ADVERTISEMENT

സഹയാത്രികർ ആരുമില്ലാാതെ വിമാനത്തിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന നടൻ കൈലാഷിന്റെ ചിത്രത്തിനൊപ്പം നിർമാതാവ് ജോളി ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കൈലാഷിനൊരു വിഐപി അനുഭവം ഉണ്ടായത്. ആ കൗതുകകരമായ യാത്രയുടെ വിശേഷം കൈലാഷ് തന്നെ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു. 

‘‘തിരുവനന്തപുരത്തു ഷൂട്ട് നടക്കുന്ന സിനിമയ്ക്കായി കൊച്ചിയിൽനിന്നും യാത്ര ചെയ്യാൻ ട്രെയിൻ ഒത്തുകിട്ടിയില്ല. അങ്ങനെ വിമാനം തിരഞ്ഞെടുക്കുകയായിരുന്നു. അത്രയും കുറഞ്ഞ ദൂരത്തേക്ക് പൊതുവെ വിമാനത്തിൽ സഞ്ചരിക്കുന്ന ആളല്ല ഞാൻ. അപ്പോൾ തന്നെ ഈ യാത്രയെക്കുറിച്ച് എനിക്ക് എന്തൊക്കെയോ പ്രത്യേക തോന്നലുകൾ ഉണ്ടായിരുന്നു. അങ്ങനെ വിമാനത്താവളത്തിൽ എത്തിയപ്പോൾ എയർ ഇന്ത്യയുടെ ഫോൺകോൾ വന്നു. വൈകിയതുകൊണ്ടാണോ അവർ പ്രത്യേകം വിളിച്ചതെന്ന് പേടിച്ച് ഞാൻ ഓടി ചെന്നു. വിമാനത്തിൽ എത്തിയപ്പോൾ കൗതുകവും തമാശയും തോന്നി. മുഴുവൻ കാലിയായ വിമാനത്തിൽ ഞാൻ മാത്രം. കുറച്ചു നേരത്തിനുശേഷം ഒരു സ്ത്രീ കൂടി വന്നെങ്കിലും പ്രൈവറ്റ് വിമാനത്തിൽ പോകുന്ന കൗതുകമാണ് എനിക്കു തോന്നിയത്. 

കുഞ്ഞായിരുന്നപ്പോൾ വിഡിയോ കോച്ച് ബസുകൾ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അത്തരം ബസുകളിൽ കല്യാണങ്ങൾക്ക് പോകുമ്പോൾ കൊതിച്ചിട്ടുണ്ട് മുൻനിരയിൽ ഇരിക്കണമെന്ന്. അന്നൊക്കെ കുഞ്ഞുങ്ങളെ ആരുടെയെങ്കിലും മടിയിലൊക്കെയല്ലേ ഇരുത്തുക. ഈ കാലി വിമാനത്തിൽ കയറിയപ്പോൾ എനിക്ക് ആ കുട്ടിക്കാലം ഓർമവന്നു. 

ഞാൻ എവിടെയൊക്കെയോ സഞ്ചരിക്കുന്ന ആളാണ്. അപ്പോഴൊക്കെ നമ്മളുടെ വേണ്ടപ്പെട്ടവർക്ക് നമ്മൾ എവിടെയാണെന്ന് അറിവ് വേണ്ടേ. അതിനായി ഞാൻ ഒരു ഹോട്ടൽമുറിയിൽ എത്തിയാൽ വരെയും അതിന്റെ താക്കോലിന്റെ ഒരു ചിത്രം എടുത്ത് ഭാര്യയ്ക്കും അടുത്ത കൂട്ടുകാർക്കും അയയ്ക്കാറുണ്ട്. അങ്ങനെയാണ് ജ്യേഷ്ഠതുല്യനായ നിർമാതാവ് ജോളി ജോസഫിന് ചിത്രം അയയ്ക്കുന്നത്. അദ്ദേഹം അത് തമാശയും ചേർത്ത് സമൂഹമാധ്യമത്തിൽ കുറിപ്പായി ചേർക്കുകയായിരുന്നു. 

കൈലാഷിന്റെ ഈ യാത്രയെക്കുറിച്ച് ജോളി ജോസഫ് എഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു:

‘‘പ്രിയപ്പെട്ട കൈലാഷ്, ഡൊണാൾഡ് ട്രംപ് അച്ചായനും യൂസഫലി ഇക്കക്കും നമ്മുടെ കല്യാൺ സ്വാമിക്കും ജോയ് ആലുക്കാസിനും സ്വന്തമായി വിമാനങ്ങളുണ്ടെന്ന് എല്ലാർക്കും അറിയാവുന്ന വിഷയമാണ്. അതിന്റെയൊക്കെയുള്ളിൽ കയറണമെന്നും എനിക്കതിയായ ആഗ്രഹമുള്ള കാര്യം നിനക്കറിവുന്നതാണല്ലോ. പക്ഷേ മംഗോളിയൻ മന്ദബുദ്ധി ലുക്കുള്ള  എന്റെ മുഖം പോട്ടെ, പടം കാണുമ്പോൾ തന്നെ അവർ വേണ്ടാന്ന് പറയും! അതെന്താണെന്ന് എനിക്കിപ്പോഴും, മനസിലായിട്ടില്ല. നിനക്കറിയാമെങ്കിൽ പറഞ്ഞു തരണേ! 

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സിനിമ ഷൂട്ടിങ്ങിനാണെന്ന് വിവരമറിയിച്ച് ഇന്നലെ സ്വന്തം വിമാനത്തിൽ യാത്ര പോയ നിന്റെ ഫോട്ടോ കണ്ടിട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി. സ്വപ്നമല്ലെന്ന് ഉറപ്പാക്കാൻ കൊച്ചി എയർപോർട്ടിൽ വിളിച്ചിരുന്നു. രണ്ട് എയർ ഹോസ്റ്റസ്സുമാരായി രാത്രി വണ്ടി വിട്ടു എന്നാണ് അവർ പറഞ്ഞത് . പൈലറ്റുമാർ ഉണ്ടായിരുന്നോ എന്നവർക്കറിയില്ലത്രേ. നിന്റെ കാർ യാത്രകളിലെ നാവിഗേറ്റർ ആയിരുന്ന എന്നെ വിളിക്കാതെ ഒറ്റയ്ക്ക് പോയത്ഒട്ടും ശരിയായില്ല, എനിക്കതിൽ അതിയായ വിഷമവും സങ്കടവുമുണ്ട്. ആരെയുമറിക്കാതെ ഈ വണ്ടി എപ്പോഴാണ്  വാങ്ങിയത് ? ഏതാ ബ്രാൻഡ്, ഏതു മോഡൽ? എത്ര മൈലേജ് കിട്ടും? 

തിരികെ വരുമ്പോൾ നിന്റെ വിമാനത്തിൽ എന്നെയും കയറ്റണം, സാധിക്കുമെങ്കിൽ കുറച്ചു ദൂരം ഓടിക്കാൻ തരണമെന്ന് നിന്റെ സ്വന്തം പൈലറ്റുമാരോട് പറയണം. ചിലവ് ചുരുക്കാൻ   എയർ ഹോസ്റ്റസ്സുമാർ ഇല്ലാതെ തന്നെ ഞാൻ ഓടിച്ചോളാം, അപേക്ഷയാണ് ഉപേക്ഷിക്കരുതേ എന്ന്  വിശ്വാസപൂർവം നിന്റെ കാർ യാത്രകളിലെ പഴയ നാവിഗേറ്റർ, ‘ഗുമസ്തൻ’ പടത്തിലെ നിന്റെ അപ്പൻ.

English Summary:

Producer Joli Joseph's note shared along with a picture of actor Kailash traveling alone on a plane without any co-passengers has been gaining attention. Kailash had a VIP experience during his flight from Kochi to Thiruvananthapuram. Kailash himself shares the details of that interesting journey with Manorama Online.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com