‘വേട്ടയ്യനും’ നഷ്ടക്കച്ചവടം; രജനിക്കു മുന്നിൽ നിബന്ധനയുമായി ലൈക?
Mail This Article
രജനികാന്ത് ചിത്രം ‘വേട്ടയ്യനും’ ബോക്സ്ഓഫിസിൽ കാലിടറിയതോടെ നിർമാണക്കമ്പനിയായ ലൈക പ്രൊഡക്‌ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. 300 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ നിര്‍മാണക്കമ്പനി രജനിക്കു മുന്നിൽ പുതിയ നിബന്ധന വച്ചെന്നും വാർത്തകളുണ്ട്.
‘വേട്ടയ്യനി’ലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, ഈ അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലെെക്ക നിര്‍മിച്ച ചിത്രങ്ങള്‍. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല.
അതേസമയം ‘വേട്ടയ്യൻ’ വലിയ വിജയമായി കൊണ്ടാടുകയാണ് ലൈക പ്രൊഡക്‌ഷൻസ്. ചിത്രത്തിലെ അണിയറക്കാർക്കായി പ്രത്യേക വിജയാഘോഷ പരിപാടിയും ലൈക നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളെ ഇത്തരം പോസ്റ്റുകൾ കൊണ്ട് തള്ളുകയാണ് ലൈക.
കേരളത്തിലും ആന്ധ്രയിലുമൊക്കെ ചിത്രത്തിന് വേണ്ടത്ര കലക്‌ഷൻ നേടാനായില്ല. ഹിന്ദി പതിപ്പിനും വെറും ഏഴ് കോടിയാണ് ഇതുവരെ നേടാനായത്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാരിയർ തുടങ്ങിയ വൻതാരനിര ഭാഗമായ സിനിമയാണ് ‘വേട്ടയ്യൻ’.