'ആമിക്കുട്ടാ, ഈ നേട്ടത്തിൽ അച്ഛന് അഭിമാനം'; മകനെക്കുറിച്ച് വികാരഭരിതനായി മനോജ് കെ.ജയൻ
Mail This Article
മകൻ അമൃതിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മനോജ് കെ.ജയൻ. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രാമർ സ്കൂളിൽ അമൃതിന് പ്രവേശനം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് മനോജ് കെ.ജയന്റെ കുറിപ്പ്. സ്വന്തം പ്രയത്നം വഴിയാണ് അമൃത് ആ സ്കൂളിലേക്കുള്ള പ്രവേശനം നേടിയെടുത്തതെന്ന് മനോജ് പറയുന്നു.
മനോജ് കെ.ജയന്റെ കുറിപ്പ്: ഈ അഭിമാന നിമിഷം എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കഠിനാധ്വാനത്തിലൂടെ എന്റെ മകൻ ഗ്രാമർ സ്കൂളിൽ പ്രവേശനം നേടി. ഇത് എല്ലാ യുകെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകൻ സെക്കൻഡറി സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തിലേക്ക് ചുവടു വയ്ക്കുമ്പോൾ ഞാൻ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്റെ പ്രിയപ്പെട്ട ആമിക്കുട്ടാ (അമൃത്).
നിരവധി പേർ താരപുത്രന് ആശംസകളുമായി എത്തി. പ്രിയപ്പെട്ട 'കുട്ടൻ തമ്പുരാന്റെ' മകന്റെ നേട്ടത്തിൽ ആരാധകർ അഭിനന്ദനങ്ങൾ അറിയിച്ചു. മനോജ് കെ.ജയന്റെയും ആശയുടെയും മകനാണ് അമൃത്. ഇംഗ്ലണ്ടിലാണ് ആശയും മകനും താമസം.
ഉയർന്ന അക്കാദമിക നിലവാരമുള്ള സ്കൂളാണ് ഇംഗ്ലണ്ടിലെ ഗ്രാമർ സ്കൂൾ. അത്യന്തം കഠിനമാണ് ഈ സ്കൂളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ. 11 വയസിലാണ് ഈ സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാൻ കഴിയുക. '11 പ്ലസ്' എന്നറിയപ്പെടുന്ന ഈ പ്രവേശന പരീക്ഷയിൽ പ്രൈമറി തലത്തിൽ പഠിച്ച വിഷയങ്ങളേക്കാൾ ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളാണ് വിദ്യാർഥികൾക്ക് നേരിടേണ്ടി വരിക.