‘ഒരു ചതിയന്റെ വിജയം’; വൈറലായെന്നറിഞ്ഞത് വൈകി: സുരേഷ് കൃഷ്ണ പറയുന്നു
Mail This Article
‘ദുബായ് ജോസെ’ന്ന വൻമരം വീണു, ഇനിയാര്... സൈബർലോകം കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരവുമായി പുതിയ ആൾ എത്തിക്കഴിഞ്ഞു. ‘ദ് കൺവിൻസിങ് സ്റ്റാർ !’ മലയാളികളുടെ പ്രിയതാരം സുരേഷ് കൃഷ്ണയ്ക്കാണ് പുതിയ വിശേഷണം ലഭിച്ചിരിക്കുന്നത്. ഈ പേരിനു പിന്നിലെ ‘പോസിറ്റീവ് വൈബ്’ ആസ്വദിക്കുകയാണ് സുരേഷ്കൃഷ്ണ.
അനേകം സിനിമകളിൽ അടുത്ത സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത നടനാണ് സുരേഷ് കൃഷ്ണ. ഈ സമാനത കണ്ടെത്തിയ സോഷ്യൽമീഡിയ പുലികളാണ് ‘കൺവിൻസിങ് സ്റ്റാർ’ എന്ന വിശേഷണവുമായെത്തിയിരിക്കുന്നത്. ക്രിസ്റ്റ്യൻ ബ്രദേഴ്സിൽ മോഹൻലാലിന്റെ കഥാപാത്രത്തെ പറഞ്ഞു വിശ്വസിപ്പിച്ച് തോക്ക് കയ്യിൽ പിടിപ്പിച്ച് കൊലപാതക സ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന സുരേഷ്കൃഷ്ണയുടെ കഥാപാത്രം സമീപകാലത്ത് വീണ്ടും വൈറലായിരുന്നു. ഏറ്റവുമൊടുവിൽ നടികർതിലകത്തിൽപ്പോലും സുരേഷ്കൃഷ്ണയുടെ കഥാപാത്രം ടൊവിനോ തോമസിനെ പറഞ്ഞു ‘കൺവിൻസ് ’ ചെയ്യിപ്പിക്കുന്ന രംഗമുണ്ട്. ഈ സമാനതകളാണ് പ്രേക്ഷകർ ഏറ്റെടുത്ത്് ഇപ്പോൾ വൈറലാക്കിയിരിക്കുന്നത്.
വൈബിനൊപ്പം സുരേഷ്കൃഷ്ണയും ഒരുമുഴം മുൻപേ നീട്ടിയെറിഞ്ഞു കഴിഞ്ഞു. തന്റെ ഫോട്ടോ ഇൻസ്റ്റയിലിട്ട് ‘നിങ്ങൾ ലൈക്കടിച്ചിരി ഞാനിപ്പൊ വരാ’മെന്ന് സുരേഷ് കൃഷ്ണ പോസ്റ്റിട്ടു. സിനിമയിലെ ‘കൺവിൻസിങ്’ ഡയലോഗിനെ ഓർമിപ്പിക്കുന്ന ഈ പോസ്റ്റിനു താഴെ ‘ഒകെ, ഐ ആം കൺവിൻസ്ഡ്’ എന്ന് സംവിധായകൻ ബേസിൽ ജോസഫ് കമന്റിട്ടതോടെ ഈ പോസ്റ്റും വൈറലായി.
കൺവിൻസിങ് സ്റ്റാർ വിശേഷണത്തെക്കുറിച്ച് സുരേഷ്കൃഷ്ണ:
എല്ലായിടത്തും കൺവിൻസിങ്. സ്റ്റാർ തരംഗം ആണല്ലോ?
‘‘ഞാൻ സോഷ്യൽമീഡിയയിൽ സജീവമായ ആളല്ല. ഇൻസ്റ്റയൊക്കെ വല്ലപ്പോഴും മാത്രമാണ് നോക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇത്തരമൊരു സംഗതി വൈറലായത് ആദ്യം അറിഞ്ഞിരുന്നില്ല.’’
ആരാണ് പുതിയ തരംഗത്തെക്കുറിച്ച് അറിയിച്ചത്?
‘‘മരണമാസ് എന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോഴുള്ളത്. സെറ്റിൽ പുതുതലമുറയിൽപ്പെട്ട ഒരുപാടുപേരുണ്ട്. അവരാണ് ഇൻസ്റ്റയിൽ പോസ്റ്റുകൾ വൈറലായത് ആദ്യം കാണിച്ചുതന്നത്. രാത്രിയിലാണ് ഷൂട്ടിങ്. രാവിലെ ആറുവരെയൊക്കെ ഷൂട്ട് പോവും. പകൽ ഉറക്കത്തിലാണ്. എഴുന്നേൽക്കുമ്പോൾ മുതൽ വാട്‌സാപ്പിൽ ലിങ്കുകളുടെ പെരുമഴയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഫോണിൽ ഓരോ ലിങ്കുകൾ അയച്ച് തന്നു. എല്ലാ ട്രോളുകളും ഞാൻ ആസ്വദിച്ചു. തമാശ കണ്ട് ചിരിച്ചു. വീട്ടുകാരും ഇതൊക്കെ ആസ്വദിക്കുന്നുണ്ട്.’’
വേഷങ്ങളിലെ സമാനത ശ്രദ്ധിച്ചിരുന്നോ?
‘‘ഏറെക്കാലം മുൻപ് അഭിനയിച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ വൈറലായത്. അന്നൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അടുത്ത സിനിമയിലേക്ക് പോവുകയായിരുന്നു. സമാനതകളൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം ആദ്യമായി കണ്ടുപിടിച്ച വ്യക്തിക്കാണ് അഭിനന്ദനം.’’