ഈ വേദിയിൽ അവനും കൂടി ഉണ്ടാകേണ്ടതായിരുന്നു: സാപ്പിയെ ഓർത്ത് സിദ്ദിഖ്
Mail This Article
സ്വന്തം പുസ്തക പ്രകാശനച്ചടങ്ങിൽ മകൻ സാപ്പിയെക്കുറിച്ച് ഓർത്ത് വികാരാധീനനായി സിദ്ദിഖ്. ജീവിതത്തിൽ ഏറ്റവും വലിയ ദുഃഖമുണ്ടാക്കിയ ദിവസമായിരുന്നു സാപ്പിയുടെ വിടവാങ്ങലെന്നും അല്ലായിരുന്നുവെങ്കിൽ അവനും ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നുവെന്നും താരം പറഞ്ഞു.
‘‘നിങ്ങൾക്കെല്ലാവർക്കും അറിയാം, ഞങ്ങൾക്കൊക്കെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഈ വേദിയിൽ വരേണ്ടതാണ്. പക്ഷേ അവൻ കുറച്ചു നാളുകൾക്കു മുമ്പ് ഞങ്ങളെയൊക്കെ വിട്ടുപോയി. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ദുഃഖമുണ്ടായ ദിവസം കൂടിയായിരുന്നു അന്ന്. അല്ലായിരുന്നുവെങ്കിൽ അവനും ഞങ്ങൾക്കൊപ്പം ഇന്ന് ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ അതിനുള്ള ഭാഗ്യം എനിക്ക് ഇല്ലാതെപോയി.’’–സിദ്ദിഖിന്റെ വാക്കുകൾ.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും സിദ്ദീഖ് മുന്‍നിരയില്‍ നിര്‍ത്തുന്നത് സാപ്പിയെയായിരുന്നു. എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി. സിദ്ദീഖിന്റെ വീട്ടിൽ ആരെത്തിയാലും ആദ്യം ഓടിയെത്തുന്നതും സാപ്പിയായിരുന്നു.
ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകർത്തിയെഴുതിയത് പുസ്തക രൂപത്തിലാക്കിയിരിക്കുകയാണ് സിദ്ദിഖ്. അഭിനയമറിയാതെ എന്ന പേരിലുള്ള സിദ്ദിഖിന്റെ ആത്മകഥയുടെ പ്രകാശം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ചലച്ചിത്ര മേഖലയിലുള്ള താരത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് പ്രകാശന ചടങ്ങ് നടത്തിയത്.