ADVERTISEMENT

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരി വിജയ് ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). 120 കോടിയാണ് സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കലക്‌ഷൻ. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി. 43 കോടിയാണ് ഇന്ത്യയിൽ നിന്നു മാത്രം ലഭിച്ചത്.

കേരളത്തിൽ നിന്നും മാത്രം ആദ്യദിനം വാരിയത് 5.80 കോടി.  ഈ അടുത്ത് ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് കലക്‌ഷനാണിത്. ജയില്‍, ലിയോ, ബീസ്റ്റ്, സർക്കാർ എന്നീ സിനിമകള്‍ക്ക് ഇതിനു മുകളിൽ കലക്‌ഷൻ ലഭിച്ചിരുന്നു.

തമിഴ്നാട്ടിൽ നിന്നും 30 കോടിയാണ് വാരിക്കൂട്ടിയത്. ലിയോ, ബീസ്റ്റ്,സർക്കാർ എന്നീ സിനിമകൾക്കു േശഷം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം 30 കോടി വാരുന്ന നാലാമത്തെ വിജയ് ചിത്രമാണിത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 3.4 കോടിയും വാരുകയുണ്ടായി.

അതേസമയം കേരളത്തിലടക്കം മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. തിരക്കഥയും ആവർത്തിച്ചു വരുന്ന ക്രിഞ്ച് രംഗങ്ങളുമാണ് സിനിമയുടെ പ്രധാന പോരായ്മ. വിജയ്‍യുടെ ലുക്കും നെഗറ്റിവ് ആയി മാറി. നായികമാരായി എത്തുന്ന സ്നേഹയ്ക്കും മീനാക്ഷിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. മലയാളത്തിൽ നിന്നും ജയറാം, അജ്മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളിലാണ് എത്തുന്നത്.

പഴയകാല തമിഴ് താരം മോഹൻ ആണ് വില്ലനായി എത്തുന്നത്. ഒരു തമിഴ് യുവതാരം ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തുന്നു. കൂടാതെ വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ അരവിന്ദ്, പ്രേംഗി തുടങ്ങിയവരെയും കാണാം. എം.എസ്. ധോണി ആരാധകർക്ക് ആവേശം നൽകുന്ന നിരവധി രംഗങ്ങളുണ്ട്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചിത്രീകരിച്ച ക്ലൈമാസ്റ്റ് ഫൈറ്റ് മറ്റൊരു പ്രത്യേകതയാണ്. 3 മണിക്കൂർ ദൈർഘ്യവും ചിത്രത്തിന് വിനയായി.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ‍ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏകദേശം 17 കോടിക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. 

പ്രശാന്ത്, പ്രഭുദേവ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

English Summary:

GOAT Box Office Collection Day 1 Kerala: Thalapathy Vijay’s movie mints ₹5.80 crore on its release day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com