ADVERTISEMENT

മകൻ ധനുഷിന്റെ വിവാഹദിനത്തിലെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ച് നടൻ നെപ്പോളിയൻ. രണ്ടാഴ്ച മുൻപായിരുന്നു ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ജപ്പാനിൽ നടന്നത്. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനുഷിനു വേണ്ടി അമ്മ ജയസുധയാണ് താലി ചാർത്തിയത്. നിറഞ്ഞകണ്ണുകളോടെ ചടങ്ങിൽ പങ്കെടുക്കുന്ന നെപ്പോളിയനെ വിഡിയോയിൽ കാണാം. 

തെന്നിന്ത്യൻ താരങ്ങളായ ശരത്കുമാർ, രാധിക ശരത്കുമാർ, ഖുശ്ബു, മീന, കാർത്തി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ജപ്പാനിൽ എത്തിയിരുന്നു. നെപ്പോളിയന്റെ മകന്റെ വിവാഹചടങ്ങ് അവർക്കും ആർദ്രമായ കാഴ്ചയായി. നിറകണ്ണുകളോടെയാണ് കാർത്തി ചടങ്ങിൽ പങ്കെടുത്തത്. നെപ്പോളിയനെ സ്നേഹാലിംഗനങ്ങളാൽ പൊതിയുന്ന ശരത്കുമാർ കരച്ചിലടക്കാൻ പാടുപെടുന്നത് വിഡിയോയിൽ ദൃശ്യമാണ്. എല്ലാവർക്കും ഈ വിവാഹം എത്രത്തോളം സ്പെഷലാണെന്ന് വ്യക്തമാകുന്നതാണ് വിഡിയോ. 

മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥ മൂലം കേൾക്കേണ്ടി വന്ന നെഗറ്റിവ് കമന്റുകളെക്കുറിച്ച് ധനുഷ് തന്നെ വിഡിയോയിൽ പറയുന്നുണ്ട്. ‘നെഗറ്റിവ് കമന്റ് അടിക്കുന്നവർ അതിന്റെ പ്രത്യാഘാതമെന്താണെന്ന് ഓർക്കാറില്ല. അവർ ചിലപ്പോൾ വെറുതെ ഒരു നേരമ്പോക്കിനു പറയുന്നതാകും. ദയ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നെഗറ്റിവ് ഒരു തരത്തിലും നിങ്ങളെ സഹായിക്കാൻ പോകുന്നില്ല’, ധനുഷ് പറയുന്നു.

ധനുഷിനെ പിന്തുണച്ചുകൊണ്ടും സ്നേഹം അറിയിച്ചുകൊണ്ടുമുള്ള കമന്റുകളാണ് പേജിൽ നിറയെ. ‘നിങ്ങളുടെ അച്ഛൻ ശരിക്കും ഒരു മുത്താണ്. നെഗറ്റിവിറ്റിയെ എല്ലാം അവഗണിച്ചാലും സഹോദരാ’ എന്നാണ് ഒരാൾ വിഡിയോയ്ക്ക് താഴെ കുറിച്ച കമന്റ്. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വിവാഹം എന്നാണ് മറ്റൊരാളുടെ കമന്റ്. നെപ്പോളിയൻ പങ്കുവച്ച ധനുഷിന്റെയും അക്ഷയയുടെയും വിവാഹ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. 

നവംബർ ഏഴിന് ജപ്പാനിൽ വച്ച് ഹിന്ദു മതാചാരപ്രകാരമാണ് ധനുഷിന്റെയും അക്ഷയയുടെയും വിവാഹം നടന്നത്. മകന്റെ ചികിത്സയ്ക്കായി വർഷങ്ങൾക്കു മുൻപെ അമേരിക്കയിലേക്ക് നെപ്പോളിയൻ താമസം മാറ്റിയിരുന്നു. മകനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത വീട്ടിലാണ് നെപ്പോളിയന്റെയും കുടുംബത്തിന്റെയും താമസം. നെഗറ്റീവ് വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധ നേടിയ താരം തമിഴ്നാട്ടിൽ എംഎൽഎയും മന്ത്രിയുമായിരുന്നു.     

English Summary:

Witness the emotional rollercoaster at actor Napoleon's son's wedding in Japan. Tears of joy & heartwarming moments as Dhanush, affected by muscular dystrophy, ties the knot.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com