‘ലാൽ മരിക്കുന്ന രംഗം ചിത്രീകരിച്ചപ്പോൾ പ്രിയൻ മാറിക്കളഞ്ഞു, ഞാൻ ക്യാമറ ഒാഫ് ചെയ്തു കരഞ്ഞു’
Mail This Article
ക്യാമറയ്ക്കു മുൻപിൽ തന്നെ കരയിപ്പിച്ചിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി പ്രശസ്ത ഛായാഗ്രാഹകനായ എസ്. കുമാർ. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ ഛായാഗ്രാഹകനെ കരയിപ്പിച്ചിട്ടുള്ള ഏക നായകൻ മോഹൻലാൽ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയുടെ ഒത്തുചേരലിലാണ് എസ്. കുമാർ വികാരഭരിതനായത്. എസ്. കുമാർ പഴയകാല ഓർമകള്‍ പറയുമ്പോൾ മോഹൻലാലിന്റെ കണ്ണുനിറഞ്ഞതും ആർദ്രമായ കാഴ്ചയായി.
‘‘ഈ സിനിമ ഇപ്പോൾ കാണുമ്പോൾ ഞാൻ കാണുന്ന ഫ്രെയിമുകൾ അന്ന് ചിത്രീകരിക്കാൻ പറ്റിയോ എന്ന് ആലോചിച്ചുപോകുകയാണ്. ലൊക്കേഷൻ കാണാന്‍ പോകുമ്പോൾ വെള്ളത്തിൽ നിന്നും തണുപ്പിങ്ങനെ വരുന്നത് കാണാൻ പറ്റുന്നത് അതിരാവിലെയാണ്. എന്തൊരു അഹങ്കാരിയായ ഛായാഗ്രാഹകനാണ് ഞാനെന്ന് ഇപ്പോൾ തോന്നുന്നു. ഈ കുട്ടികളെയൊക്കെ കൊണ്ടുപോയി അതിരാവിലെ എത്തിച്ചാണ് ഇതൊക്കെ ഷൂട്ട് ചെയ്തത്.
ലാൽ വളരെ ഇമോഷനലായി നിൽക്കുന്ന ഫ്രെയിമിൽ പുറകിൽ വെള്ളത്തിൽ കാണുന്ന പുകയൊന്നും ഞങ്ങൾ സ്മോക്ക് ഇട്ടതല്ല. ഇന്നത് കാണുമ്പോൾ ഒരുപാട് വികാരങ്ങൾ തോന്നുന്നു. എനിക്കത് ഷൂട്ട് ചെയ്യാൻ പറ്റിയോ? ഞാൻ പറയുന്നതുപോലെ ലാൽ റെഡിയായോ? കുട്ടികൾ റെഡിയായോ? ഞാൻ ഷൂട്ട് ചെയ്തിട്ടുളള ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയേക്കാളും എത്ര വലുപ്പത്തിലുള്ള സിനിമയാണ് ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരുന്നത്.
സത്യം പറഞ്ഞാൽ മോഹൻലാല്‍ അതിന്റെയകത്ത് അവസാനം മരിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് എനിക്ക് അറിയാനായത്. ലാൽ ഒരു സിനിമയിലും മരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ‘താളവട്ടം’ മുതൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് ലാൽ ആണ്. ‘കിരീട’ത്തിൽ അച്ഛനു മുമ്പിലിരുന്ന് ചോദ്യം ചോദിക്കുമ്പോഴുമൊക്കെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്.
ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ ഛായാഗ്രാഹകനെ കരയിപ്പിച്ചിട്ടുള്ള ഏക നായകൻ മോഹൻലാൽ ആയിരിക്കും. ‘താളവട്ട’ത്തിന്റെ ക്ലൈമാക്സിൽ ഒരു ക്ലോസപ്പ് ഷോട്ട് ഉണ്ട്. നെടുമുടി വേണു, ലാലിനെ കഴുത്തു ഞെരിച്ച് കൊല്ലുന്ന രംഗം. അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എല്ല് പൊട്ടുന്നൊരു ശബ്ദം ഞാൻ കേട്ടു. ലാൽ അത് ക്രിയേറ്റ് ചെയ്തതാണ്. അത് ചിത്രീകരിക്കുമ്പോൾ പ്രിയൻ അവിടെനിന്നു മാറിക്കളഞ്ഞു, വേറെ എവിടെയോ പോയി.
ഞാൻ ആ ക്യാമറ ഓഫ് ചെയ്ത ശേഷവും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ ക്യാമറയുടെ മുൻപിൽ വച്ച് ധാരാളം എന്നെ കരയിപ്പിച്ചിട്ടുള്ള ലാലുവിനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളതും ഞാൻ തന്നെയാണ്. ഇതെല്ലാം ഒരു അദ്ഭുതമായാണ് ഞാനിപ്പോൾ കാണുന്നത്. കമലിനെയൊക്കെ അഭിനന്ദിച്ചെ മതിയാകൂ. എല്ലാത്തിനും എന്റെ കൂടെ നിന്നു.ജീവിതകാലം മുഴുവൻ സൂക്ഷിക്കാൻ ഈ സായാഹ്നവും ഈ സിനിമയും.’’–എസ്. കുമാറിന്റെ വാക്കുകൾ.
കമൽ സംവിധാനം ചെയ്ത ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന സിനിമയിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഒരു ഒത്തുചേരൽ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സിനിമയിലെ 10 ബാലതാരങ്ങളും പങ്കെടുത്തിരുന്നു.