‘വാഴ്‍ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുക’; മുറപ്പെണ്ണിന് മിന്നു ചാർത്തി ബാല; വധു കോകില
Actor Bala Wedding
Mail This Article
വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നാലാം വിവാഹ ജീവിതത്തിലേക്കു കടന്ന് ബാല. ബാലയുടെ മാമന്റെ മകൾ കോകിലയാണ് ജീവിത സഖി ആയെത്തുന്നത്. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
‘‘എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാൻ പറ്റിയില്ല, 74 വയസ്സുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്‍ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുക.
കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്. ’’–വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഒരിക്കൽപോലും വെളിപ്പെടുത്തിയിരുന്നില്ല. 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു.
എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. തന്നെ കല്യാണം കഴിക്കുന്നതിന് മുന്‍പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന് ഈ ഗായിക തന്നെ പിന്നീട് തുറന്നു പറയുകയും ചെയ്തു. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.
അതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഗായികയെയും മകളെയും ആക്ഷേപിക്കുന്നുവെന്ന പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ വീണ്ടും വിവാഹിതനാകുമെന്ന് നടൻ പ്രഖ്യാപിച്ചു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നു.