ADVERTISEMENT

അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് ചെന്നൈയിലെ വിദ്യാർഥി. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റെ ഫോൺ നമ്പറായി തന്റെ നമ്പറാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് എൻജിനീയറിങ് വിദ്യാർഥിയായ വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. ആധാറും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി. 

ഒക്ടോബർ 31-നാണ് ശിവകാർത്തികേയനും സായിപല്ലവിയും അഭിനയിച്ച അമരൻ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തിയത്. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വാ​ഗീശന്റെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കോൾ എടുത്ത് ഇത് സായി പല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ നിർത്താതെയുള്ള കോളുകൾ കാരണം ഫോൺ സൈലന്റ് മോഡിൽ ആക്കി. എന്നാൽ വാട്സ്ആപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചതെന്ന് തനിക്കു മനസ്സിലായതെന്ന് വാഗീശൻ പറയുന്നു.

‘‘സിനിമ ഇറങ്ങിയത് മുതൽ എനിക്ക് ഉറങ്ങാനോ പഠിക്കാനോ  കഴിഞ്ഞിട്ടില്ല. ഫോൺ ഓൺ ചെയ്യുമ്പോൾ അപരിചിതർ വിളിക്കുന്നു. തുടർച്ചയായ ഇൻകമിങ് കോളുകൾ കാരണം  ഒരു ക്യാബ് ബുക്ക് ചെയ്യാൻ പോലും  കഴിയുന്നില്ല. വല്ലാത്ത അവസ്ഥയാണിത്.” വാഗീശന്റെ വാക്കുകൾ.

ആദ്യം പ്രശ്നപരിഹാരത്തിനായി സംവിധായകനെയും ശിവകാർത്തികേയനെയും ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് വാഗീശൻ പങ്കുവച്ചിരുന്നു. എന്നാൽ അതിലൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് നിയമപരമായി മുന്നോട്ടുപോകാൻ വിദ്യാർഥി തീരുമാനിച്ചത്.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷ്നലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചത്.

English Summary:

A student from Chennai has sent a legal notice to the makers of the movie ‘Amaran’ for using his phone number in the film without his permission.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com