പുഷ്പ രണ്ടാം ഭാഗത്തിലും അവസാനിക്കില്ല; ‘പുഷ്പ 3 ദ് റാംപേജ്’ വരും
Mail This Article
അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി പുഷ്പ സിനിമയുടെ പുതിയ വാർത്ത. പുഷ്പരാജിന്റെ ജൈത്രയാത്ര പുഷ്പ 2വിലും അവസാനിക്കുന്നില്ല. പുഷ്പ 2 ദ് റൂളിനു പിന്നാലെ പുഷ്പ 3യും ഉണ്ടായേക്കും എന്ന സൂചനയാണ് സമൂഹ മാധ്യമങ്ങളിലൂടെ കത്തിപ്പടരുന്നത്.
പുഷ്പ 3 ദ് റാംപേജ് എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്. അണിയറ പ്രവർത്തകരിലാരോ അബദ്ധത്തിൽ പുറത്തുവിട്ട ചിത്രത്തിലാണ് പുഷ്പ 3യുടെ ടൈറ്റിൽ വെളിയിലായത്. സൗണ്ട് ഡിസൈനർ റസൂല്‍ പൂക്കുട്ടി, രാജാകൃഷ്ണ മേനോൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം.
ഡിസംബർ അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പുഷ്പ 2 റിലീസിനെത്തുന്നത്. മൂന്ന് മണിക്കൂർ 15 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.