ADVERTISEMENT

മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളും ഉയര്‍ച്ച താഴ്ചകളും പ്രതീകാത്മമായി ധ്വനിപ്പിക്കുന്ന ഒന്നാണോ ടി.പി.മാധവന്റെ ജീവിതമെന്ന് തോന്നാം. ആ വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. സമുന്നതമായ ഒരു പശ്ചാത്തലത്തില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹം 600ലധികം പടങ്ങളില്‍ അഭിനയിച്ചു. നിരവധി തലമുറകള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടു. താരസംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. ഇതര താരങ്ങളില്‍ നിന്ന് വിഭിന്നമായി ആരുടെയും അപ്രീതി സമ്പാദിക്കാതെ എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. എന്നിട്ടും അവസാനകാലം അദ്ദേഹത്തിനായി കാത്തുവച്ചത് ഒറ്റപ്പെടലും വേദനകളും മാത്രം. പക്ഷേ ടിപിക്ക് അതില്‍ വല്ലാത്ത സങ്കടമുളളതായി ഒരു ഘട്ടത്തിലും തോന്നിയില്ല. ആരോഗ്യമുളള കാലത്തും അത് നഷ്ടപ്പെട്ട കാലത്തും ഒരു തരം ഊറിയ ചിരിയുമായി മാത്രമേ ആ മനുഷ്യനെ പൊതുസമൂഹം കണ്ടിട്ടുളളു. ഒരു തരം കുസൃതിച്ചിരി. അത് ടിപിയുടെ ബ്രാന്‍ഡ് മാര്‍ക്കായിരുന്നു.

എല്ലാവരും അധിക്ഷേപങ്ങള്‍ വാരിച്ചൊരിഞ്ഞപ്പോഴും അദ്ദേഹം ഒരിക്കലും ഭാര്യയെയും മകനെയും കുറ്റപ്പെടുത്താന്‍ നിന്നില്ല. ആയ കാലത്ത് താനവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നും അതിന്റെ പ്രതിഷേധം പോലെ അവര്‍ ഉപേക്ഷിച്ചു പോയി എന്ന സത്യത്തോട് അദ്ദേഹം മാനസികമായി പൊരുത്തപ്പെട്ടിരിക്കാം. എന്നിരുന്നാലും അവസാനകാലത്ത് ഒരാഗ്രഹം അദ്ദേഹത്തെ തീവ്രമായി അലട്ടിയിരുന്നു. ഏകമകന്‍ രാജകൃഷ്ണ മേനോനെ ഒരു നോക്ക് കാണണം. അദ്ദേഹം ഹിന്ദിയിലെ തിരക്കുളള സംവിധായകനാണ്. അക്ഷയ് കുമാര്‍ അടക്കമുളളവരെ വച്ച് പടങ്ങളെടുക്കുന്ന ആളാണ്. ഏത് തിരക്കിനിടയിലും സമൂഹമാധ്യമങ്ങളിലുടെയുളള തന്റെ അഭ്യർഥന മാനിച്ച് ഒരു നോക്ക് കാണാനായി മകന്‍ വരുമെന്ന് തന്നെ അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ ഒരു നാളും അത് സംഭവിച്ചില്ല.

കുടുംബജീവിതത്തിൽ സംഭവിച്ചത്

എന്തായിരുന്നു അവര്‍ക്കിടയില്‍ സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമല്ല. ഒരു ചാനല്‍ അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞത് കുടുംബം തന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ്. സിനിമയില്‍ അഭിനയിക്കുന്നതില്‍ വിയോജിപ്പുളള ഭാര്യ തനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചതായും അദ്ദേഹം ഏറ്റു പറഞ്ഞു. എന്നാല്‍ മറുഭാഗം പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും അവരുമായി അടുത്ത വൃത്തങ്ങളില്‍ പറയുന്നത് മറിച്ചാണ്. മകന് രണ്ടര വയസുസ്സുളളപ്പോള്‍ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് അദ്ദേഹം സിനിമയുടെ ലഹരിക്കടിപ്പെടുകയായിരുന്നത്രെ. പിന്നീട് ഒരിക്കലും അദ്ദേഹം അവരെ തേടി ചെന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നിരാവലംബമായ ഘട്ടത്തില്‍ മകനെ കാണാനുളള ആഗ്രഹം മുഖവിലയ്‌ക്കെടുക്കാന്‍ രാജാകൃഷ്ണ മേനോന്‍ തയാറായില്ല. പിന്നീട് ആ ആഗ്രഹം മാധവന്‍ ആവര്‍ത്തിച്ചതുമില്ല. അപ്പോഴേക്കും കുടുംബത്തെ പോലെ തന്നെ ഓര്‍മകളും ടിപിയെ കയ്യൊഴിഞ്ഞിരുന്നു. മറവിരോഗം ബാധിച്ച ടി.പി. പരസ്പര ബന്ധമില്ലാതെ പലതും പുലമ്പുന്ന അവസ്ഥയിലെത്തി. 

ഒരു ഓണക്കാലത്ത് അദ്ദേഹത്തെ അഭിമുഖം ചെയ്യാന്‍ എത്തിയ സീരിയല്‍ നടി മലയാളത്തിലെ ഒരു താരം കാണാന്‍ വന്നിരുന്നോ എന്ന് ചോദിച്ചപ്പോള്‍-‘അതെങ്ങനെ...അയാള്‍ മരിച്ചു പോയില്ലേ?''

എന്ന് കുട്ടികളുടെ നിഷ്‌ളകങ്കതയോടെ ചോദിക്കുന്ന ടിപിയെ കണ്ട് നടി വിഷമിച്ചു നില്‍ക്കുന്ന കാഴ്ച പ്രേക്ഷകരെയും വേദനിപ്പിച്ചിരുന്നു. പിന്നീടൊരിക്കല്‍ ആരെങ്കിലും കാണാന്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതേ നടന്റെ പേരു പറയുന്ന ടിപിയെയും നാം കണ്ടു. ഓര്‍മകള്‍ മരിച്ച ഒരു മനുഷ്യന്റെ ജീവിതം എത്ര ദുസഹമാണെന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്. എന്നാല്‍ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് ഓര്‍മകളുടെ കൂടൊഴിഞ്ഞ ആ ദേഹവും ടിപിയെ വിട്ടു പോയിരിക്കുന്നു. 

മകനു വേണ്ടി കാത്തിരിക്കാന്‍ ഇനി ടിപിയില്ല. ഒരു നോക്ക് കാണാന്‍, ഒരു സാന്ത്വനവാക്ക് ചൊല്ലാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ഗാന്ധി ഭവന്റെ മട്ടുപ്പാവില്‍ പുറത്തേക്ക് മിഴികള്‍ നട്ടു നോക്കിയിരുന്ന ടിപി ഇനി മലയാളിക്ക് ഒരു ദുഖസ്മൃതി.

സാഹിത്യ പഞ്ചാനന്റെ കുടുംബത്തില്‍ നിന്ന്...

കലാപരമായ പാരമ്പര്യമുളള ഒരു കുടുംബത്തിലാണ് ടി.പി. മാധവന്റെ ജനനം. റേഡിയോ നാടകങ്ങളുടെ കുലപതിയായ  ടി.എന്‍.ഗോപിനാഥന്‍ നായരുടെ അനന്തിരവനായിരുന്നു അദ്ദേഹം. സാഹിത്യ പഞ്ചാനന്‍ പി.കെ.നാരായണപിളളയുടെ ചെറുമകനും. പിതാവ് ടി.എന്‍. പിളള കേരളാ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയിരുന്നു. ബിരുദാനന്തര ബിരുദധാരിയായ ടി.പി. ഇം ഗ്ലിഷ് ദിനപത്രത്തില്‍ 

ജേണലിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കുറച്ചു കാലം പരസ്യമേഖലയിലും ജോലി ചെയ്തു. ചെറുപ്പത്തില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന മാധവന് പഠനശേഷം ആര്‍മിയിലേക്ക് സിലക്ഷന്‍ കിട്ടി. എന്നാല്‍ നിയതി അദ്ദേഹത്തിനായി കാത്തുവച്ചിരുന്നത് അതായിരുന്നില്ല. ആ സമയത്ത് കൈക്ക് സംഭവിച്ച പരിക്ക് ആര്‍മിയിലേക്കുളള വഴി തടഞ്ഞു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞു. ബെംഗളൂരില്‍ ഇംപാക്ട് എന്നൊരു പരസ്യക്കമ്പനി തുടങ്ങിയെങ്കിലും വിജയിച്ചില്ല. അവിടെ വച്ച് നടന്‍ മധുവിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. സിനിമ തലയ്ക്ക് പിടിച്ച മാധവന്‍ മദ്രാസിലേക്ക് വണ്ടി കയറി. ഭാര്യയുടെ എതിര്‍പ്പുകള്‍ അദ്ദേഹം കാര്യമാക്കിയില്ല. അങ്ങനെ കുടുംബവുമായുളള ബന്ധത്തിന്റെ കണ്ണി എന്നേക്കുമായി അറ്റുപോയി. 

tp-madhavan-actor-433

‘രാഗം’ എന്ന പടത്തില്‍ പുരോഹിതനായി അഭിനയിച്ചു തുടങ്ങിയ മാധവന് പിന്നീട്  നെഗറ്റീവ് ടച്ചുളള കഥാപാത്രങ്ങളാണ് കുടുതലും ലഭിച്ചത്. ടിപിയുടെ ചിരിയും മാനറിസങ്ങളും രൂപവുമെല്ലാം അത്തരം കഥാപാത്രങ്ങള്‍ക്ക് വേറിട്ട ഭാവം പകര്‍ന്നു. അതോടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം നിരവധി  പടങ്ങളില്‍ സമാനമായ റോളുകള്‍ ചെയ്തു. ഗോവിന്ദന്‍കുട്ടിയും കെ.പി.ഉമ്മറും ബാലന്‍ കെ.നായരും ജോസ് പ്രകാശും മറ്റും പോലെ അലറുന്ന വില്ലനായിരുന്നില്ല ടിപി. സൗമ്യതയുടെ പുറംതോടിനുളളില്‍ ക്രൗര്യം ഒളിപ്പിച്ചു വച്ച നല്ല തറവാടിയായ വില്ലന്‍. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം പുതിയ ഭാവപ്പകര്‍ച്ച നല്‍കി.

പൊടുന്നനെയാണ് അതുവരെ കാണാത്ത ഒരു മാധവനെ സത്യന്‍ അന്തിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ കമ്പനി എംഡി പെരുമാറുന്നത് വളരെ ഗൗരവമായിട്ടാണെങ്കിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു. ഇന്നലെ കണ്ടപ്പോള്‍ തനിക്ക് ഇത്രയും താടിയില്ലായിരുന്നല്ലോയെന്ന് ടിപി ചോദിക്കുമ്പോള്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നു. ഞങ്ങള്‍ക്ക് പാരമ്പര്യമായി താടി ഒറ്റയടിക്ക് വളരും സര്‍...ആ സിനിമയില്‍ ടിപിയുടെ കഥാപാത്രം ചെറുതായിരുന്നെങ്കിലും തനത് ശൈലിയിലുടെ അദ്ദേഹം അത് ഗംഭീരമാക്കി. അയാള്‍ കഥയെഴുതുകയാണ്, നരസിംഹം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍  ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. താരസംഘടനയുടെ നേതൃത്വത്തില്‍ വന്നതോടെ ടിപിയുടെ പ്രാമാണികത്തം അഭിനേതാക്കള്‍ക്കിടയില്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടു.

ജീവിതം ഒരു ആഘോഷം

സരസമായി സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. മുഖത്ത് ഒരിക്കലും മായാത്ത ചിരി. അടുപ്പമുളളവരെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കുന്ന മാധവനില്‍ വിപരീതമായി ഒന്നും കണ്ടെത്താന്‍ അത്ര പെട്ടെന്ന് ആര്‍ക്കും കഴിയില്ല. ജീവിതം എന്നും ഒരു ആഘോഷമായിരുന്നു അദ്ദേഹത്തിന്. നിറയെ സുഹൃത്തുക്കള്‍. അവര്‍ക്കൊപ്പമുളള കുടിച്ചേരലുകള്‍. അതിന്റെ എല്ലാ ഗുണദോഷങ്ങളും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. വര്‍ണാഭമായ ആ ജീവിതത്തിനിടയില്‍ സ്വന്തം കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്. മാധവന്റെ അഭാവം അറിയിക്കാതെ മകനെയും മകളെയും വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം ഭാര്യയാണ്. 

എന്തിനും ഏതിനും തുണയായി സുഹൃത്തുക്കള്‍ കൂടെ നിന്നപ്പോള്‍ മറ്റൊന്നും ഒരു നഷ്ടമായി ടിപിക്ക് തോന്നിയതുമില്ല. മകന്‍ പഠനശേഷം മുംബൈയിലെ വലിയ പരസ്യക്കമ്പനിയുടെ സാരഥ്യം വഹിച്ചതും പരസ്യചിത്ര നിര്‍മാണരംഗത്ത് ടി.പിക്ക് ചിന്തിക്കാന്‍ കഴിയാത്ത ഉയരങ്ങളിലെത്തിയതും പിന്നീട് ബോളിവുഡ് സിനിമയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചതുമെല്ലാം അകലെ മാറി നിന്ന് ഒരു കാഴ്ചക്കാരനെ പോലെ അദ്ദേഹം നോക്കി കണ്ടു. എയര്‍ലിഫ്റ്റ്, ഷെഫ് പോലുളള മികച്ച ഹിന്ദി സിനിമകളുടെ ക്രഡിറ്റ് ടൈറ്റിലില്‍ മകന്റെ നാമധേയം കോടിക്കണക്കിന് പ്രേക്ഷകരിലൊരാളായി മാധവനും കണ്ടു. സംവിധാനം : രാജാകൃഷ്ണ മേനോന്‍.

സിനിമയുടെയും സംഘടനയുടെയും സൗഹൃദങ്ങളുടെയും ആഘോഷങ്ങളില്‍ അഭിരമിച്ചിരുന്ന ടിപിക്ക് അക്കാലത്ത് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എനിക്ക് എന്റെ വഴി. മകന് മകന്റെ വഴി എന്ന മട്ടില്‍ ലാഘവത്വത്തോടെ കണ്ടു. 

ആ നല്ലനാളുകള്‍ മായുമ്പോള്‍...

കാലം കടന്നു പോകവെ സിനിമയില്‍ ന്യുജന്‍ തരംഗം പിടിമുറുക്കി. ടിപിയെ പോലെ അമ്മാവന്‍മാര്‍ക്കും കാര്യസ്ഥന്‍മാര്‍ക്കും യോജിച്ച കഥാപാത്രങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഫലത്തില്‍ അവസരങ്ങള്‍ ഇല്ലാതായി. സിനിമയില്‍ ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിലുപരി ജീവിതം തനിക്ക് കൈവിട്ട് പോവുകയാണെന്നും. നല്ല കാലത്ത് സ്വരുക്കൂട്ടിയ സമ്പാദ്യമത്രയും നയാപൈസ സൂക്ഷിച്ചു വയ്ക്കാതെ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ജീവിച്ചു. പണം എവിടെ പോയെന്ന് പോലും നിശ്ചയമുണ്ടായിരുന്നില്ല. സ്ഥിരമായി ഒരു പാര്‍പ്പിടം തല്ലിക്കൂട്ടാന്‍ പോലും  മറന്നു പോയിരുന്നു. ഇനി അതിനുളള സാഹചര്യമില്ല. ജോലിയും വരുമാനവും കുടുംബവും നഷ്ടപ്പെട്ടു. പ്രതാപകാലത്ത് ഒപ്പം നിന്ന സുഹൃത്തുക്കള്‍  കണ്ടാല്‍ മിണ്ടാതായി. ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി. 

ടിപി ഒരു ബാധ്യതയായി മാറുമെന്ന് അവരില്‍ പലരും ഭയന്നു. ഒറ്റപ്പെടലിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ ഉലച്ചു. കുറച്ച് മനഃസമാധാനം തേടിയാണ് ഹരിദ്വാറിലേക്കുളള യാത്രകള്‍ പതിവാക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്തരമൊരു യാത്രക്കിടയില്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ അദ്ദേഹം കൂഴഞ്ഞു വീണു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നാലെ പക്ഷാഘാതവും സംഭവിച്ചു. രോഗം കുറച്ചൊന്ന് ഭേദമായെങ്കിലും അപ്പോഴേക്കും ഏറെക്കുറെ അവശനായിരുന്നു. തലസ്ഥാനത്ത് ഒരു ലോഡ്ജില്‍  ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട് അദ്ദേഹത്തെ കണ്ടെത്തി പുനലൂര്‍ ഗാന്ധി ഭവനിലെത്തിക്കുന്നത്. 

tp-madhavan-actor-43

തമ്പാനൂരിലെ കുടുസുമുറിയില്‍ വിയര്‍ത്തു കുളിച്ച് കഴിഞ്ഞ മാധവന്റെ ഏറ്റവും വലിയ ആഗ്രഹം കുറച്ചു നാളത്തേക്കെങ്കിലും ഒരു എസി മുറിയില്‍ കഴിയണമെന്നായിരുന്നു. 1500 ഓളം അന്തേവാസികളുളള ഗാന്ധിഭവന്‍ ടിപിയെ ഒരു സ്‌പെഷല്‍ റൂമിലേക്ക് മാറ്റി ആഗ്രഹനിവൃത്തി വരുത്തി. അവിടെ അന്തേവാസിയായി കഴിയുന്നതിനിടയിലും ചെറിയ ചില വേഷങ്ങള്‍ ചെയ്തു. എന്നാല്‍ ആ മടങ്ങി വരവിന് ആയുസുണ്ടായില്ല. അനാരോഗ്യം അദ്ദേഹത്തെ കാര്‍ന്നു തിന്നുകൊണ്ടേയിരുന്നു. അത് മറവി രോഗത്തിന്റെ രൂപത്തില്‍ കടന്നാക്രമിച്ചതോടെ ഇനിയൊരു കലാജീവിതം സാധ്യമല്ലെന്ന് ചുറ്റുമുളളവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ പൂര്‍ണമായും അദ്ദേഹം ഗാന്ധിഭവന്റെ ഭാഗമായി. വല്ലപ്പോഴും അത്യപൂര്‍വമായി തന്നെ തേടി വരുന്ന പഴയ സഹപ്രവത്തകര്‍ക്ക് മുന്നില്‍ അദ്ദേഹം പ്രതീക്ഷയോടെ പുഞ്ചിരിച്ചു. അപ്പോഴും ഇനി ആര്‍ക്കുവേണ്ടി എന്തിന് വേണ്ടി ജീവിക്കണം എന്ന ചോദ്യം അദ്ദേഹത്തെ അലട്ടി.

മറഞ്ഞും തെളിഞ്ഞും ഒളിച്ചു കളിക്കുന്ന ഓര്‍മകളുടെ മിന്നലാട്ടത്തിനിടയില്‍ അദ്ദേഹം ചിലതൊക്കെ ഓര്‍ത്തു. ചിലതൊക്കെ മറന്നു. പിന്നെ ഏറെക്കുറെ പൂര്‍ണമായി തന്നെ എല്ലാം മറന്നു. വളരെ അടുത്തവരെ പോലും തിരിച്ചറിയാതായി. അവസാനമായി അദ്ദേഹം പറഞ്ഞ ഒരു വാക്കില്‍ മനുഷ്യാവസ്ഥയുടെ സാരസര്‍വസ്വമുണ്ടായിരുന്നു.

‘ഇനിയാരെങ്കിലും കാണാന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ടോ?' എന്ന അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. ‘ഓ...എന്നെ കാണാന്‍ ആര് വരാന്‍...?’

അതുകേട്ട് മറഞ്ഞു നിന്ന മരണം ടിപിയെ അനാഥത്വമില്ലാത്ത ഏതോ അദൃശ്യലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതാകാം. ടിപി ഓര്‍മയാകുമ്പോള്‍ ഓര്‍മയില്‍ വരുന്നത് മധുമുട്ടത്തിന്റെ ആ പ്രസിദ്ധമായ വരികളാണ്.

‘‘വരുവാനില്ലാരുമിങ്ങൊരുനാളുമീ 

വഴിക്കറിയാം അതെന്നാലുമെന്നും

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍

വെറുതേ മോഹിക്കുമല്ലൊ

എന്നും വെറുതേ മോഹിക്കുമല്ലോ?''

ഒരിക്കലും സംഭവിക്കാത്ത ഒരു കൂടിക്കാഴ്ചയുടെ വ്യഥ പേറുന്ന മനസുമായി ടിപിയുടെ ആത്മാവ് പറന്നകലുമ്പോള്‍ മനസ്സില്‍ അവസാനമില്ലാത്ത ഒരു നൊമ്പരപ്പൊട്ട് ബാക്കി. 

English Summary:

TP Madhavan's Life and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com