അമ്മ എന്നും ഇരക്കൊപ്പം; ജയൻ ചേർത്തല
Mail This Article
'അമ്മ' എന്നും ഇരക്കൊപ്പം തന്നെ എന്ന് അമ്മയിൽ നിന്ന് സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉള്ള ചിലർ ആരോപണങ്ങൾ നേരിട്ടപ്പോൾ അത് അമ്മയിലെ മുഴുവൻ അംഗങ്ങൾക്കും വിഷമം ഉണ്ടാക്കി അതുകൊണ്ടാണ് മുഴുവൻ അംഗങ്ങളും മാറി നില്ക്കാൻ തീരുമാനിച്ചതെന്ന് ജയൻ ചേർത്തല പറഞ്ഞു. ഇപ്പോഴത്തെ ഭരണസമിതി തന്നെ താത്കാലികമായി ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്നും ബൈലോപ്രകാരം രണ്ടു മാസം കഴിയുമ്പോൾ പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുമെന്നും ജയൻ ചേർത്തല പറഞ്ഞു.
"ഞങ്ങളൊക്കെത്തന്നെ രണ്ടു മാസം അമ്മയുടെ അഡ്‌ഹോക്ക് കമ്മറ്റി ആയിട്ട് മുന്നോട്ട് പോകും. അതിനു ശേഷം പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് വരും. അതിൽ ചിലപ്പോൾ ഇപ്പോഴത്തെ ഭരണസമിതിയിലെ അംഗങ്ങൾ ഉണ്ടാകാം. അപ്പോഴേക്കും കേസിന്റെ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. ഞങ്ങൾ ഇരക്കൊപ്പം തന്നെയാണ്. ഒരിക്കലും വേട്ടക്കാരനൊപ്പം അല്ല. ഒരാൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ അയാളുടെ തെറ്റ് തെളിഞ്ഞാൽ ഒരിക്കലും അമ്മ അതിനെ അനുകൂലിക്കില്ല. ആരോപണങ്ങൾ ചിലർ നേരിടുമ്പോൾ അതിന്റെ ക്ഷീണം തലപ്പത്തുള്ളവർക്കു മുതൽ അംഗങ്ങളായ അഞ്ഞൂറ്റി ആറുപേർക്കുവരെയാണ്. അത് സംഘടനക്ക് മൊത്തത്തിൽ വിഷമം ഉണ്ടാക്കിയപ്പോൾ ഞങ്ങൾ ആലോചിച്ചെടുത്ത തീരുമാനം ആണ് എല്ലാവരും മാറി നിൽക്കുക എന്നത്. തല്ക്കാലം അഡ്‌ഹോക്ക് കമ്മറ്റി ഭരണം മുന്നോട്ട് കൊണ്ടുപോകട്ടെ അത് കഴിയുമ്പോൾ ബൈലോ പ്രകാരം ഇലക്ഷൻ നടത്തി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാം." ജയൻ ചേർത്തല പറഞ്ഞു.