ADVERTISEMENT

പ്രണവ് മോഹൻലാലുമായും സുചിത്ര മോഹൻലാലുമായുമുള്ള മനോഹരമായ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. താരപുത്രൻ ആകുന്ന അനുഭവത്തെക്കുറിച്ച് പ്രണവ് മോഹൻലാലുമായി സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ദുൽഖറിന്റെ ഹൃദയസ്പർശിയായ മറുപടി. പ്രണവിന്റെ ജീവിതരീതിയും സിനിമാ തിരഞ്ഞെടുപ്പുകളും ഇഷ്ടമാണെന്ന് ദുൽഖർ പറഞ്ഞു. ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ പ്രണവിനെക്കുറിച്ചും സുചിത്ര മോഹൻലാലിനെക്കുറിച്ചും സംസാരിച്ചത്. 

ദുൽഖറിന്റെ വാക്കുകൾ: ‘‘ഞാനും പ്രണവും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. ഒരുമിച്ചു കൂടുമ്പോൾ ഞാനെപ്പോഴും കുട്ടികൾക്ക് ഒപ്പമാവും. അങ്ങനെ പ്രണവിനൊപ്പം കുറെ സമയം ചെലവഴിച്ചിട്ടുണ്ട്. പിന്നെ, ഞാൻ കോളജിലായി. പ്രണവും പഠനത്തിരക്കിലായി. അതുകൊണ്ട്, മുതിർന്നതിനുശേഷം അങ്ങനെ ഒരുമിച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോൾ വലിയ സന്തോഷമാണ്. 

സുചി ആന്റിയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. പ്രണവിന്റെ സിനിമകൾ വരുമ്പോൾ സുചി ആന്റി എന്നോട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയും. ആന്റി സോഷ്യൽ മീഡിയയിൽ ഇല്ല. ആന്റി അങ്ങനെ ചോദിക്കുമ്പോൾ അതു ചെയ്തു കൊടുക്കാൻ എനിക്ക് വലിയ സന്തോഷമാണ്. സത്യത്തിൽ മുതിർന്നവരെപ്പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയിൽ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. ഞങ്ങളുടെ ജീവിതങ്ങൾ വളരെയേറെ വ്യത്യസ്തമാണ്. പ്രണവ് എപ്പോഴും കറക്കത്തിലാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ആ ജീവിതം എനിക്ക് വളരെ ഇഷ്ടമാണ്.’’

മകളുടെ പഠനത്തിനായി കുടുംബത്തിനൊപ്പം ചെന്നൈയിലേക്ക് മാറിയെന്നും ദുൽഖർ പറഞ്ഞു. കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയം മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ഡിസ്കണക്ട് ചെയ്യാറുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. ‘‘ചില സമയങ്ങളിൽ എല്ലാ കാര്യങ്ങളിൽ നിന്നും ഡിസ്കണക്ട് ആകുന്ന ശീലം എനിക്കുണ്ട്. പ്രത്യേകിച്ചും ഞാൻ വീട്ടിൽ ചെലവഴിക്കുന്ന സമയം. ഞാനിപ്പോൾ മൂന്നു നഗരങ്ങൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കൾ കൊച്ചിയിലാണ്. മകളുടെ പഠനത്തിനായി ഞാനും ഭാര്യയും ചെന്നൈയിലേക്ക് മാറി. എന്റെ പഠനകാലത്ത് എന്റെ മാതാപിതാക്കളും അങ്ങനെയാണ് ചെയ്തത്. അതുകൊണ്ട് വീട്ടിൽ ആയിരിക്കുന്ന സമയം ഞാൻ ജോലിയെക്കുറിച്ച് ഓർക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ആ നിമിഷം ആസ്വദിക്കും. വർത്തമാനത്തിന് ഇടയിൽ ഓർഗാനിക് ആയി സിനിമ വന്നാൽ സംസാരിക്കും. അത്രമാത്രം.’’

English Summary:

Dulquer Salmaan Reveals Heartwarming Details About His Bond with Pranav & Suchitra Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com