ആശങ്കയോടെ സ്നേഹ റെഡ്ഡി; ഭാര്യയെ ആശ്വസിപ്പിച്ച് അല്ലു അർജുൻ; നടന്റെ വസതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ; വിഡിയോ
Mail This Article
പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ൈഹദരാബാദിലെ നടന്റെ വസതിയിൽ എത്തിയാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെ വിഡിയോയിൽ കാണാം. പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിക്കുന്നത്. സ്നേഹയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സമീപത്തുണ്ടായിരുന്നു.
അല്ലുവിനെ കൊണ്ടുവരാനെത്തിയ പൊലീസ് ജീപ്പിൽ ആദ്യം കയറിയത് അച്ഛൻ അല്ലു അരവിന്ദ് ആണ്. എന്നാല്‍ അച്ഛനെ സ്നേഹത്തോടെ തന്നെ വണ്ടിയിൽ നിന്നും അല്ലു തിരിച്ചിറക്കുന്നുണ്ട്. പൊലീസ് ജീപ്പിൽ അല്ലു അർജുൻ മാത്രമാണ് കയറിയത്. പൊലീസ് വാഹനത്തിൽ അച്ഛൻ കൂടി കയറിയാൽ, അദ്ദേഹവും അറസ്റ്റിലായെന്ന് തെറ്റിദ്ധാരണ ജനിപ്പിക്കുമെന്ന പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് അല്ലു അർജുൻ അച്ഛനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയത്. നല്ലതായാലും മോശമായാലും അതിന്റെ ക്രെഡിറ്റ് ഞാനൊറ്റയ്ക്ക് ഏൽക്കാമെന്നായിരുന്നു അല്ലു അച്ഛനോടു പറഞ്ഞത്.
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.