'ബോക്സ്ഓഫിസ് ഗ്യാരണ്ടിയുള്ള നടനായി ആസിഫ്'; കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് അനൂപ് മേനോൻ
Mail This Article
ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഈ സിനിമയിലൂടെ ഏറ്റവും ബോക്സ്ഓഫിസ് ഗ്യാരണ്ടിയുള്ള നടൻ എന്ന നിലയിൽ ആസിഫ് അലി സ്വന്തം സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുകയാണെന്ന് അനൂപ് മേനോൻ കുറിച്ചു. സിനിമയുടെ ഭാഗമായ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പേരെടുത്ത് പ്രശംസിച്ചുകൊണ്ടാണ് അനൂപ് മേനോന്റെ കുറിപ്പ്.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം: ‘‘എല്ലായിടത്തും മിഴിവോടെ എഴുതിയ ഒരു സിനിമ. ഒരു സിനിമയുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ പരസ്പരം മത്സരിക്കുന്ന തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും. ബാഹുലിനും ദിൻജിത്തിനും ഭാവിയിലേക്ക് സ്വാഗതം. ഒപ്പം പ്രിയപ്പെട്ട ആസിഫും! ലെവൽ ക്രോസിനും തലവനും അഡിയോസ് അമിഗോയ്ക്കും കിഷ്‌കിന്ധാകാണ്ഡത്തിനു ശേഷം നമുക്കുള്ളതിൽ വച്ച് ഏറ്റവും ബോക്സ്ഓഫിസ് ഗ്യാരണ്ടിയുള്ള നടൻ എന്ന നിലയിൽ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു.
വിജയ രാഘവൻ ചേട്ടനാണെങ്കിൽ ഒരു കഥാപാത്രത്തിന്റെ സൂക്ഷ്മതകൾ എത്ര അനായാസവും അസൂസാവഹവുമായാണ് പകർത്തുന്നത്! അപർണ അതിമനോഹരമായി ആ കഥാപാത്രമാകുന്നു. ജഗദീഷേട്ടനും അശോകേട്ടനും ആ ഗൗരവത്തോടു ചേർന്നു നിൽക്കുന്നു! ഒടുവിലൊരു കാര്യം, എന്റെ ജോബി അണ്ണാ എപ്പോഴും സ്വർണം അടിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?’’
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം. ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.