ആ വിഡിയോ ദുഃസ്വപ്നം, ഇല്ലാക്കഥകള്‍ മെനയുന്നവരോട് സഹതാപം: നടി പ്രഗ്യ നഗ്ര
Mail This Article
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിഡിയോ പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി പ്രഗ്യ നഗ്ര. ചില ദുഷ്ട മനസുകള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ നടി വ്യക്തമാക്കുന്നു. ഇപ്പോഴും ഇത് അംഗീകരിക്കാനായിട്ടില്ലെന്നും കരുത്തയായി ഇരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും നടി പറഞ്ഞു.
‘‘എനിക്ക് ഇപ്പോഴും ഇത് അംഗീകരിക്കാനായിട്ടില്ല. ഞാന്‍ ഉണരുമ്പോള്‍ അവസാനിക്കുന്ന ഒരു ദുഃസ്വപ്നമാണ് ഇതെന്നാണ് ഞാന്‍ എപ്പോഴും കരുതുന്നത്. ആളുകളെ സഹായിക്കാനുള്ളതാണ് സാങ്കേതിക വിദ്യ. അതല്ലാതെ ഒരാളുടെ ജീവിതം മോശമാക്കാനുള്ളതല്ല. എഐ വഴി നിര്‍മിച്ച ഉള്ളടക്കം പ്രചരിപ്പിക്കുന്ന ദുഷ്ട മനസുകളോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്. ഈ ആരോപണങ്ങളിലെല്ലാം ശക്തമായി നിലകൊള്ളാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ പ്രതിസന്ധി സമയത്ത് എനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുത്. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.’’-പ്രഗ്യ കുറിച്ചു.
'നദികളില്‍ സുന്ദരി യമുന' എന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രഗ്യ നാഗ്ര. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ നടി ഹരിയാനയിലെ അംബാല സ്വദേശിയാണ്. സായ് റോണക്, രാജേന്ദ്ര പ്രസാദ് രോഹിണി എന്നിവരോടൊപ്പം അഭിനയിച്ച തെലുങ്ക് പ്രണയ ചിത്രമായ ലഗം ആണ് പ്രഗ്യ നഗ്ര അവസാനമായി അഭിനയിച്ച ചിത്രം.
കഴിഞ്ഞ ദിവസങ്ങളിലാണ് നടിയുടെ പേരിൽ വ്യാജ വിഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്നത്. നേരത്തെ തമിഴ് നടി ഓവിയയുടെ പേരിലും ഇതുപോലൊരു വിഡിയോ പുറത്തുവന്നിരുന്നു. പിന്നീട് നടി തന്നെ ആ വിഡിയോ വ്യാജമാണെന്ന് അറിയിച്ച് രംഗത്തുവന്നു.