പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ?, ഒരുമിച്ച് ഇനി സിനിമകളില്ലേ: കുറിപ്പുമായി ലിസ്റ്റിൻ
Mail This Article
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് രസകരമായ പിറന്നാൾ ആശംസകളുമായി നിർമാതാവും അടുത്ത സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജുമായി ഒരുമിച്ചുള്ള സിനിമകൾ തന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾക്ക് കാരണമായെന്ന് ലിസ്റ്റിൻ പറയുന്നു. കൂടാതെ കുറച്ചു ദിവസങ്ങളായി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യത്തിനും ലിസ്‌റ്റിൻ മറുപടി നൽകുന്നുണ്ട്. ‘‘പൃഥ്വിരാജുമായി തെറ്റിപ്പിരിഞ്ഞോ’’ എന്ന ചോദ്യങ്ങൾക്ക് തനതു സ്റ്റൈലിലുള്ള മറുപടിയാണ് ലിസ്റ്റിന്‍ നൽകുന്നത്.
‘‘ഞാൻ കുറെ നേരം ഇരുന്ന് ഫോണിൽ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോയ്ക്കു വേണ്ടി. അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയിൽ പെട്ടത് ‘ഓൾഡ് ഈസ് ഗോൾഡ്’. പിന്നെ ഞാൻ ഫോണിൽ ചികയാനായി ഒന്നും നിന്നില്ലാ ... അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ. ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട്, ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ...? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ?
അപ്പോൾ ഞാൻ പറയുമായിരുന്നു പൃഥ്വി, അഭിനയം, സംവിധാനം ഒക്കെ കാരണം ഭയങ്കര ബിസി ആണ്. സത്യത്തിൽ ഞാൻ ആണേൽ അതിനേക്കാൾ ബിസിയാണ്. പക്ഷേ രാജു ഫ്രീ ആയാൽ, എന്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റിവച്ച് ലാലേട്ടൻ പടത്തിൽ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും. എന്താ, വരട്ടെ പുതിയ പ്രോജക്ടുമായിട്ട്.
2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ ? കുറച്ചു കൂടെ സ്പീഡിൽ പടങ്ങൾ ഒക്കെ ചെയ്യ്. വരുമാനം കിട്ടുന്നതല്ലേ. ബോംബെയിൽ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ? ബാങ്ക് ലോൺസ്, മറ്റു ചെലവുകൾ ഒക്കെ കാണില്ലേ ? വലിയ പ്ലാനിങ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം. എന്നാലും അതൊക്കെ വേഗത്തിൽ അടച്ചു തീർക്കണ്ടെ ? ആലോചിച്ച് പതുക്കെ പറഞ്ഞാൽ മതിയെ. നമ്മൾ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങൾ, എന്റെ ജീവിതത്തിൽ ഒരുപാട് മറ്റു നല്ല കാര്യങ്ങൾക്ക് കാരണമായി. നന്ദി പ്രിയ പൃഥ്വി, ദൈവത്തിനും നന്ദി.
ഒരിക്കൽകൂടി സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു രാജു. ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങൾക്ക് ഇടയിൽ, വൈകിട്ട് കുപ്പികൾ പൊട്ടിക്കുമ്പോൾ... സസ്‌പെൻസിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ..
എൻബി : നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കേക്കുമായി വരാൻ ഇരുന്നതാ. ബോംബെ വീടിന്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി. കുടുംബത്തിനൊപ്പം ഈ പ്രിയപ്പെട്ട ദിവസം ആസ്വദിക്കൂ.’’–ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകള്‍.