ADVERTISEMENT

നോർത്ത് ഇന്ത്യയില്‍ 600 തിയറ്ററുകളിൽ നിറഞ്ഞ് ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’.വരുൺ ധവാൻ നായകനായ ബിഗ് ബജറ്റ് ചിത്രം ‘ബേബി ജോണിനെ’ തിയറ്ററുകളിൽ നിന്നും മാറ്റിയാണ് ഈ മലയാള ചിത്രം അതിർവരമ്പുകൾ ഭേദിക്കുന്നത്. 34 സ്ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിച്ച ഹിന്ദി പതിപ്പിന് ആദ്യ ദിവസം ഒരു ലക്ഷമായിരുന്നു കലക്‌ഷൻ. ഇപ്പോൾ പത്ത് ദിവസം പിന്നിടുമ്പോൾ കലക്‌ഷൻ കോടികളിലേക്കു കടക്കുകയാണ്.

പാൻ ഇന്ത്യൻ താരമെന്ന നിലയിലുള്ള ഉണ്ണി മുകുന്ദന്റെ വളർച്ചയാണ് സിനിമയുടെ ഞെട്ടിപ്പിക്കുന്ന വിജയം സൂചിപ്പിക്കുന്നതെന്നാണ് ബോക്സ്ഓഫിസ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ടിറങ്ങുന്ന ഹിന്ദി പ്രേക്ഷകരും നടന്റെ സ്വാഗിനെയും ആക്‌ഷൻ പെർഫോമൻസിനെയും പ്രത്യേകം പ്രശംസിക്കുന്നു.

ഇതിനിടെ സിനിമയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്തുവന്നു. ‘മാർക്കോ’ സിനിമയ്ക്കു ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങളും പ്രശംസകളും ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് വർമ പറഞ്ഞു.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ ബോളിവുഡിൽ തരംഗമായി മാറുകയാണ്.

സിനിമ റിലീസായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 73 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ നേടിയത്. മാത്രമല്ല ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായും മാര്‍ക്കോ മാറിക്കഴിഞ്ഞു. കേരളത്തിൽ നിന്നു മാത്രമുളള കലക്‌ഷൻ 34 കോടി പിന്നിട്ടു.

ഈ രീതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിതം 100 കോടി കടക്കുമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന സൂചന. മാത്രമല്ല ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്. എ - റേറ്റഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ മാര്‍ക്കോയുടെ ജനപ്രീതി ഇപ്പോള്‍ ചര്‍ച്ചാ വിഷമാവുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്‌ഷന്‍ ചിത്രങ്ങളിലൊന്നായ കില്‍ (ഹിന്ദി) ലൈഫ് ടൈം കലക്‌ഷന്‍ 47 കോടി രൂപയായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് മാര്‍ക്കോ മറികടന്നത്.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ ആക്‌ഷന്‍-വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ലോകസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം.

English Summary:

Unni Mukundan and Hanif Adeni's film 'Marko' is a resounding success in North India, filling 600 theaters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com