ADVERTISEMENT

പേരിൽ മാറ്റം വരുത്തി നടി സുരഭി ലക്ഷ്മി. സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിലാണ് സുരഭി ലക്ഷ്മി വരുത്തിയിരിക്കുന്നത്. പേരിന്റെ ഇംഗ്ലിഷ് അക്ഷരങ്ങളിൽ ഒരു ‘k’ കൂടി അധികം ചേർത്തിരിക്കുകയാണ്. അതായത് Surabhi Lakshmi എന്ന സ്പെല്ലിങ്ങിന് പകരം 'Surabhi Lakkshmi' എന്നാണ് മാറ്റിയിരിക്കുന്നത്. 

surabhi-lakshmi-name-3

പേരിനൊരു ‘കനം’ വരുത്താനാണ് ഈ മാറ്റമെന്ന് സുരഭി ലക്ഷ്മി മനോരമ ഓൺലൈനോടു പറഞ്ഞു. ''എന്റെ സുഹൃത്ത് മധു ശങ്കർ ഒരിക്കൽ എന്നോട് പറഞ്ഞു, 'സുരഭിയുടെ പേരിനു ഒരു പവർ കുറവുണ്ട്. സംഖ്യാശാസ്ത്രം നോക്കി അത് ശരിയാക്കാം' എന്ന്. ഈ പേരും വച്ചാണല്ലോ ഞാൻ നാഷണൽ അവാർഡൊക്കെ വാങ്ങിയത് എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു, ഇനി പേര് മാറ്റിയിട്ട് വല്ല ഓസ്കർ അവാർഡോ മറ്റോ കിട്ടിയാലോ എന്ന്. അപ്പോൾ എനിക്കും ഒരു രസം തോന്നി. പിന്നെ ഇത്രയും കാലം എന്റെ കൂടെയുണ്ടായിരുന്ന പേരല്ലേ. അത് മാറ്റാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. അപ്പോൾ രാംദാസ് മേനോൻ എന്ന സംഖ്യാശാസ്ത്ര വിദഗ്ദ്ധൻ പറഞ്ഞത് പ്രകാരം പേരിലെ ലക്ഷ്മിയിൽ ഒരു 'K' മാത്രം കൂടുതലായി ചേർക്കാൻ തീരുമാനിച്ചു. ഇപ്പോൾ പേരിൽ ഒരു കനം വന്നു." 

"ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയൊക്കെ ഈ പേര് മാറ്റുന്നതിന് മുൻപ് ചെയ്തതാണ്. ഇനി ഒരു ഒന്നൊന്നൊര കൊല്ലം കഴിഞ്ഞാലേ ഈ പേര് മാറ്റം കൊണ്ട് ഗുണം ഉണ്ടോ ഇല്ലയോ എന്ന് പറയാൻ പറ്റൂ. ഇനിയിപ്പോൾ ഒരു മാറ്റവും സംഭവിച്ചില്ലെങ്കിൽ ഒരു 'K' അല്ലേ, അത്  എടുത്തു മാറ്റിയാലും എന്റെ പേരിനു മാറ്റമൊന്നും വരില്ലല്ലോ. പണ്ട് നടൻ വിക്രം, ചിയാൻ വിക്രം എന്ന് പേര് മാറ്റിയതുപോലെ വലിയ തോതിലൊന്നുമല്ല എന്റെ പേരു മാറ്റം,'' സുരഭി ലക്ഷ്മി വ്യക്തമാക്കി.

അടുത്തിടെ നടി ലെനയും സുരേഷ് ഗോപിയും പേരില്‍ മാറ്റം വരുത്തിയിരുന്നു. പേരിന്‍റെ സ്പെല്ലിങ്ങിലാണ് ലെന മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'LENAA' എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിലാണ് സുരേഷ് ​ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ ഇംഗ്ലിഷ് അക്ഷരങ്ങളിൽ ഒരു ‘എസ്’ കൂടി ചേർത്താണ് മാറ്റം. അതായത് Suresh Gopi എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്. 

സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്‍റെ പേരിനൊപ്പം ഒരു ‘Y’ കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്കരിച്ചത്. നടന്‍ ദിലീപ് 'Dileep' എന്നതിനു പകരം 'Dilieep' എന്നാണ് മാറ്റം വരുത്തിയത്. മൈ സാന്‍റ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്‍റെ പുതിയ പേര് ഔദ്യോഗികമാക്കിയത്.‌‌

English Summary:

Surabhi Lakkshmi changed spelling of name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com