10 കോടി നഷ്ടപരിഹാരത്തിനു കാരണമായ വിഡിയോ സൗജന്യമായി കണ്ടോളൂ: ധനുഷിനെതിരെ വിഘ്നേശ് ശിവനും
Mail This Article
നയൻതാരയ്ക്കു പിന്നാലെ ധനുഷിനെതിരെ വിമർശനവുമായി നയൻസിന്റെ ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും. മനുഷ്യസ്നേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ധനുഷിന്റെ പഴയൊരു പ്രസംഗം പങ്കുവച്ചുകൊണ്ടായിരുന്നു വിഘ്നേശിന്റെ പ്രതികരണം.
വിഡിയോയ്ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്കെതിരെ അയച്ച വക്കീല്‍ നോട്ടീസും വിഘ്നേശ് തന്റെ പോസ്റ്റിൽ പങ്കുവയ്ക്കുന്നുണ്ട്.
പ്രസംഗത്തിൽ പറയുന്ന നന്മ ജീവിതത്തിൽ ധനുഷിനില്ലെന്നാണ് വിഘ്നേശ് തന്റെ പ്രതികരണത്തിലൂടെ പറയുന്നത്. ‘‘നമുക്ക് ഒരാളോടുള്ള ഇഷ്ടം മറ്റൊരാൾക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കണം. അങ്ങനെ മാറിയാൽ ആ വികാരത്തിന് ഒരർഥവും ഇല്ലാതാകും. ലോകം മുഴുവൻ നെഗറ്റിവിറ്റിയിലൂടെയാണ് പോകുന്നത്. ഒരാൾ നന്നായിരുന്നാൽ മറ്റൊരാൾക്ക് അത് ഇഷ്ടപ്പെടാത്ത രീതിയിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, ആരെയും വെറുക്കേണ്ട ആവശ്യമില്ല. എന്തിനാണ് ഒരാളെ വെറുക്കുന്നത്. ഒരാളെ ഇഷ്ടപെട്ടാൽ അയാളെ ചേർത്തുനിർത്തുക. ഇല്ലെങ്കിൽ അയാളെ മാറ്റിനിർത്തുക. അത്രേയെ ഉള്ളൂ.’’ഇതാണ് ധനുഷ് വിഡിയോയിലൂടെ പറയുന്നത്.
‘‘ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ. ആളുകൾ മാറാനും മറ്റുള്ളവരുടെ സന്തോഷത്തില്‍ ആനന്ദിക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.’ വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ വിഘ്‌നേശ് ശിവൻ പറയുന്നു. ഒപ്പം നഷ്ടപരിഹാരം ആവശ്യപ്പെടാൻ കാരണമായ വിഡിയോ ക്ലിപ്പും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിഗ്‌നേശ് പങ്കു വച്ചു. ഇതാണ് ആ വിഡിയോ എല്ലാവരും ഇവിടെ സൗജന്യമായി കണ്ടോളൂ എന്നാണ് വിഗ്‌നേശ് അതു പങ്കു വച്ചു കൊണ്ട് പറഞ്ഞത്.