ADVERTISEMENT

ടൊവിനോ തോമസിനും ആന്റണി വർഗീസിനുമൊപ്പമുള്ള പ്രമോഷൻ വിഡിയോയിൽ മറ്റു സിനിമകളുടെ പേര് പറയാന്‍ വിട്ടുപോയതിൽ വിഷമമുണ്ടെന്ന് നടന്‍ ആസിഫ് അലി. ആ വിഡിയോയ്ക്കു പിന്നിലുണ്ടായിരുന്ന ആഗ്രഹം പോസ്റ്റിവ് ആയിരുന്നു തങ്ങളുടെ ആവേശം പ്രേക്ഷകരിലേക്കും പകരുക എന്നതായിരുന്നു അങ്ങനെയൊരു പ്രമൊഷൻ കൊണ്ട് ഉദ്ദേശിച്ചതെന്നും ആസിഫ് പറഞ്ഞു.

‘‘ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരേ പ്രായത്തിലുള്ള ആളുകളാണ്. മലയാള സിനിമയ്ക്ക് വളരെ ഗംഭീരമായ തുടക്കം കിട്ടിയ വർഷമാണിത്. ഒരുപാട് നല്ല സിനിമകൾവന്നു, തിയറ്ററുകൾ സജീവമായി. അങ്ങനെ നിൽക്കുന്ന അവസരത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടാകുന്നു. അതിന്റെയൊരു നെഗറ്റിവിറ്റി സിനിമയിൽ മൊത്തം വരുന്നു.

തിയറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്നത് നമുക്കറിയില്ല. പക്ഷേ ഈയൊരു ഓണസീസൺ എന്നു പറയുന്നത്, എല്ലാ ബിസിനസ്സുകളും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കുടുംബത്തിന് എല്ലാ രീതിയിലുള്ള സിനിമകൾ കാണാനും ഇത്തവണ അവസരമുണ്ട്. ആ ഒരു സീസൺ സജീവമാകമണെന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് െപട്ടന്നൊരു ചിന്ത വരുന്നത്.

തീർച്ചയായും അങ്ങനെ ശ്രദ്ധിക്കപ്പട്ടതുകൊണ്ട് അതിലൊരു തെറ്റുമുണ്ട്. ബാക്കിയുള്ള സിനിമകളുടെ പേര് പറയാതിരുന്നത് ഒരു തെറ്റാണ്. ആ തെറ്റും ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ അതിന്റെ പിന്നിലുണ്ടായിരുന്ന ആഗ്രഹം ഭയങ്കര പോസിറ്റിവ് ആയിരുന്നു. ഞങ്ങളുടെ ആവേശം പ്രേക്ഷകരിലേക്കും പകരുക എന്ന ആഗ്രഹത്തോടെയാണ് ആ വിഡിയോ ചെയ്തത്. ഇതൊക്കെയെ ചിന്തിച്ചുള്ളൂ. 

ആളുകളുടെ തീരുമാനമാണ് സിനിമ കാണുക എന്നത്. നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ. പേര് പറഞ്ഞില്ല എന്നതുകൊണ്ട് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ല. പക്ഷേ ഞങ്ങളത് വിട്ടുപോയതിൽ വിഷമമുണ്ട്.’’–ആസിഫ് അലിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് യുവതാരങ്ങളായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം രംഗത്തുവന്നത്. ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകള്‍ മാത്രം ഒന്നിച്ചെത്തി പ്രമോട്ട് ചെയ്തപ്പോൾ ചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നായിരുന്നു ശീലുവിന്റെ ആരോപണം. സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും ശീലു പറയുന്നു.

‘‘പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ...‘പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്സും’ പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെ.’’

ശീലുവിനെ പിന്തുണച്ച് ബാഡ് ബോയ്‌സിന്റെ സംവിധായകനായ ഒമര്‍ ലുലുവും എത്തി. ‘‘ആസിഫ്, ടൊവിനോ, പെപ്പെ ..നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്?’’–ശീലുവിന്റെ കുറിപ്പിൽ ഒമർ ലുലുവിന്റെ കമന്റ്. ശീലു ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവിസ് ആണ് ‘ബാഡ് ബോയ്സ്’ നിർമിക്കുന്നത്.

അജയന്റെ രണ്ടാം മോഷണവും കിഷ്കിന്ധാ കാണ്ഡവുമാണ് ഓണം റിലീസുകളിൽ ആദ്യം തിയറ്ററുകളിലെത്തുന്നത്. ആന്റണി വർഗീസ് നായകനാകുന്ന കൊണ്ടൽ സെപ്റ്റംബർ 13നും എത്തി. ഈ മൂന്ന് സിനിമകളും പ്രേക്ഷകർ പിന്തുണയ്ക്കണമെന്നും ഏറ്റെടുക്കണെന്നും അറിയിച്ച് ചിത്രത്തിലെ നായകരായ ടൊവിനോയും ആസിഫും ആന്റണി വർഗീസും ഒരുമിച്ച് ഒരു വിഡിയോ ചെയ്തിരുന്നു. 

English Summary:

Asif Ali Apologizes for Film Name Omission in Viral Video with Tovino & Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com