ചില അംഗങ്ങളാണ് പ്രശ്നക്കാർ, സംഘടനയെ കുറ്റം പറഞ്ഞിട്ടില്ല; ഉഷ ഹസീന
Mail This Article
അമ്മയുടെ പുതിയ കമ്മറ്റിയിൽ സ്ത്രീകൾക്ക് പ്രാധാന്യം വേണമെന്ന് നടി ഉഷ ഹസീന. ''പ്രിത്വിയേയും കുഞ്ചാക്കോ ബോബനേയും ആസിഫിനേയും പോലെയുള്ള ചെറുപ്പക്കാർ കമ്മറ്റിയിലേക്ക് വരട്ടെ. ഇത് മാറ്റത്തിന്റെ തുടക്കം'' എന്ന് ഉഷ ഹസീന പറഞ്ഞു. സ്ത്രീകൾക്കായി സംസാരിക്കുന്ന ആളുകൾ ഭരണ സമിതിയിൽ ഉണ്ടാകണം. അത്തരമൊരാളെ കമ്മറ്റി ഇതുവരെ ഉൾപ്പെടുത്താത്തതിലെ നിരാശ ഇനിയെങ്കിലും മാറുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഉഷ ഹസീന വ്യക്തമാക്കി.
"ഞങ്ങൾ തുടക്കം മുതൽ സംഘടനയെ കുറ്റം പറഞ്ഞിട്ടില്ല. അമ്മ സംഘടനാ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. സംഘടനയിൽ കാലാകാലങ്ങളായി ഭരണ സമിതിയിൽ വരുന്ന ചില അംഗങ്ങളെക്കുറിച്ച് വരുന്ന ആരോപണങ്ങളെക്കുറിച്ചാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ ഉള്ള ആൾക്കാരാണ് കമ്മറ്റിയിൽ വരേണ്ടത്. പ്രത്യേകിച്ചും സ്ത്രീകളെ പ്രതിനിധീകരിച്ച് വരുന്നവർ സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കുകയും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും സ്ത്രീസുരക്ഷയെക്കുറിച്ചു ചർച്ച ചെയ്യുകയും വേണം. അത്തരം ഒരാളെ കമ്മറ്റിയിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തത് വളരെ നിരാശാജനകമായിരുന്നു. എന്തായാലും ഇതൊക്കെ മാറ്റത്തിന്റെ തുടക്കമാണ്. പുതിയ തലമുറയിലെ ആളുകൾ ഭരണ സമിതിയിൽ വരണം. നല്ല ഉത്തരവാദിത്തബോധത്തോടെ സ്ത്രീകൾക്കായി സംസാരിക്കുന്ന അംഗങ്ങളും വരണം." ഉഷ ഹസീന കൂട്ടിച്ചേർത്തു.