പന്ത് 27 കോടിക്ക് യോഗ്യനോ? ധോണിയെയും രാഹുലിനെയും വെട്ടിയ ഗോയങ്കയുടെ വാൾ മുകളിലുണ്ട്; ലക്നൗവിന് ഒരു കപ്പ് വേണം
![lucknow-super-giants-pant (Photo credit: X/@LucknowIPL)](https://img-mm.manoramaonline.com/content/dam/mm/mo/premium/sports/images/2025/1/28/lucknow-super-giants-pant.jpg?w=1120&h=583)
Mail This Article
‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള്‍ അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില്‍ ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില്‍ സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്‍ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.