പരുത്തിവീരനുശേഷം കാർത്തിയെ വീട്ടിലെത്തി കെട്ടിപ്പിടിച്ചത് ഈ സിനിമ കണ്ടിട്ടാണ്: സൂര്യ
Mail This Article
അപൂർവമായി മാത്രം നമുക്ക് ലഭിക്കുന്ന സിനിമയാണ് 'മെയ്യഴകൻ' എന്നും, ചിത്രം എല്ലാവരും തിയറ്ററിൽ കണ്ട് ആസ്വദിക്കണമെന്നും നടൻ സൂര്യ. ‘‘2 ഡി നിർമിച്ചതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് മെയ്യഴകന്‍. പരുത്തി വീരനു ശേഷം ഞാനൊരു സിനിമ കണ്ട് കാർത്തിയെ കെട്ടിപ്പിടിക്കുന്നത് ഈ സിനിമ കണ്ടാണ്.’’–ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യ പറഞ്ഞു.
സിനിമയുടെ സംഗീതം നിർവഹിച്ച ഗോവിന്ദ് വസന്തയെയും സൂര്യ പ്രശംസിക്കുകയുണ്ടായി. ‘വസന്ത എന്നത് അമ്മയുടെ പേരാണെന്ന് ഇപ്പോൾ സ്റ്റേജിൽ വച്ചാണ് എനിക്ക് മനസ്സിലായത്. എന്റെ മകന്റെ േപരും ദേവ് ജ്യോതിക സൂര്യ എന്നാണ് എഴുതുന്നത്. നിങ്ങളും അതേപോലെയാണ് പേര് ചേർത്തിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. 2ഡിയുമായി ചേർന്നുള്ള മൂന്നാമത്തെ സിനിമയാണ്.’’–സൂര്യയുടെ വാക്കുകൾ.
‘‘സിനിമയെ സിനിമയായി മാത്രം കാണുക. ഒരു സിനിമ എത്ര ഓപ്പണിങ് നേടി, കലക്‌ഷൻ നേടി എന്ന ടെൻഷൻ പ്രേക്ഷകർക്ക് വേണ്ട. സിനിമയെ സെലിബ്രേറ്റ് ചെയ്യുക. സിനിമകൾ റിവ്യൂ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇതൊക്കെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന സിനിമകളാണ്.’’–സൂര്യ പറഞ്ഞു.
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മെയ്യഴകൻ. സെപ്റ്റംബർ 27ന് ചിത്രം തിയറ്ററിലെത്തും. '96' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 96ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മെയ്യഴകനുണ്ട്. സംഗീതത്തിന് പ്രധാന്യം നൽകി ഇമോഷണൽ ഫീൽഗുഡ് ജോണറിലാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന മെയ്യഴകനായി, ആർ. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കാർത്തിയുടെ 27-ാമത്തെ ചിത്രമാണ് മെയ്യഴകൻ.