ബോളിവുഡിൽ മാർക്കോ തരംഗം; ‘ദൈവമേ ഇത് നമ്മുടെ ഉണ്ണി തന്നെ’? ഹിന്ദി കേട്ടു കിളി പോയെന്ന് ആരാധകർ
Mail This Article
ഹിന്ദിയിൽ സംസാരിച്ചു കയ്യടി നേടി ഉണ്ണി മുകുന്ദൻ. ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി ‘മാർക്കോ’ പ്രദർശനം തുടരുന്നതിന് ഇടയിലാണ് ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി താരം തന്റെ പുതിയ ആരാധകർക്കു മുൻപിലെത്തിയത്. സിനിമയ്ക്കു ലഭിക്കുന്ന നല്ല കമന്റുകൾക്ക് ഉണ്ണി മുകുന്ദൻ നന്ദി പറഞ്ഞു.
ഹിന്ദിയിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രമാണ് മാർക്കോ. പ്രേക്ഷകർക്കിടയിൽ മുഖപരിചയം ഇല്ലാത്ത താരമായിട്ടും ഉത്തരേന്ത്യൻ പ്രേക്ഷകരിൽ നിന്നു ലഭിച്ച വലിയ സ്വീകരണം ശരിക്കും അമ്പരപ്പിച്ചുവെന്ന് താരം വെളിപ്പെടുത്തി. അതുകൊണ്ടാണ് മുംബൈയിലെത്തി നേരിട്ട് പ്രേക്ഷകരോടു സംവദിക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു.
അതേസമയം, ഉണ്ണി മുകുന്ദന്റെ ‘ഹിന്ദി വർത്തമാനം’ മലയാളികൾക്കിടയിലും ചർച്ചയായി. ‘ഇത് നമ്മുടെ ഉണ്ണി തന്നെയാണോ? ഹിന്ദി കേട്ടു കിളി പോയി’ എന്നാണ് ഒരു ആരാധകന്റെ രസകരമായ കമന്റ്. മാർക്കോ ഉത്തരേന്ത്യയിലും ഹിറ്റായതോടെ ഉണ്ണി മുകുന്ദനെ ബോളിവുഡ് കൊണ്ടു പോകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ബോളിവുഡിൽ ക്രിസ്മസ് റിലീസായി എത്തിയ വരുൺ ധവാൻ–കീർത്തി സുരേഷ് ചിത്രം ‘ബേബി ജോണി’നേക്കാൾ മികച്ച പ്രതികരണമാണ് മാർക്കോയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫിസ് കലക്ഷൻ 57 കോടിയും കടന്ന് കുതിക്കുകയാണ്. ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ഈ തരത്തിലുള്ള പ്രതികരണങ്ങൾ തുടർന്നാൽ വൈകാതെ ചിത്രം 100 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ ബോളിവുഡിൽ തരംഗമായി മാറുകയാണ്. റിലീസ് ദിനത്തിൽ ഹിന്ദിയിൽ വെറും 34 സ്ക്രീനുകളിലായിരുന്നു മാർക്കോ പ്രദർശിപ്പിച്ചത്. എന്നാൽ ഇപ്പോൾ 350ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
മാത്രമല്ല ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്. എ - റേറ്റഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ മാര്‍ക്കോയുടെ ജനപ്രീതി ഇപ്പോള്‍ ചര്‍ച്ചാ വിഷമാവുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്‌ഷന്‍ ചിത്രങ്ങളിലൊന്നായ കില്‍ (ഹിന്ദി) ലൈഫ് ടൈം കലക്‌ഷന്‍ 47 കോടി രൂപയായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് മാര്‍ക്കോ മറികടന്നത്.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ ആക്‌ഷന്‍-വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ലോകസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം.