ADVERTISEMENT

മലയാള സിനിമ ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നത്തിന് മറുമരുന്നാണ് ആസിഫ് അലിയെന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ പലരും അമ്പരന്നേക്കാം. എന്നാല്‍ വാസ്തവം അതാണ്. നിർമാതാക്കളും സംവിധായകരും പതിറ്റാണ്ടുകളൂടെ നടന പാരമ്പര്യമുളള മഹാനടന്‍മാരും ഒന്നു പോലെ ഇരുട്ടില്‍ തപ്പുമ്പോള്‍ ആസിഫ് അലി കണ്ണിറുക്കി ചിരിക്കുകയാണ്.അതിനുളള ഉത്തരം കണ്ടെത്തിയ അപൂര്‍വം ചിലരില്‍ ഒരാളെ പോലെ...സംഗതി നിസാരം എന്നാല്‍ ഗൗരവതരം. നല്ല തിരക്കഥകള്‍ കണ്ടെത്താനും തിയറ്റര്‍ വിജയത്തിനൊപ്പം മികച്ച അഭിപ്രായം ലഭിക്കുന്ന സിനിമകള്‍ തിരഞ്ഞെടുക്കാനുമുളള ശേഷി ഒരു നടനെ സംബന്ധിച്ച് മാത്രമല്ല ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ മലയാള സിനിമ വന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. എന്നാൽ ഈ വർഷം ആസിഫിന്റേതായി ഇറങ്ങിയ ഫിലിമോഗ്രഫി പരിശോധിക്കാം. ‘തലവൻ’, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, മനോരഥങ്ങൾ, കിഷ്കിന്ധാ കാണ്ഡം. എല്ലാം ഒന്നിനൊന്നു വ്യത്യസ്തപ്പെട്ട കഥാപാത്രങ്ങൾ. എല്ലാ സിനിമകളും തിയറ്ററുകളിൽ വലിയ വിജയമായില്ലെങ്കിലും നടനെന്ന നിലയില്‍ പടിപടിയായി തന്റെ വിജയച്ചുവടുകൾ കയറുകയാണ് താരം.

മഞ്ഞുമ്മലും പ്രേമലുവും ഭ്രമയുഗവും തലവനും ഓണറിലീസായി എത്തിയ കിഷ്കിന്ധാ കാണ്ഡവും അജയന്റെ രണ്ടാം മോഷണവും മറ്റും വന്‍വിജയം കൊയ്യുമ്പോള്‍ അനേക കോടികള്‍ വാരിവലിച്ചെറിഞ്ഞ പടങ്ങള്‍ നിലം തൊടാതെ പോകുന്നതിന് പിന്നിലെ രഹസ്യം തേടി അധികം തലപുകയ്‌ക്കേണ്ടതില്ല. നല്ല തിരക്കഥയുടെ അഭാവം തന്നെയാണ് പ്രശ്‌നം. നല്ല തിരക്കഥ എന്ന് പറയുമ്പോള്‍ ജനസാമാന്യത്തെ രസിപ്പിക്കുന്ന ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന സിനിമകള്‍ എന്ന് തന്നെ അർഥം. മികച്ച താരങ്ങളും വന്‍ബജറ്റും ഒന്നാംതരം സംവിധായകരുമുണ്ടായിട്ടും പല പടങ്ങളും വീണത് അടിസ്ഥാനമില്ലാതെ കെട്ടിടം പണിതതു കൊണ്ടാണ്.

നല്ല തിരക്കഥ പ്രധാനം

എന്താണ് നല്ല തിരക്കഥ എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. പരിണിത പ്രജ്ഞരായ പലരും കൈമലര്‍ത്തും. ഒരു നടന്‍ പറഞ്ഞ മറുപടിയാണ് വിചിത്രം. ‘‘എല്ലാം നല്ലതാവണമെന്ന് കരുതി തന്നെയാണ് എല്ലാവരും സിനിമകള്‍ ചെയ്യുന്നത്. ചിലത് ഓടും. ചിലത് ഓടില്ല. ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്. നിങ്ങള്‍ പ്രേക്ഷകര്‍ ചെയ്യേണ്ട കാര്യമിതാണ്. ഞങ്ങളൊക്കെ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി മലയാള സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. ഞങ്ങളൂടെ സിനിമകള്‍ നിങ്ങള്‍ തിയറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കുക. നെഗറ്റീവ് റിവ്യൂസിന് ചെവികൊടുക്കാതിരിക്കുക.’’

asif-uyare

എത്ര ബാലിശവും നിരുത്തരവാദിത്തപരവുമായ പ്രസ്താവനയാണിത്. ഒരു പക്ഷേ ഫാന്‍സ് അസോസിയേഷനുകള്‍ ഇതുകേട്ട് കയ്യടിച്ചേക്കാം. പക്ഷേ ഒരു  പ്രേക്ഷകനും സിനിമ കാണുന്നത് ആരെയെങ്കിലും സഹായിക്കാനോ വിജയിപ്പിക്കാനോ വേണ്ടിയല്ല. അവര്‍ക്ക് എന്‍ജോയ് ചെയ്യാന്‍ വേണ്ടി മാത്രമാണ്. നടന്‍മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിക്കുന്നു. ഒന്നുകില്‍ നല്ല തിരക്കഥകള്‍ സ്വയം കണ്ടെത്തണം. അതിനുളള ശേഷിയില്ലെങ്കില്‍ പ്രാപ്തരായ ആളുകളെ ചുമതലപ്പെടുത്തണം.

ഇതിനെക്കുറിച്ചും വ്യത്യസ്തമായ നിലപാടുകളുണ്ട്. മാസിന്റെ പള്‍സ് മനസിലാക്കുന്നതിനായി താന്‍ വീട്ടിലെ ജോലിക്കാരുമായി കഥകള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അവരുടെ അഭിപ്രായം അറിഞ്ഞാണ് പടങ്ങള്‍ തീരുമാനിക്കുന്നതെന്നും അഭിപ്രായപ്പെട്ട ഒരു നായകനുണ്ട്. പഴയ മട്ടിലുളള തട്ടുപൊളിപ്പന്‍ സിനിമകളില്‍ അഭിരമിക്കുന്ന പഴഞ്ചന്‍ ആസ്വാദന ശീലമുളളവരാണ് ഈ നടന്‍ പറയുന്ന അദ്ദേഹത്തിന്റെ വീട്ടിലെ മാസ് ഓഡിയന്‍സ്. മാറിയ കാലത്തിന്റെ ആസ്വാദനശീലങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിയണമെന്നില്ല. ഇന്ന് സിനിമയിലെ ഹാസ്യത്തിന് പോലും പഴയകാല തമാശകളുമായി വ്യത്യാസമുണ്ട്. പുതുതലമുറ മാത്രമല്ല പഴയ തലമുറയുടെയും അഭിരുചികളില്‍ മാറ്റം വന്നു കഴിഞ്ഞു.

level-cross

പ്രണയവും സ്ത്രീപുരുഷ ബന്ധങ്ങളും സംസാര രീതികളുമെല്ലാം മാറി മറിഞ്ഞിരിക്കുന്നു. കാലം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സിനിമയിലൂം പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു.

ഭര്‍ത്താവിനോട് സെക്‌സ് ചോദിച്ചു വാങ്ങുന്ന ഒരു സ്ത്രീയെ ജീവിതത്തിലോ സിനിമയിലോ മൂന്‍പ് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇന്ന് അതെല്ലാം സാധാരണ സംഭവങ്ങളായി തീര്‍ന്നിരിക്കുന്നു. ഈ തരത്തില്‍ മനുഷ്യമനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും വന്ന വ്യതിയാനങ്ങള്‍ പ്രതിഫലിക്കുന്ന തിരക്കഥകള്‍ കണ്ടെത്തുക എന്നത് തന്നെയാണ് സിനിമയെ സംബന്ധിച്ച് പ്രധാനം.ആസിഫ് അലി തന്റെ കരിയറില്‍ ഉടനീളം ഈ കാര്യത്തില്‍ തികഞ്ഞ അവധാനത പുലര്‍ത്തിയിട്ടുളളതായി കാണാം. അത് അദ്ദേഹത്തിന്റെ സെന്‍സിബിലിറ്റിയുമായി ബന്ധപ്പെട്ട നേട്ടമാണ് എന്നിരിക്കിലും അതുകൊണ്ട് തന്നെ മിനിമം ഗ്യാരണ്ടിയുളള നടന്‍ എന്ന ഇമേജും അദ്ദേഹത്തിന് കൈവന്നിരിക്കുന്നു.

asif-ali-34

കാലം നല്‍കിയ തിരിച്ചറിവുകള്‍

ശ്യാമപ്രസാദിന്റെ ഋതുവാണ് ആസിഫിന്റെ ആദ്യചിത്രം. ആദ്യകാലങ്ങളില്‍ ആസിഫിന്റെ പല സിനിമകളും മികച്ചതായിരുന്നിട്ടും വലിയ വിപണവിജയം കൈവരിച്ചിരുന്നില്ല. സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ശേഷിയുളള താരമായി ആസിഫ് അന്ന് വളര്‍ന്നിരുന്നുമില്ല. പിന്നീട് കഥമാറി. വിവേചനബുദ്ധിയോടെയും ജാഗ്രതയോടെയും സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു തുടങ്ങി. ട്രാഫിക്ക് മുതല്‍ ഈ മാറ്റം കണ്ടുതുടങ്ങി. മലയാള സിനിമയെ നവീകരിക്കുന്നതിന് തുടക്കമിട്ട ട്രാഫിക്ക് പോലൊരു ചിത്രത്തിന്റെ ഭാഗമാകാനെടുത്ത തീരുമാനം തന്നെ പ്രധാനപ്പെട്ടതായിരുന്നു. ആഷിഖ് അബുവിന്റെ സാൾട് ആൻഡ് പെപ്പർ പോലുളള സിനിമകളിലൂടെ ആസിഫ് തന്റെ വഴി ഉറച്ചിച്ചു കൊണ്ടേയിരുന്നു. ഈ ഘട്ടത്തിലൊന്നും അദ്ദേഹം പൂര്‍ണ്ണനായിരുന്നു എന്ന് പറയാനാവില്ല. വളരെ അമച്വറിഷായ ഒരു സംവിധായകന്റെ പടം മുതല്‍ മലയാള സിനിമ എഴുതി തളളിയവരുടെ വരെ പടങ്ങളില്‍ അഭിനയിച്ച് പരാജയം ക്ഷണിച്ചു വരുത്തിയ ചരിത്രവുമുണ്ട് ആസിഫിന്. 

ആഷിക്ക് അബു- ശ്യാംപുഷ്‌കരന്‍ ടീമിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്തു എന്നതാണ് ആസിഫിന്റെ കരിയറിലെ മറ്റൊരു നല്ല തീരുമാനം. തൊട്ടുപിന്നാലെ കരിയറില്‍ ഗുണം ചെയ്യാത്ത ചില പടങ്ങളുടെയും ഭാഗമായി. ആരെ തളളണം ആരെ കൊളളണമെന്ന് ആ ഘട്ടത്തിലും ആസിഫ് പഠിച്ചു വരുന്നതേയുണ്ടായിരുന്നുളളു. ഓര്‍ഡിനറി എന്ന ബമ്പര്‍ ഹിറ്റില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനുമൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്തു കൊണ്ട് വീണ്ടും വിജയത്തിളക്കം. അമല്‍നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി എന്ന മറ്റൊരു തരം സിനിമയില്‍ സഹകരിച്ച ആസിഫ്, ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന മെഗാഹിറ്റിന്റെ ഭാഗമായി. സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന് ഒരു ഘട്ടത്തിലും വാശിപിടിച്ചില്ല.

നല്ല പ്രൊജക്ടുകളുടെ ഭാഗമാകുക എന്നതിനായിരുന്നു എന്നും മുന്‍തൂക്കം. ചാക്കോച്ചനും ഉണ്ണി മുകുന്ദനുമൊപ്പം മല്ലു സിങ് എന്ന പടം ചെയ്തതും ഈ തീരുമാനത്തിന്റെ ഭാഗമാവാം. ബിജു മേനോന്‍-ആസിഫ് കോമ്പോ എന്നും വിജയകഥ പറഞ്ഞ ഒന്നായിരുന്നു. അവര്‍ അച്ഛനും മകനുമായി അഭിനയിക്കുന്നതിലെ കൗതുകം എന്ന തലത്തിലാണ് അനുരാഗകരിക്കിന്‍ വെളളം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ മികച്ച തിരക്കഥയും മേക്കിങും തന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ആസിഫ്-ബിജു മേനോന്‍ ടീമിന്റെ അസാധാരണമായ അഭിനയ മുഹുര്‍ത്തങ്ങളും സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. രജീഷാ വിജയന്റെ സമാനതകളില്ലാത്ത പ്രകടനത്തെക്കുറിച്ച് പരാമര്‍ശിക്കാതെ ഈ സിനിമയെക്കുറിച്ച് പറയാനാവില്ല.

നായകനായി നിൽക്കുമ്പോഴും വില്ലനാകാനും ആസിഫിനു മടിയില്ല. ഉയരെയിൽ പാർവതിക്കു മുഖത്ത് ആസിഡ് ഒഴിക്കുന്ന ക്രൂര കഥാപാത്രമായപ്പോൾ റൊഷാക്കിൽ സാക്ഷാൽ മമ്മൂട്ടിക്കു വില്ലനായി  ആസിഫ് എത്തി. 

mammootty-asif

മാസ് മസാലയല്ല; നല്ല സിനിമ പ്രധാനം

കരിയറില്‍ മെഗാഹിറ്റുകള്‍ വേണമെന്ന പിടിവാശിയും ആസിഫിനില്ല. നാലു പേര്‍ കേട്ടാല്‍ കുറ്റം പറയാത്ത വിധം നല്ല പ്രൊജക്ടുകള്‍ ചെയ്യുക എന്നതായിരുന്നു മാനദണ്ഡം. ഡബിള്‍ ബാരല്‍, മോസയിലെ കുതിരമീനുകള്‍, ഒഴിമുറി, കാറ്റ്, അപ്പോത്തിക്കിരി, ബൈസിക്കിള്‍ തീവ്‌സ് എന്നിങ്ങനെ പല പടങ്ങളും സംഭവിച്ചത് ഇങ്ങനെയാണ്. സപ്തമശ്രീ തസ്‌കരാ, വെളളിമൂങ്ങ എന്നിങ്ങനെ വീണ്ടും ഹിറ്റുകളുടെ സഹയാത്രികനായ ആസിഫ് സഹതാരങ്ങളുടെ പിന്‍ബലമില്ലാതെ സോളോ ഹീറോ എന്ന തലത്തില്‍ മറ്റൊരു വന്‍വിജയം കൊണ്ടുവന്നു. കെട്ട്യോളാണ് മാലാഖ. സാധാരണഗതിയില്‍ ഏതൊരു നടനും ഡേറ്റ് കൊടുക്കാന്‍ മടിക്കുന്ന റിസ്‌കി സബ്ജക്ടായിരുന്നു ആ സിനിമയുടേത്. എന്നാല്‍ അതിന്റെ മൗലികത ആസിഫ്അലി എന്ന സെന്‍സിബിള്‍ പേഴ്‌സന്‍ വളരെ വേഗം ഉള്‍ക്കൊണ്ടു. പടം വന്‍ഹിറ്റായി എന്ന് മാത്രമല്ല പല തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

2018-movie-poster

കേരളത്തിലെ പ്രളയം പ്രമേയമാക്കി ജൂഡ് അന്റണി ഒരുക്കിയ 2018 ല്‍ ടൊവിനോയാണ് നായകനെങ്കിലും ആസിഫ് അലിയുടെ സാന്നിധ്യവും നിർണായകമായിരുന്നു.കാപ്പ, കുറ്റവും ശിക്ഷയും, അടവ്, കുഞ്ഞെല്‍ദോ, മോഹന്‍കുമാര്‍ ഫാന്‍സ്, എല്ലാം ശരിയാകും, മഹേഷും മാരുതിയും, കാസര്‍ഗോള്‍ഡ്, ഒറ്റ, എ രഞ്ജിത്ത് സിനിമ, കൂമന്‍ എന്നീ സിനിമകളിലെല്ലാം തന്നെ പരസ്പര ഭിന്നമായ വഴികളില്‍ മാറി മാറി സഞ്ചരിക്കുന്ന ആസിഫിനെ കാണാം. ഒരു കാലത്തും പ്രത്യേക ജനുസിലുളള സിനിമകളുടെ തടവുകാരനായിരുന്നില്ല അദ്ദേഹം. ബോക്‌സാഫിസില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഏതെങ്കിലും തരത്തില്‍ പ്രത്യേകതയുളള ഒരു സിനിമയാവും ആസിഫ് ചെയ്യുക. അതില്‍ തന്നിലെ നടന്റെ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ആസിഫിന്റെ പടങ്ങളുടെ ടൈറ്റിലില്‍ പോലും ഒഴുക്കിനെതിരെ നീന്തുന്ന ഒരു മനസ് കാണാം.

adios

സ്വാഭാവികമായ അഭിനയം

സ്വാഭാവികതയുടെ പരമകാഷ്ഠയിലുളള അഭിനയ രീതിയാണ് ആസിഫിന്റേത്. ഡയലോഗ് ഡെലിവറിയിലും ഈ പ്രത്യേകതയുണ്ട്. അടുത്ത വീട്ടിലെ യുവാവ് വന്ന് കൊച്ചുവര്‍ത്തമാനം പറയും പോലെ നാച്വറലായ സംസാര രീതി. പല നടന്‍മാരും സ്വാഭാവികമായി അഭിനയിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ വളരെ അനായാസമായി ആസിഫിന് അത് സാധിക്കുന്നു. വാസ്തവത്തില്‍ മലയാളത്തിലെ പ്രകൃതിപ്പടങ്ങള്‍ക്കായി അദ്ദേഹം രൂപപ്പെടുത്തി എടുത്ത ആക്ടിങ് പാറ്റേണ്‍ ഒന്നുമല്ല ഇത്. ആദ്യചിത്രം മുതല്‍ ബിഹേവ് ചെയ്യുന്ന ആക്ടറായിരുന്നു ആസിഫ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആ പ്രത്യേക കഥാപാത്രം എങ്ങനെ പെരുമാറുന്നുവോ ആ തരത്തില്‍ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുന്നു അദ്ദേഹം. 

ഹണി ബീ, മന്ദാരം എന്നിങ്ങനെ ഒരിക്കലും പൊരുത്തപ്പെടാത്ത വിധം വ്യത്യസ്ത സ്വഭാവമുളള സിനിമകളില്‍ കസറുന്നത് കാണാം. 916, കവി ഉദ്ദേശിച്ചത്, ടേക്ക് ഓഫ് എന്നീ സിനിമകളിലൊക്കെ തന്നെ വഴിമാറി നടത്തങ്ങള്‍ക്കൊപ്പം നടക്കാന്‍ ശീലിച്ച ഒരു നടനെയാണ് നാം കാണുന്നത്. ആസിഫിലെ നടനെ നന്നായി ഉള്‍ക്കൊണ്ട ഒരു സംവിധായകനാണ് ജിസ് ജോയ്. ആസിഫ് ഏറ്റവും ശോഭിക്കുന്നത് ഈ കോംബോയിലാണെന്ന് തോന്നിയിട്ടുണ്ട്. നാച്വറല്‍ മേക്കിങില്‍ വിശ്വസിക്കുന്ന ജിസിന് വര്‍ണശബളമായി കഥ പറയാനും അറിയാം. ആസിഫിനെ പല ജോണറിലുളള പടങ്ങില്‍ ജിസ് നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാം. സണ്‍ഡേ ഹോളിഡേയായിരുന്നു ഈ കൂട്ടുകെട്ടിന്റെ രസതന്ത്രം ബോധ്യപ്പെടുത്തിയ ആദ്യസിനിമ.  വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന റൊമാന്റിക് മൂവിയില്‍ പ്രണയം വഴിയുന്ന ആസിഫിന്റെ മാനറിസങ്ങള്‍ ജിസ് സമര്‍ത്ഥമായി പ്രയോജനപ്പെടുത്തി. കുലീനമായ ചില നര്‍മരംഗങ്ങളിലും മറ്റും ആസിഫ് പുലര്‍ത്തിയ മിതത്വത്തിന്റെ സൗന്ദര്യം സിനിമയ്ക്ക് മുതല്‍ക്കൂട്ടായി.ഇന്നും പഴത്തൊലിയില്‍ ചവുട്ടി വീഴുന്നതും അരിപ്പൊടി മുഖത്ത് വീഴുന്നതും ജട്ടിയിട്ട് ഓടുന്നതുമൊക്കെയാണ് പല സീനിയര്‍ നടന്‍മാര്‍ക്കും നര്‍മ്മം. എന്നാല്‍ നര്‍മ്മത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന നടനെ ആസിഫ് ചിത്രങ്ങളില്‍ കാണാം. 

കാതലുളള സിനിമകള്‍ തിയറ്ററിലും ഹിറ്റ്

തട്ടുപൊളിപ്പന്‍ മസാലപ്പടങ്ങള്‍ തിയറ്ററുകള്‍ പൂരപ്പറമ്പാകുമ്പോള്‍ കാതലുളള പടങ്ങള്‍ പേരിന് റിലീസ് ചെയ്ത് തിയറ്റര്‍ വിട്ടു പോകുന്ന കാലം കഴിഞ്ഞു. ഇന്ന് പ്രേക്ഷകര്‍ സ്വീകരിക്കുന്നത് കഴമ്പുളള സിനിമകള്‍ തന്നെയാണ്. ക്ലാസ് ടച്ചുളള വാണിജ്യസിനിമകള്‍ എന്ന കോണ്‍സപ്റ്റിന് ഇത്രയും പ്രചാരം ലഭിക്കുന്നതില്‍ ആസിഫിനെ പോലുളള താരങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സോപ്പുപെട്ടിക്കഥകള്‍ക്ക് സലാം പറഞ്ഞ് പരീക്ഷണചിത്രങ്ങള്‍ക്ക് കൈ കൊടുക്കാന്‍ ഇവര്‍ക്ക് മടിയില്ല. ഒരു സമീപകാല ഉദാഹരണം നോക്കാം.

തലവന്‍ എന്ന പടത്തില്‍ ബിജു മേനോനൊപ്പം ആസിഫ് വീണ്ടും അത്ഭുതം സൃഷ്ടിച്ചു. ഒരു ഹിറ്റ് ചിത്രം എന്നതിനപ്പുറം കുറ്റാന്വേഷണ സിനിമയ്ക്ക് വേറിട്ടൊരു മുഖം സമ്മാനിക്കാന്‍ തലവന് സാധിച്ചു. ഇത്തരം വഴിമാറി നടത്തങ്ങള്‍ക്കൊപ്പം എന്നും സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ആസിഫ്. 

‘ഉയരേ’ എന്ന സിനിമ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് മികച്ച തിരക്കഥയുടെയും സംവിധാന മികവിന്റെയും പേരിലാണ്. പാര്‍വതി തിരുവോത്തിന്റെ അഭിനയ മികവും കുറച്ചു കാണുന്നില്ല. എന്നാല്‍ ഇതിനെല്ലാം ഒപ്പം ആസിഫും തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നിന്നു. ആഷിഖ് അബുവിന്റെ വൈറസ് എന്ന പരീക്ഷണ സിനിമയിലും ആസിഫ് തിളങ്ങി.

വര്‍ഷങ്ങൾക്കുശേഷം എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലും ആസിഫിന്റെ സാന്നിധ്യമുണ്ട്. ആസിഫിന്റെ സിനിമാ യാത്രയിലെ സവിശേഷമായ മുഖമാണ് കഴിഞ്ഞ ദിവസം റിലീസായ കിഷ് കിന്ധാകാണ്ഡത്തിലുടെ വെളിപ്പെടുന്നത്. വേറിട്ട ശക്തമായ തിരക്കഥ തന്നെയാണ് ഈ സിനിമയുടെയും നെടും തൂണ്‍.

‘വാനര ലോകം’ ഗാനരംഗത്തിൽ നിന്ന്.
‘വാനര ലോകം’ ഗാനരംഗത്തിൽ നിന്ന്.

നിലപാടുകളുടെ ആസിഫ് 

സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സ്ത്രീകളായ സഹതാരങ്ങളില്‍ ചിലര്‍ തന്റേടത്തോടെ അവള്‍ക്കായി നിലകൊണ്ടു. നിശ്ശബ്ദതയായിരുന്നു ചിലരുടെ ആയുധം. എന്നാല്‍ ആസിഫ് അലി ഇക്കാര്യത്തില്‍ ആണത്തമുളള നിലപാട് സ്വീകരിച്ചു. ‘‘അവള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവള്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ അത് എന്റെയും പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നു’’ എന്ന് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞു. ഒപ്പം മറ്റൊരു കാര്യം കൂടി ചേര്‍ത്തു.

‘‘ഈ സംഭവത്തിലെ പ്രതിയാരാണെന്ന് ഇനിയും നമുക്കറിയില്ല. കുറ്റാരോപിതന്‍ പ്രതിയാകണമെന്നില്ല. അത് തീരുമാനിക്കേണ്ടത് പരമോന്നത നീതിപീഠമാണ്. വിധി വരുന്നത് വരെ ആരെയും കുറ്റപ്പെടുത്താന്‍ നമുക്ക് അവകാശമില്ല. പക്ഷെ എന്റെ സുഹൃത്തിനെ ദ്രോഹിച്ചവര്‍ ആരെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മുതല്‍ ഞാനും അവരെ എതിര്‍ത്തിരിക്കും’’

ഇത്രയും ധീരവും നീതിപൂര്‍വകവുമായ ഒരു നിലപാട് സ്വീകരിക്കാന്‍ ആ ഘട്ടത്തില്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല. അവിടെയാണ് ആസിഫ് വേറിട്ടു നില്‍ക്കുന്നത്. 

സെന്‍സിറ്റീവായ താരങ്ങള്‍

കലാകാരന്‍മാര്‍ പ്രത്യേകിച്ചും അഭിനേതാക്കള്‍ ഹൈലി സെന്‍സിറ്റീവാണെന്ന് പറയാറുണ്ട്. പെട്ടെന്ന് വികാരങ്ങള്‍ക്ക് കീഴ്‌പെട്ട് പ്രതികരിക്കുന്ന ശീലം. അതേ സമയം ഒരു പൊതുസദസില്‍ വച്ച് തന്നെ അപമാനിച്ച രമേഷ് നാരായണന്റെ പ്രവര്‍ത്തിയോടുളള പ്രതികരണം ആരാഞ്ഞപ്പോള്‍ ആസിഫ് അലി നല്‍കിയ മറുപടി മുഴുവന്‍ മലയാളികള്‍ക്കും മാതൃകയാണ്. അന്ന് ആസിഫ് പറഞ്ഞു. ‘‘അദ്ദേഹം അര്‍ഹിക്കുന്ന തലത്തില്‍ സംഘാടകര്‍ മാനിച്ചില്ല എന്ന വിഷമവുമായി ഇരിക്കുമ്പോഴാണ് എനിക്ക് മൊമെന്റോ നല്‍കാനായി ക്ഷണിച്ചത്. അപ്പോഴത്തെ മാനസികാവസ്ഥ കൂടി നാം മനസിലാക്കേണ്ടതുണ്ട്. എന്നിട്ടും എനിക്ക് മൊമെന്റോ നല്‍കാന്‍ അദ്ദേഹം തയ്യാറായി. കുറെക്കൂടി മുതിര്‍ന്ന ഒരാളില്‍ നിന്നും (ജയരാജ്) അത് സ്വീകരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയെങ്കില്‍ തെറ്റ് പറയാനാവില്ല. 

ആസിഫ് അലി
ആസിഫ് അലി

മാത്രമല്ല അദ്ദേഹത്തിന് എന്നോട് വ്യക്തിപരമായി വിരോധമൊന്നുമില്ല. ഞങ്ങള്‍ അതിന് ശേഷം ഫോണില്‍ സംസാരിക്കുകയും നേരില്‍ കാണാമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ദയവുചെയ്ത് ഇതിന്റെ പേരിലുളള വിവാദങ്ങള്‍ ഒഴിവാക്കണം. എന്നെ പിന്‍തുണച്ചു കൊണ്ട് ധാരാളം പേര്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതായി കാണുന്നു. ഇത്രയധികം ആളുകള്‍ എന്നെ സ്‌നേഹിക്കുന്നു എന്ന് അറിയുന്നതില്‍ നന്ദിയുണ്ട്. പക്ഷെ ഈ പ്രശ്‌നം വര്‍ഗീയമായ തലത്തിലേക്ക് ഒക്കെ വഴിമാറുന്നതായി കാണുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണത്. അദ്ദേഹവും ഞാനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ഞാന്‍ അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സംഗീത സംവിധായകനാണ് അദ്ദേഹം.’’ ഇതിലും കുലീനമായി ഒരാള്‍ക്ക് ഇത്തരമൊരു പ്രശ്‌നത്തെ എങ്ങനെ സമീപിക്കാന്‍ സാധിക്കും? 

ഈ കാര്യത്തില്‍ മാത്രമല്ല ഇതു പോലെ പല സന്ദര്‍ഭങ്ങളിലും മാന്യത എന്ന പദം വലിയ അര്‍ത്ഥ തലങ്ങളുളള ഒന്നാണെന്ന് നമ്മെ ബോധ്യപ്പെടുത്തി തരുന്ന ഒരു വ്യക്തി കൂടിയാണ് ആസിഫ് അലി. 

താന്‍ ഇടപെടുന്ന ഓരോ പ്രശ്‌നത്തിലും നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് പക്വതയോടെ അതിനെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നു. ആസിഫിന് പൊതുസമൂഹത്തില്‍ നിന്നും ഇത്ര വലിയ സ്വീകാര്യത ലഭിക്കാനുളള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൂടിയാണ്. 

ആസിഫ് നല്‍കുന്ന നിശ്ശബ്ദ സന്ദേശം

ആസിഫ് അലി നല്‍കുന്ന നിശ്ശബ്ദ സന്ദേശം എന്ത് എന്ന് ചിന്തിച്ചാല്‍ ഒറ്റനോട്ടത്തില്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ അടക്കം ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് പന്തീരാണ്ട് കാലത്തെ വിജയഫോര്‍മുലകള്‍ വീണ്ടുംവീണ്ടും പയറ്റി ഹിറ്റുകള്‍ സൃഷ്ടിക്കാനാവുമോ എന്നാണ്. എന്നാല്‍ ആസിഫ് സിനിമയുടെ വിജയപരാജയങ്ങളെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നില്ല. ഒരു പടത്തിന്റെയും വിജയം നമ്മുടെ കൈകളിലല്ലെന്ന് അദ്ദേഹത്തിനറിയാം. ശീര്‍ഷകം മുതല്‍ ഉളളടക്കത്തിലും അവതരണത്തിലും ഏതെങ്കിലും തരത്തില്‍ പുതുമയുളള ഒരു സിനിമയുടെ ഭാഗമാകാനായിരുന്നു എക്കാലവും ആസിഫിന്റെ ശ്രമം. അതില്‍ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴും സിനിമ തീര്‍ത്തും മോശമായി എന്ന പഴിദോഷത്തില്‍ നിന്നും ആസിഫ് രക്ഷപ്പെട്ട് പോകാറുണ്ട്. ബമ്പര്‍ഹിറ്റുകളും മാസ് ആഡിയന്‍സിന്റെ കയ്യടിയും ലക്ഷ്യമാക്കി നീങ്ങാതെ വേറിട്ട പ്രൊജക്ടുകളുടെ ഭാഗമായി നിന്നുകൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഈ നടന്റെ ശ്രമം.

ഏതെങ്കിലൂം ഒരു കോക്കസിന്റെ ഭാഗമായി നിന്നുകൊണ്ട് സ്വയം പരിമിതപ്പെടാനും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാനും ആസിഫ് തയാറല്ല. ന്യൂജന്‍-ഓള്‍ഡ് ജന്‍ വകഭേദമില്ലാതെ എല്ലാ ജനുസില്‍ പെട്ട സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് നല്‍കുന്നു. 

ഒരു നടന്‍ എന്ന നിലയില്‍ കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന  വേഷമായിരുന്നു കിഷ്കിന്ധാ കാണ്ഡത്തിലെ അജയൻ. അത്രത്തോളം കോംപ്ലക്സ് ആയ കഥാപാത്രത്തെ എത്ര അനായാസമായാണ് ആ നടൻ അഭിനയിച്ചു തീർത്തത്. ശക്തമായ സിനിമകള്‍ ഒരുക്കാന്‍ കെല്‍പ്പുളള പല ചലച്ചിത്രകാരന്‍മാരും മുഖ്യവേഷങ്ങളിലേക്ക് ആസിഫിനെ പരിഗണിച്ചു തുടങ്ങിയിട്ടില്ല. ആസിഫിന് വളരെ അനായാസം വഴങ്ങുന്ന വേഷങ്ങളിലേക്കാണ് പലപ്പോഴും അവര്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നത്. അലറിക്കൂവിയും കോമാളിത്തരം കാണിച്ചും അഭിനയകലയെ അപഹസിക്കാതെ മിതത്വം നിറഞ്ഞ ഭാവഹാവാദികളിലൂടെ ആസിഫ് സ്വയം അടയാളപ്പെടുത്തുന്നു. അതിന് ഉദാഹരണമാണ് ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമയുടെ വലിയ വിജയം.

English Summary:

Asif Ali's Winning Formula: The Secret to Success in Malayalam Cinema Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com