ADVERTISEMENT

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന മലയാളിയായ ഉണ്ണിക്കണ്ണന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ തന്നെ വിക്രവാണ്ടിയിൽ ഉണ്ണിക്കണ്ണൻ എത്തിയിരുന്നു. 

വലിയൊരു പാത്രത്തിൽ മിഠായികളുമായാണ് ഉണ്ണിക്കണ്ണൻ വിക്രവാണ്ടിയിലെ സമ്മേളന സ്ഥലത്ത് എത്തിയത്.  സമ്മേളനത്തിന് എത്തിയവർക്കെല്ലാം മിഠായി വിതരണം ചെയ്തു. കേരളത്തിൽ നിന്നു വന്ന ആരാധകനാണ് താനെന്ന് ഉണ്ണിക്കണ്ണൻ പറയുമ്പോൾ അടുത്തു നിൽക്കുന്ന പലരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴുത്തിലും കയ്യിലുമെല്ലാം വിജയ്‌യുടെ ഫോട്ടോ തൂക്കിയാണ് ഉണ്ണിക്കണ്ണൻ നടന്നത്. പക്ഷേ അമിതമായ ചൂടു നിമിത്തം സമ്മേളനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഉണ്ണിക്കണ്ണൻ അവിടെനിന്നും തിരികെ പോകുകയായിരുന്നു.

‘‘തനിച്ചാണ് വന്നത്. ഞാൻ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല. എനിക്ക് വിജയ് സാറിനെ ഒന്ന് കാണണം. അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻ പോയിരുന്നു. അന്ന് ഒരു മിന്നായം പോലെ കണ്ടു. ഇപ്പോൾ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഞാനെന്തു തെറ്റാണ് ചെയ്തത്. കാശുള്ളവന് മാത്രമേ ഇതൊക്കെ പറ്റൂ. എന്നെപ്പോലൊരാള്‍ക്ക് എങ്ങനെ പറ്റാനാണ്.

വിജയ് അണ്ണനെ ഒന്നു കാണാൻ പറ്റിയാൽ മതി. അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകിൽ നിന്നാല്‍ മതി, ഡയലോഗ് ഒന്നും വേണ്ട. എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്തു തരാമോ? ഇതൊന്നും കാണുന്ന ഒരു സിനിമാ താരങ്ങളും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.

സമ്മേളനത്തിന് ഞാന്‍ നിൽക്കുന്നില്ല. ഭയങ്കര വെയിലും ചൂടുമാണ്. തലവേദന എടുക്കുന്നു. നേരം വൈകിയാൽ തിരിച്ചു വണ്ടിയും ലഭിക്കില്ല. പത്ത് കിലോമീറ്ററോളം നടന്നു കഴിഞ്ഞു. വയ്യാത്ത കാരണമാണ് തിരിച്ചു വരുന്നത്. എല്ലാവരും പിന്തുണയ്ക്കുക.’’–ഉണ്ണിക്കണ്ണന്റെ വാക്കുകൾ.

വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയാണ്. ചെന്നൈയില്‍ വിജയ്‌യുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു.

ഇക്കാരണങ്ങളാല്‍ ഇയാൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വന്നിരുന്നു. വിജയ്‌യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലക്കാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

English Summary:

From Kerala to Vikravandi: Malayali Man's Support for Vijay's TVK Sparks Buzz Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com