എന്തായിരുന്നു കവിയൂര്‍ പൊന്നമ്മ ചെയ്ത തെറ്റ്?; ജീവിതത്തിൽ നടി നേരിട്ട ദുരിതം
Mail This Article
അവസാനകാലത്ത് സിനിമയിൽ സജീവമല്ലായിരുന്നെങ്കിൽപോലും നിരന്തരം വേട്ടയാടപ്പെട്ടിരുന്നു കവിയൂര്‍ പൊന്നമ്മയും കുടുംബവും. അത്ര വലിയ കുറ്റങ്ങള്‍ ചെയ്ത ഒരാളായിരുന്നോ അവര്‍? പൊന്നമ്മയുമായി അടുത്ത ബന്ധമുളള ആരും തന്നെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. നാമമാത്രമായ പരിചയമുളളവര്‍ക്കൂം നല്ലതേ പറയാനുളളു. എന്നിട്ടും അവര്‍ തെറ്റായ രീതിയില്‍ സൈബറിടങ്ങളില്‍ ചിത്രീകരിക്കപ്പെട്ടു. ഒരിക്കലും നേരില്‍ കാണുകയോ ഒരു വാക്ക് സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരാളെക്കുറിച്ച് ദീര്‍ഘകാല പരിചയമുളള മട്ടിലാണ് ഇവര്‍ കഥകള്‍ മെനയുന്നത്. സംവിധായകനായ ആലപ്പി അഷറഫ് അടുത്തിടെ ഇക്കാര്യത്തിലുളള തന്റെ പരസ്യവിയോജിപ്പ് പ്രകടിപ്പിച്ചു. അദ്ദേഹം പങ്കുവച്ച പ്രസക്ത വിവരങ്ങള്‍ ഇനിപറയും വിധമാണ്:
ആലപ്പി അഷറഫിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ഒരേയൊരു പടത്തില്‍ മാത്രമേ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുളളു. അതിന്റെ ഷൂട്ടിങിനായി അവര്‍ തലശ്ശേരിയില്‍ വരുമ്പോള്‍ ബാപ്പൂട്ടിക്ക എന്ന് എല്ലാവരും വിളിക്കുന്ന ഒരു പഴയ നിര്‍മാതാവും ഒപ്പമുണ്ടായിരുന്നു. പൊന്നമ്മ ഷൂട്ടിങിന് പോയി കഴിഞ്ഞാല്‍ അവരുടെ റൂമില്‍ ഈ ബാപ്പൂട്ടിക്ക ഒരു പറ്റം സുഹൃത്തുക്കളുമായി മദ്യപാന സദസ് നടത്തിയിരുന്നതായി അഷറഫ് അറിഞ്ഞു. അത്രയും സ്വാതന്ത്ര്യം എടുക്കണമെങ്കില്‍ ഈ മനുഷ്യന്‍ പൊന്നമ്മയുടെ ഭര്‍ത്താവായിരിക്കാമെന്ന് അഷറഫ് ധരിച്ചു. എന്നാല്‍ പിന്നീട് വാസ്തവം അതല്ലെന്നും ബാപ്പൂട്ടിയുടെ ഇത്തരം പരിപാടികള്‍ തനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും പൊന്നമ്മ അഷറഫിനോട് പരാതി പറഞ്ഞു. എന്നിട്ടും ബാപ്പൂട്ടി എങ്ങനെ അവരുടെ ജീവിതത്തിന്റെ ഭാഗമായി? അതേക്കുറിച്ച് അറിയണമെങ്കില്‍ കുറച്ച് പിന്നിലേക്ക് സഞ്ചരിക്കണം.
ജേസിയെ പ്രണയിച്ച പൊന്നമ്മ
പൊന്നമ്മയെ മണിസ്വാമി വിവാഹം കഴിക്കുന്നതിന് ഏറെ മുന്‍പ് അവരെ പ്രണയിച്ചിരുന്നത് ജേസി കുറ്റിക്കാട് എന്ന സംവിധായകനായിരുന്നു. തീവ്രമായിരുന്നു ആ അടുപ്പം. അവര്‍ വിവാഹം കഴിക്കാന്‍ പോലും തീരുമാനിച്ചു. പക്ഷെ ജേസി ഒരു വ്യവസ്ഥ മുന്നോട്ട് വച്ചു. പൊന്നമ്മ ക്രിസ്തുമതത്തിലേക്ക് മാറണം. പൊന്നമ്മ അതിനോട് യോജിച്ചില്ല. സ്‌നേഹത്തിന് എന്ത് മതം? അതോടെ ആ ബന്ധം എന്നേക്കുമായി അവസാനിച്ചു. പിന്നീട് അവര്‍ നിര്‍മാതാവായ മണിസ്വാമിയെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുകയും ചെയ്തു. ആ ബന്ധവും ശാശ്വതമായില്ല. മണിസ്വാമിയുടെ അമിതമദ്യപാനവും മാനസിക-ശാരീരിക പീഡനങ്ങളും സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്ന് വളരെ അടുപ്പമുളളവരോട് പൊന്നമ്മ തുറന്ന് പറഞ്ഞു. ഒരു പെണ്‍കുട്ടിയുളളതിന്റെ പേരില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ വേര്‍പിരിയുക തന്നെ ചെയ്തു.
ഭര്‍ത്താവുമായി അകന്ന് ദീര്‍ഘകാലത്തിന് ശേഷമാണ് നിര്‍മാതാവായ ബാപ്പൂട്ടിക്കയും പൊന്നമ്മയും തമ്മില്‍ അടുക്കുന്നത്. വൈകാരികമായ ഒരു പിന്‍തുണ എന്നതിനപ്പുറം അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. അതേ സമയം കോഴിക്കാട് തനിക്ക് ഭാര്യയും മക്കളുമുളള വിവരം ബാപ്പൂട്ടിക്ക സമര്‍ഥമായി പൊന്നമ്മയില്‍ നിന്നും മറച്ചു വച്ചിരുന്നു.
കോഴിക്കോട് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ പൊന്നമ്മയ്ക്ക് റൂം ബുക്ക് ചെയ്തിരുന്നത് മഹാറാണി ഹോട്ടലിലായിരുന്നു. പൊന്നമ്മ രാവിലെ ഷൂട്ടിങിന് പോയപ്പോള്‍ ബാപ്പൂട്ടിക്ക അവരുടെ മുറിയില്‍ തനിച്ചായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്കുണ്ടാവുകയും ഹോട്ടലുകാര്‍ വീട്ടില്‍ അറിയിക്കുകയും അവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി.
വിവരം അറിഞ്ഞ് ലൊക്കേഷനില്‍ നിന്നും ഹോസ്പിറ്റലില്‍ പാഞ്ഞെത്തിയ പൊന്നമ്മയ്ക്ക് മൃതദേഹം ഒന്ന് കാണാന്‍ പോലും ബാപ്പൂട്ടിയുടെ ഭാര്യയും മക്കളും അനുവദിച്ചില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒരു പുരുഷന്റെ കറകളഞ്ഞ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ സ്ത്രീയായിരുന്നു അവര്‍. സ്‌നേഹം ഭാവിച്ചവരൊക്കെ അവരെ സമര്‍ഥമായി വഞ്ചിക്കുകയായിരുന്നു. പൊന്നമ്മയുടെ പണവും ശാരീരികാനുഭൂതികളും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പൊന്നമ്മ എന്ന വ്യക്തിയെ മനസിലാക്കാനോ അവരെ കെയര്‍ ചെയ്യാനോ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനോ ആരും ഉണ്ടായില്ല.
ബാപ്പൂട്ടി മരിച്ചശേഷവും പലരും സ്‌നേഹനാട്യവുമായി അടുത്തു കൂടി. അവരുടെയും ഉദ്ദേശം അതൊക്കെ തന്നെയായിരുന്നു. ഓരോരുത്തരും തന്നോട് നീതി പുലര്‍ത്തുമെന്ന് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവര്‍ പ്രതീക്ഷിച്ചു. പക്ഷേ ആരില്‍ നിന്നും അതുണ്ടായില്ല. ശ്രീവിദ്യയെ പോലെ തന്നെ പല കാലങ്ങളില്‍ പലരില്‍ നിന്നായി പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട സ്ത്രീയായിരുന്നു അവര്‍. സിനിമയില്‍ പല നടികളും സ്‌നേഹബന്ധങ്ങള്‍ കൊണ്ട് അവര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുളളത്. എന്നാല്‍ പൊന്നമ്മയുടെ കാര്യത്തില്‍ മറിച്ചായിരുന്നു സംഭവിച്ചത്. അവര്‍ക്ക് എല്ലാം നഷ്ടക്കച്ചവടങ്ങള്‍ മാത്രമായിരുന്നു.
സ്‌നേഹിക്കപ്പെടാന്‍ കൊതിച്ച അവര്‍ക്ക് ആരില്‍ നിന്നും അത് ലഭിച്ചില്ല.വൈകാരികമായി ഇത്തരം അനുഭവങ്ങള്‍ തന്നെ തകര്‍ക്കുമ്പോഴും കുടുംബത്തോടുളള ഉത്തരവാദിത്തങ്ങള്‍ പൊന്നമ്മ മറന്നില്ല. ഏകമകള്‍ ബിന്ദുവിന്റെ വിവാഹം അവര്‍ ആഡംബരപൂര്‍ണമായി തന്നെ നടത്തി. പൊന്നമ്മയുടെ ഭര്‍ത്താവായിരുന്ന മണിസ്വാമിയുടെ സഹോദരീ പുത്രനാണ് ബിന്ദുവിനെ വിവാഹം കഴിച്ചത്. അവര്‍ കുടുംബസമേതം അമേരിക്കയിലാണ് താമസം. സഹോദരി കവിയൂര്‍ രേണുകയുമായി അവര്‍ക്ക് വലിയ ആത്മബന്ധം തന്നെയുണ്ടായിരുന്നു. അകാലത്തില്‍ രോഗം ബാധിച്ച് രേണുക മരണത്തിന് കീഴടങ്ങിയപ്പോള്‍ പൊന്നമ്മ മാനസികമായി ശരിക്കും തകര്‍ന്നു. അനുജത്തിയോടുളള അവരുടെ സ്‌നേഹം പിന്നീട് പ്രകടമായിരുന്നത് രേണുകയുടെ മകള്‍ നിധിയിലൂടെയാണ്. നിധിയെ വളര്‍ത്തിയതും പഠിപ്പിച്ചതും വിവാഹം ചെയ്ത് അയച്ചതുമെല്ലാം പൊന്നമ്മയാണ്.
അക്രമകാരിയായ ഡ്രൈവര്‍
ഇതിനിടയില്‍ യന്ത്ര മീഡിയയുടെ ഒരു സീരിയലില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ പരിചയപ്പെട്ട ഡ്രൈവറെ പൊന്നമ്മ അവരുടെ വാഹനം ഓടിക്കാന്‍ നിയോഗിച്ചു. അയാള്‍ പിന്നീട് പല കാര്യങ്ങളിലും അവരെ ഉപദേശിക്കാന്‍ തുടങ്ങി. ആലുവ പുഴയോരത്ത് ഒരു വീട് വയ്ക്കണം എന്നത് അയാളുടെ ആശയമായിരുന്നു. അവിടെ സ്ഥലം വാങ്ങി പൊന്നമ്മ മനോഹരമായ ഒരു വീട് പണിതു. സ്ഥലത്തിന് പണം മുടക്കിയത് പൊന്നമ്മയും മകളും ചേര്‍ന്നായിരുന്നു. അതുകൊണ്ട് തന്നെ രണ്ടുപേരുടെയും പേരിലാണ് പ്രമാണം റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതൊക്കെ സംഭവിക്കുമ്പോഴും ഡ്രൈവറായി വന്നയാളുടെ നോട്ടവും പൊന്നമ്മയുടെ സമ്പത്തില്‍ തന്നെയായിരുന്നു. അയാള്‍ പല കാര്യങ്ങളും ആവശ്യപ്പെട്ട് തുടങ്ങി. ആലുവയില്‍ വാങ്ങിയ ഭൂമിയില്‍ നിന്ന് കുറച്ച് സ്ഥലം തന്റെ പേരില്‍ എഴുതിവയ്ക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. പൊന്നമ്മ അത് നിരസിച്ചപ്പോള്‍ പ്രകോപിതനായ ഡ്രൈവര്‍ അവരുടെ കാര്‍ അടിച്ചു തകര്‍ത്തു. അവര്‍ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് അയാളുടെ പേരില്‍ കേസ് എടുത്തു. മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി. അങ്ങനെ ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് അയാളെ ഒഴിവാക്കാന്‍ സാധിച്ചത്.
മണിസ്വാമി മടങ്ങി വരുന്നു
ആ സമയത്ത് പൊന്നമ്മ ഒരു വാര്‍ത്ത കേള്‍ക്കാനിടയാകുന്നു. ഭര്‍ത്താവായിരുന്ന മണിസ്വാമി ഗുരുവായൂരില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കഴിയുന്നു. അദ്ദേഹം കടത്തിണ്ണയിലാണ് അന്തിയുറങ്ങുന്നത് എന്നൊക്കെയാണ് ശ്രുതി. ഇത് പൊന്നമ്മയ്ക്ക് സഹിക്കാനായില്ല. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്ന് തന്റെ വീട്ടില്‍ താമസിപ്പിച്ച് ശുശൂഷിക്കണമെന്ന് അവര്‍ക്ക് തോന്നി. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ അഭിപ്രായം ചോദിക്കാറുളള നടി ഉഷയോട് ഈ പ്രശ്‌നത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ അവരും പൊന്നമ്മയുടെ തീരുമാനത്തെ അനൂകൂലിച്ചു. ഉടന്‍ തന്നെ പൊന്നമ്മ മണിസ്വാമിയെ കൂട്ടിക്കൊണ്ടു വന്ന് ആലുവയിലെ വീട്ടില്‍ താമസിപ്പിച്ച് പരിചരിക്കുകയും ശിഷ്ടകാലം അദ്ദേഹം സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. മണിസ്വാമിയുടെ അന്ത്യവും ആ വീട്ടില്‍ വച്ച് തന്നെയായിരുന്നു.
ഇത്രയും വിശാലമായ മനസിന്റെ ഉടമയായിരുന്നിട്ടും പൊന്നമ്മയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത കഴിയുന്നത്ര നന്മകള്‍ മാത്രം ചെയ്തിട്ടുളള ഒരാളെ എന്തിനാണ് ഇങ്ങനെ തേജോവധം ചെയ്യുന്നതെന്ന് പൊന്നമ്മയെ അടുത്തറിയുന്ന പലരും അദ്ഭുതപ്പെട്ടു. കുറച്ചുകാലം കൂടി നമുക്കൊപ്പം ജീവിക്കേണ്ടിയിരുന്ന അവരെ പെട്ടെന്ന് കീഴടക്കിയത് നട്ടെല്ലിന് ബാധിച്ച കാന്‍സറായിരുന്നു. രോഗം തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അത് മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചു കഴിഞ്ഞിരുന്നു.
രോഗവുമായി മല്ലിട്ട സന്ദര്‍ഭത്തില്‍ ഒപ്പം നിന്ന് പരിചരിച്ചത് സഹോദരന്റെ ഭാര്യയും രേണുകയുടെ മകള്‍ നിധിയുമായിരുന്നു. ഈ വിവരം അറിഞ്ഞ് സ്വന്തം മകള്‍ ബിന്ദു അമേരിക്കയില്‍ നിന്നും നാട്ടിലെത്തി കുറച്ചുകാലം അമ്മയ്‌ക്കൊപ്പം നിന്ന് ശുശ്രുഷിച്ചൂ. ഒരു ദിവസം പോലും മാറിനില്‍ക്കാന്‍ സാധിക്കാത്ത ജീവിതസാഹചര്യങ്ങള്‍ക്കിടയിലാണ് ബിന്ദു എല്ലാം ഇട്ടെറിഞ്ഞ് ആലുവയിലെത്തിയത്. ബിന്ദു തിരിച്ചു പോയി അഞ്ചാം നാളായിരുന്നു പൊന്നമ്മയുടെ മരണം.
പെട്ടെന്ന് തിരിച്ചെത്താനുളള സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് ബിന്ദു വീണ്ടും നാട്ടിലെത്തുന്നത്. അതിനും ചിലര്‍ കഥകള്‍ പടച്ചിറക്കി. ഒരുപാട് പേര്‍ പല തരത്തില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പലരുടെയും അവസ്ഥ ഇതാണ്. അവരുടേതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സാഹചര്യങ്ങളും മനസിലാക്കാതെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുന്നു. തങ്ങളുടെ ഭാവനയില്‍ അവര്‍ കഥകള്‍ മെനയുന്നു. ഒരു കുറ്റവും ചെയ്യാത്തവരെ കുറ്റക്കാരായി വിധിക്കുന്നു. അവര്‍ക്ക് എന്തു ശിക്ഷ കൊടുക്കണമെന്ന് വരെ ഇക്കൂട്ടര്‍ തീരുമാനിക്കുന്നു. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഒരുപാട് മുന്നില്‍ നില്‍ക്കുന്ന കേരളം പോലൊരു നാട്ടില്‍ ഒരു സൈബര്‍ സ്‌പേസ് ഉണ്ടെന്ന് കരുതി ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനെ പരിതാപകരം എന്നല്ലാതെ എന്ത് പറയാന്‍...?