ന ആളാണ് ഞാൻ. അതേ സമയം ഞാൻ ജോളി ആയിട്ടുള്ള ആളുമാണ്. കസ്തൂരിമാനിലെ സീനുകളൊക്കെ ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ചാക്കോച്ചനുമായുള്ള ഷൂട്ട്, സെന്റ്. മേരീസ് കോളജ് തൃശൂരിലെ ഷൂട്ട്. അതൊന്നും ഇപ്പോഴും മറക്കാൻ പറ്റില്ല. സിനിമയിലെ ക്ലൈമാക്സ് ഭയങ്കര ഡെപ്ത്ത് ഉള്ള ഒരു സീനാണ്; ജയിലിലുള്ള സീൻ. പറയുമ്പോൾ തന്നെ കുളിര് കോരും. വീട്ടിലുള്ള ഇൻസിഡന്റ് രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ ഷമ്മി തിലകനെ കൊല്ലുന്ന സീന്‍. ആ സീൻ ഓർക്കുമ്പോഴേ പച്ച രക്തത്തിന്റെ മണമാണ്. അതിലൊരു ഷോട്ടുമുണ്ട്; ഞാനത് മണക്കുന്നത്. ആകെ എന്തോ പോലെ ആയിപ്പോകും. കൊന്നതിനു ശേഷം ആ കഥാപാത്രത്തിന്റെ സമനില തെറ്റിപ്പോവുകയാണ്. സ്വയം നഷ്ടപ്പെട്ടു പോവുകയാണ്.
അതുപോലെ ചാക്കോച്ചൻ കലക്ടർ ആയ ശേഷം എന്നെ ജയിലിൽ കാണാൻ വരുന്ന സീനുണ്ട്. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചാക്കോച്ചനെ നോക്കുന്ന സീൻ. ഞാൻ നിലത്തിരുന്നാണ് കഴിക്കുന്നത്. അതൊക്കെ വളരെ ടച്ചിങ് ആയ സീനാണ്. ഇതൊക്കെ ഇപ്പോഴും ഓർമയുണ്ട്.