ADVERTISEMENT

നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പ്രമുഖ നിർമാതാവായ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് പോകവെയാണ് താരം തന്റെ സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച് രസകരമായ ഒരു കുറിപ്പും വി.കെ ശ്രീരാമൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരം:

ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി. വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.

"നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?"

" ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും... ചെലേപ്പൊ പയറുപ്പേരീം "

പിന്നെ... ?

"പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ"

"പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?"

"മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും."

"ആരാ ഈ പഴുന്നാൻ മാത്തു?" ചോദ്യം എന്നോടായിരുന്നു.

"പഴുന്നാൻ മാത്തൂന്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്."

"അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ"

അങ്ങനെ മല പോലെ വന്ന പ്രശ്നം പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.

സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ് മമ്മൂട്ടിയും വി.കെ. ശ്രീരാമനും. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങൾ പല സൗഹൃദക്കൂട്ടായ്മകളിലും ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ട്.

English Summary:

Actor and writer V.K. Sreeraman had an unexpected visit from Malayalam superstar Mammootty and his wife Sulfath.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com