അടിക്കുന്നതുപോലെ ഞാൻ കയ്യോങ്ങി. മമിത മകളെ പോലെ; വിശദീകരണവുമായി സംവിധായകൻ ബാല
Mail This Article
‘വണങ്കാൻ’ സിനിമയുടെ സെറ്റിൽ വച്ച് സംവിധായകന്‍ ബാല നടി മമിത ബൈജുവിനെ അടിച്ചുവെന്ന വാർത്തയിൽ വിശദീകരണവുമായി തമിഴ് സംവിധായകൻ ബാല. മമിതയെ അടിച്ചില്ലെന്നും അടിക്കുന്ന പോലെ കയ്യോങ്ങുക മാത്രമാണ് ചെയ്തതെന്നും ബാല പറയുന്നു. മമിത തനിക്ക് മകളെപ്പോലെയാണെന്നും അവരോടു മോശമായി പെരുമാറിയിട്ടില്ലെന്നും ബാല വെളിപ്പെടുത്തി. ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തൽ.
ബാലയുടെ വാക്കുകൾ: "എന്റെ മകളെ പോലെയാണ് മമിത. അവളെ ഞാൻ അടിക്കുമോ? പെൺകുട്ടികളെ ആരെങ്കിലും അടിക്കുമോ? ചെറിയ കുട്ടിയാണവൾ. എനിക്ക് ആവശ്യമില്ലാതെ മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമല്ല. അന്ന് ആ സിനിമയ്ക്ക് വേണ്ടി ബോംബെയിൽ നിന്നു വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു വർക്ക് ചെയ്‌തത്. മമിതയ്ക്ക് അപ്പോൾ ഷോട്ട് ഉണ്ടായിരുന്നില്ല. അവർ വെറുതെ ഇരിക്കുകയായിരുന്നു. മേക്കപ്പ് ആർടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവർക്കറിയില്ല. മമത അവരോട് പറഞ്ഞതുമില്ല. ഷോട്ടിന് റെഡിയായി വിളിച്ചപ്പോൾ മേക്കപ്പ് ഇട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ ഞാൻ കയ്യോങ്ങി. വാർത്ത വന്നപ്പോൾ ഞാൻ അടിച്ചെന്നായി. യഥാർത്ഥത്തിൽ അവിടെ നടന്നത് ഇതാണ്. വണങ്കാനിൽ നിന്നും സൂര്യ പിന്മാറിയതിന് പിന്നാലെയാണ് മമിതയും പിന്മാറിയത്. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമല്ല സൂര്യ പിന്മാറിയത്. കഥയിൽ ചില മാറ്റങ്ങൾ വന്നതാണ് സൂര്യ പിന്മാറാൻ കാരണം. 40 ദിവസത്തോളം മമിത അതിൽ അഭിനയിച്ചതാണ്. വീണ്ടും ചിത്രം റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോഴേക്കും മമിതയ്ക്ക് മറ്റു സിനിമകളുടെ തിരക്ക് വന്നു. ഇതോടെ മമത പിന്മാറുകയായിരുന്നു."
സെറ്റിൽ വച്ച് സംവിധായകൻ ബാല മോശമായി പെരുമാറിയെന്ന വിഷയത്തിൽ മമിത മുൻപെ വ്യക്തത വരുത്തിയിരുന്നു. സംവിധായകൻ ബാല തന്നെ അടിച്ചിട്ടില്ല എന്നും താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നുമായിരുന്നു മമിത പറഞ്ഞത്. വണങ്കാനിൽ അഭിനയിക്കുമ്പോൾ സംവിധായകൻ ബാല ദേഷ്യപ്പെട്ടതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മമിത പറഞ്ഞതോടെയാണ് വിഷയം വിവാദമായത്.
വണങ്കാനിൽ നിന്ന് സൂര്യയും മമിതയും പിന്മാറിയതോടെ അരുൺ വിജയും റോഷ്‌നി പ്രകാശുമാണ് നായികാനായകന്മാരായത്. ബാല സംവിധാനം ചെയ്ത ചിത്രം ജനുവരി 10 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് ബാല.