ചില ‘സാത്വിക ഭാവം’ ചർച്ചകൾ; മോഹൻലാലിനൊപ്പമുള്ള ക്യാൻഡിഡ് പടവുമായി ശോഭന
Mail This Article
മോഹൻലാലിനൊപ്പമുള്ള 'ക്യാൻഡിഡ്' ചിത്രം പങ്കുവച്ച് ശോഭന. രസകരമായ അടിക്കുറിപ്പു ചേർത്താണ് താരം ചിത്രം സ്വന്തം പേജിൽ പങ്കുവച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നെടുത്തതാണ് ചിത്രം.
‘സാത്വിക ഭാവത്തെക്കുറിച്ചുള്ള ചുമ്മാ ചർച്ചകൾ... അദ്ദേഹത്തിന്റെ തിയറ്റർ വർക്കിന്റെ ദൃശ്യങ്ങൾ പങ്കുവച്ചപ്പോൾ,’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന ചിത്രം ഷെയർ ചെയ്തത്. ‘തുടരും’ സിനിമയുടെ കോസ്റ്റ്യൂമിലാണ് ഇരുവരും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ആരാധകരിൽ നിന്നു ലഭിച്ചത്. ഇരുവരും അനശ്വരമാക്കിയ സിനിമകളിലെ ഡയലോഗുകളും പാട്ടുകളുമാണ് കമന്റ് ബോക്സിൽ നിറയെ.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ് ‘തുടരും’. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.