നിലയെയും നിതാരയെയും കയ്യിലെടുത്ത് നയൻതാര; സ്വപ്ന നിമിഷമെന്ന് പേളി മാണി
Mail This Article
പേളി മാണിയുടെ കുഞ്ഞുമക്കളായ നിലയെയും നിതാരയെയും കയ്യിലെടുത്തു നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ യഥാർഥ നക്ഷത്രമാണ് നയൻതാര എന്ന തലക്കെട്ടിനൊപ്പമാണ് താരത്തിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പേർളി പങ്കുവച്ചത്. തന്റെ കുഞ്ഞുങ്ങളെ ഏറെ വാത്സല്യത്തോടെയും കരുതലോടെയും നയൻതാര ലാളിക്കുന്നത് കണ്ടപ്പോൾ അത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ കഴിയാത്ത അവസ്ഥയായി പോയി എന്ന് പേർളി കുറിച്ചു.
ആരാധകരുടെ മനസ്സിൽ ഒരു രാജ്ഞിയായ നയൻതാര താരജാടകളില്ലാതെ എല്ലാവരോടും കരുണയോടും സ്നേഹത്തോടും ഇടപെടുന്ന വലിയ വ്യക്തിത്വത്തിനുടമയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിനൊപ്പം പേർളി മാണി പറയുന്നു.
‘‘നയൻതാര, നമ്മുടെ കാലത്തെ യഥാർഥ നക്ഷത്രം. ഞാൻ ഏറെ ആരാധിക്കുന്ന ഒരാളെ ഒരിക്കൽ കൂടി കണ്ടുമുട്ടിയതും അവർ എന്റെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതും കണ്ടപ്പോൾ അത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു എനിക്ക്. ചില നിമിഷങ്ങൾ നിങ്ങളുടെ ഹൃദയത്തെ സ്നേഹത്താൽ വീർപ്പുമുട്ടിക്കും. നയൻതാര എന്റെ കുഞ്ഞുങ്ങളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും സമയം ചെലവഴിച്ചത് ഞാൻ എന്നെന്നേക്കും എന്റെ നെഞ്ചിൽ ചേർത്തുവയ്ക്കുന്ന വിലപ്പെട്ട ഓർമ്മകളായിരിക്കും.
ആരാധകരുടെ മനസ്സിൽ യഥാർഥ രാജ്ഞിയായ ശക്തിയുടെ പര്യായമായ നയൻതാര അതേസമയം തന്നെ എല്ലാവരോടും ഏറെ സ്നേഹത്തോടും കരുതലോടും പെരുമാറുന്ന ഊഷ്മളമായ സ്നേഹത്തിന്റെ ഉറവിടമാണ്. അവർ എല്ലാവർക്കും ശരിക്കും പ്രചോദനം തന്നെയാണ്. ഈ സുന്ദരമായ ആത്മാവിനും പോകുന്നിടത്തെല്ലാം അവർ പകരുന്ന സ്നേഹത്തിനും നന്ദി. നിങ്ങളുടെ അതിശയകരമായ വ്യക്തിത്വത്തിനും ഞങ്ങൾക്കായി ചെലവഴിച്ച നിമിഷങ്ങൾക്കും നന്ദി.’’–പേളിയുടെ വാക്കുകൾ.