മലയാളത്തിലെ ഹിറ്റ് മെഷീൻ ആയി ബേസിൽ; 2024ല്‍ അഭിനയിച്ച ഏഴ് പടങ്ങളില്‍ ആറും സൂപ്പര്‍ഹിറ്റ്
Mail This Article
തെന്നിന്ത്യയില്‍ മറ്റൊരു നടനും കീഴടക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് മലയാളത്തിന്റെ ബേസില്‍ ജോസഫ്. സംവിധായകനായി എത്തി പിന്നീട് നടനായപ്പോഴും തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ച താരം. വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചു കയറിയ കരിയര്‍ ഗ്രാഫാണ് ബേസിലിന്റേത്. സിനിമാക്കഥകളേക്കാള്‍ അവിശ്വസനീയമായ ജീവിതകഥ.
കുഞ്ഞിപ്പടത്തില്‍ തുടങ്ങി ഇമ്മിണി ബല്യ ആളായി
എന്‍ജിനീയറിങ് ബിരുദധാരിയായ ഒരു യുവാവിന്റെ മനസ് നിറയെ സിനിമാമോഹം. തലസ്ഥാനത്ത് ജോലി കിട്ടിയ അയാള്‍ എങ്ങനെയും സംവിധായകനാകണം എന്ന ആഗ്രഹവുമായി അലയുന്നു. വയനാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് വരുന്ന കഥാനായകന് സിനിമാ ബന്ധങ്ങളൊന്നുമില്ല. അതുകൊണ്ട് അവധി ദിവസങ്ങളില്‍ കൂട്ടുകാര്‍ പിരിവിട്ട കാശുകൊണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ നിർമിക്കുന്നു. അഭിനയിക്കാനായി പണം കൊടുത്ത് നടന്‍മാരെ കൊണ്ടു വരാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് സംവിധായകന്‍ തന്നെ ചില വേഷങ്ങള്‍ അഭിനയിക്കുന്നു. ഇങ്ങനെ ചെയ്തു കൂട്ടിയ ഷോര്‍ട്ട് ഫിലിമുകളിലൊന്ന് നടന്‍ അജു വര്‍ഗീസിനെ കാണിക്കാന്‍ മോഹം. അജുവിനെ പരിചയമില്ലാത്തതു കൊണ്ട് അദ്ദേഹത്തിന്റെ എഫ്ബി അക്കൗണ്ടില്‍ കയറി മെസഞ്ചര്‍ വഴി ഷോര്‍ട്ട് ഫിലിമിന്റെ ലിങ്ക് അയച്ചുകൊടുക്കുന്നു.
സംഗതി ഇഷ്ടപ്പെട്ട അജു മെസഞ്ചര്‍ വഴി ചാറ്റ് ചെയ്യവെ കഥാനായകന്‍ മൊബൈല്‍ നമ്പര്‍ ചോദിക്കുന്നു. ആശയസംവാദം പിന്നീട് ഫോണിലുടെയാകുന്നു. തന്റെ കലാസൃഷ്ടി സാക്ഷാല്‍ വിനീത് ശ്രീനിവാസനെ കാണിക്കണമെന്ന ആഗ്രഹം നായകന്‍ പങ്കുവയ്ക്കുന്നു. അജു പച്ചക്കൊടി കാണിക്കുന്നു. വിനീതിന് നായകന്റെ ഷോര്‍ട്ട് ഫിലിം ഇഷ്ടമാകുന്നു. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി തനിക്കൊപ്പം തിര എന്ന പടത്തില്‍ സഹായിയായി നിര്‍ത്തുന്നു.
സഹനായി ദീര്‍ഘകാലം ഒതുങ്ങിക്കൂടാന്‍ നായകന്റെ അക്ഷമ അനുവദിക്കുന്നില്ല. എങ്ങനെയും സ്വതന്ത്രസംവിധായകനാവണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ‘കുഞ്ഞിരാമായണം’ എന്ന കഥ നായകന്‍ വിനീതിനോട് പറയുന്നു. പുളളിക്ക് അതും ഇഷ്ടപ്പെടുന്നു. നായകനായി അഭിനയിക്കാമെന്ന് സമ്മതം മൂളുന്നു. പക്ഷേ നിര്‍മാതാവ് വേണ്ടേ? ചിന്ന ചിന്ന ആസൈകളുമായി നടക്കുന്ന നായകനെ വിശ്വസിച്ച് ആരു പണം മുടക്കും?
അതിനും വിനീത് പോംവഴി കണ്ടെത്തി. വിനീത് ഒപ്പമുളള പ്രൊജക്ടിന് വിശ്വസിച്ച് പണമിറക്കാന്‍ നിര്‍മാതാവ് വരുന്നു. പടം എട്ടുനിലയില്‍ പൊട്ടുമെന്ന് സിനിമയിലെ പല അമ്മാവന്‍മാരും കണക്ക് കൂട്ടി. പക്ഷേ കുഞ്ഞിരാമായണം തിയറ്ററില്‍ വല്യ രാമായണമായി. പടം സൂപ്പര്‍ഹിറ്റ്. അതോടെ ബേസില്‍ അത്ര ചെറിയ മൊതല്‍ ഒന്നുമല്ലെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു.എന്നിട്ടും ദോഷൈകദൃക്കുകള്‍ അടങ്ങിയിരുന്നില്ല. അബദ്ധത്തില്‍ ഒരു ചക്ക വീണ് മുയല് ചത്തെന്ന് കരുതി എപ്പഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ? എന്ന് പറഞ്ഞ ഒരു വിശാരദനുണ്ട്. പേര് ബേസിലിന്റെയാണെങ്കിലും എല്ലാം വിനീതിന്റെ കോണ്‍ട്രിബ്യുഷനാണെന്ന് പറഞ്ഞവരുമുണ്ട്. കഥാനായകന്‍ അതൊന്നും കേട്ടതായി നടിച്ചില്ല.
അന്ന് വല്യ താരമല്ലെങ്കിലും സുഹൃത്തായ ടൊവിനോയെ നായകനാക്കി ഗോദ എന്ന പടം ചെയ്തു. കുഞ്ഞിരാമായണത്തേക്കാള്‍ വലിയ ഹിറ്റായി ഗോദ. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ സിനിമ ചെയ്യാന്‍ ധൈര്യം തന്നത് ആദ്യത്തെ വിജയങ്ങളാണ്. അതും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ കുഞ്ഞന്‍ മുയല്‍ ഹാട്രിക്ക് അടിച്ചു. ഇതിനിടയില്‍ ഒരു നേരം പോക്കിന് വേണ്ടിയാണ് സുഹൃത്തുക്കളുടെ പ്രേരണയില്‍ അവരുടെ പടങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചത്. ദിലീഷ് പോത്തന്റെ ജോജിയിലെ പുരോഹിതവേഷം കയറി കലക്കി. അന്നുവരെ നാം കണ്ടുപരിചയിച്ച പളളീലച്ചന്‍മാരില്‍ നിന്ന് വേറിട്ട കഥാപാത്ര വ്യാഖ്യാനം.
പല പടങ്ങളില്‍ പല തരം കുഞ്ഞന്‍ വേഷങ്ങള്‍. അതിനപ്പുറം നായകനായൊക്കെ അഭിനയിക്കാന്‍ ഇവനാര് എന്ന് മുഖം ചുളിക്കുന്ന സിനിമാ തമ്പുരാക്കന്‍മാരെ ഞെട്ടിച്ചുകൊണ്ട് ദാ വരുന്നു ‘ജാനേമന്‍’ എന്ന പടം. സംഭവം ഹിറ്റ്. അതിന്റെ ബലത്തില്‍ അടുത്ത നവാഗത സംവിധായകന്‍ ലിറ്റില്‍ സ്റ്റാറിനെ വച്ച് ‘പാല്‍ത്തൂജാന്‍വര്‍’ എന്ന കിടുക്കാച്ചി പടം ചെയ്യുന്നു. അത് അതിനേക്കാള്‍ ഹിറ്റ്. ‘ജയ ജയ ജയ ഹേ’ എന്ന മൂന്നാമത് പടം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായതോടെ ഇത് ഇവിടെയൊന്നും നില്‍ക്കുന്ന ഐറ്റമല്ലെന്ന് ആളുകള്‍ക്ക് ഏറെക്കുറെ പിടികിട്ടി.
പിന്നെ ദാ കിടക്കുന്നു ഫാലിമി, ഗുരുവായുരമ്പലനടയില്‍.... എന്നിങ്ങനെ സൂപ്പര്‍ഹിറ്റുകളുടെ ചാകര. ഇതിനിടയില്‍ കുറച്ചൊക്കെ നെഗറ്റീവ് റിവ്യൂസ് വന്ന നുണക്കുഴി എന്ന പടം പോലും കലക്‌ഷനില്‍ മോശമായില്ല. കാരണം വേറൊന്നുമല്ല. ലിറ്റില്‍ ഹീറോയുടെ സാന്നിധ്യം തന്നെ. തൊട്ടതെല്ലാം പൊന്നാക്കുന്ന ചങ്ങാതി ഗസ്റ്റ് റോളില്‍ വന്ന വാഴയും വര്‍ഷങ്ങള്‍ക്ക് ശേഷവും അജയന്റെ രണ്ടാം മോഷണവുമെല്ലാം ഹിറ്റ്. ഇടയ്ക്ക് ഒരെണ്ണം വീണു. കപ്പ്...! കപ്പ് മാത്രം കപ്പടിച്ചില്ല.
ഈ ഹിറ്റു ജീവിതത്തിനിടയിലും പ്രേക്ഷകരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഒരുപോലെ സ്നേഹിച്ചു കൊണ്ടുനടക്കാനും ബേസിൽ ആത്മാർഥമായി ശ്രമിക്കുന്നു. ബേസിലിന്റെ മറ്റൊരു ട്രേഡ് മാർക്ക് ആണ് ട്രെയിന്‍ പോലെ നീളമുളള ആ ചിരി. സത്യത്തില്‍ അതും സൂപ്പര്‍ഹിറ്റ്. ഏറ്റുമൊടുവില്‍ സൂക്ഷ്മദര്‍ശിനിയും തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയപ്പോള്‍ ടിയാന്‍ മലയാളത്തിലെ ഏറ്റവും വിപണനമൂല്യമുളള നായകന്‍മാരില്‍ ഒരാളായി ഉയര്‍ന്നു.
സംവിധാനിക്കാന്‍ വരട്ടടേയ്...
അതിനിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ ചില നിലവിളികളാണ് ഈ ജീവിതകഥയുടെ ഹൈലൈറ്റ്. അഭിനയം ഒരു കാലത്തും ബേസിലിന്റെ പാഷനായിരുന്നില്ല. സംവിധായകനാകാന്‍ മോഹിച്ച് ഒന്നാം തരം ജോലി പോലും വലിച്ചെറിഞ്ഞ ധീരശുരപരാക്രമിയാണ്. നായകനാകാന്‍ ക്ഷണിക്കുന്നവരോട് എന്നെയൊന്ന് ഒഴിവാക്കി തരു, എനിക്ക് അത്യാവശ്യമായി ഒന്ന് സംവിധാനിക്കണം എന്ന് പറഞ്ഞ് നിരന്തരം മുറവിളി കൂട്ടി നോക്കി. പക്ഷേ ഫലമുണ്ടായില്ല. നിന്റെ പരിപ്പെടുത്തിട്ടേ ഞങ്ങള്‍ വിടൂ എന്ന മട്ടില്‍ തിരക്കഥകളും ക്യാമറയുമായി ഇടം വലം തിരിയാന്‍ സമ്മതിക്കാതെ ക്യൂ നില്‍ക്കുകയാണ് സംവിധായകരും നിര്‍മ്മാതാക്കളും. ചോദിക്കുന്ന പണം കൊടുക്കാന്‍ അവര്‍ റെഡി. സംവിധാനത്തിന്റെ റിസ്‌കും ടെന്‍ഷനുമില്ല. വന്നു വന്ന് കഥനായകനും തോന്നിത്തുടങ്ങി. ഇത് കൊളളാമല്ലോ പരിപാടി. എന്നാപിന്നെ കൊറെക്കാലം ഇങ്ങനെ പോട്ടെ...സംവിധാനം എന്ന പുലിവാല് തത്ക്കാലം അവിടെ നില്‍ക്കട്ടെ. അങ്ങനെ വിശ്വസിച്ച് കൂടെപോന്ന പാവം സംവിധാനത്തെ പെരുവഴിയില്‍ നിര്‍ത്തി നായകനായി വിലസുകയാണ് ബേസില്‍ ജോസഫ്. വയസ് 34. കയ്യിലിരിപ്പ് തമാശയും കുസൃതിയും. പിന്നെ നീട്ടിവലിച്ചുളള ആ ചിരിയും...ഇത് ബേസിലിന്റെ ലൈഫ് ജേണിയുടെ ഹ്യൂമര്‍ ടച്ചുളള വണ്‍ലൈന്‍. ഇനി അതിന്റെ സീര്യസ് ട്രാക്ക് ഒന്ന് പിടിക്കാം.
പടം നന്നായില്ലെങ്കില്‍ ഗോവിന്ദാ..
ഇന്ത്യന്‍ സിനിമ നേരിടുന്ന ഏറ്റവും വലിയ സമകാലിക പ്രശ്‌നങ്ങളിലൊന്ന് തുടര്‍വിജയങ്ങള്‍ നിലനിര്‍ത്താന്‍ ഒരു താരങ്ങള്‍ക്കും കഴിയുന്നില്ല എന്നതാണ്. മിനിമം ഗ്യാരണ്ടി സ്റ്റാര്‍ എന്ന് ആരെയും വിശേഷിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. സൂപ്പര്‍-മെഗാ താരങ്ങളുടെ ഇനീഷ്യന്‍ കലക്‌ഷന്‍ എന്നത് പോലും പഴങ്കഥയായി തുടങ്ങിയിരിക്കുന്നു. ഒരു താരത്തിന്റെ പേരിലും ബിസിനസ് സംബന്ധമായ ഷുവര്‍ട്ടിയില്ല. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന അവസ്ഥ. പഠാന്‍ എന്ന പടുകൂറ്റര്‍ ഹിറ്റ് നല്‍കിയ ഷാറുഖ് ഖാന്റെ മറ്റ് സിനിമകള്‍ പ്രതീക്ഷിച്ചതു പോലെ വലിയ സംഭവമായില്ല. സല്‍മാന്‍ഖാന്‍, അക്ഷയ്കുമാര്‍ എന്നിവര്‍ മാര്‍ക്കറ്റ് ഇടിഞ്ഞ അവസ്ഥയിലാണ്.
വിക്രമിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കുക മാത്രമല്ല 500 കോടിക്ക് മുകളില്‍ കലക്‌ഷന്‍ കൊണ്ടുവന്ന കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ആദ്യഭാഗമായ ഇന്ത്യന്റെ ഏഴയലത്ത് എത്തിയില്ല എന്ന് മാത്രമല്ല വലിയ നഷ്ടം വരുത്തി വയ്ക്കുകയും ചെയ്തു. 74 -ാം വയസ്സിലും വിജയകഥകള്‍ മാത്രം പറഞ്ഞിരുന്ന രജനീകാന്തിന്റെ ലാല്‍സലാം പരാജയപ്പെട്ടപ്പോള്‍ വിജയം ഉറപ്പാക്കാനായി ജ്ഞാനവേല്‍ ഒരുക്കിയ വേട്ടയ്യാനും ഹിറ്റായില്ല. ജയിലര്‍ മുഖം രക്ഷിച്ചെന്ന് മാത്രം. മലയാളത്തിലും പല താരങ്ങൾക്കും ഈ അവസ്ഥ ബാധകമാണ്. എന്നാല്‍ പരാജയപ്പെട്ട സിനിമകളൊന്നും താരങ്ങളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല. എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ ഇല്ലാത്തതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതുമായ സിനിമകള്‍ വന്നപ്പോള്‍ സ്വാഭാവികമായും ആളുകള്‍ തിരസ്‌കരിച്ചു എന്നതാണ് വാസ്തവം.
ആസ്വാദനമൂല്യമുളള സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് സംഭവിച്ച പിഴവാണ് പരാജയങ്ങളുടെ കാരണം. നാളെ നല്ലൊരു സിനിമ അവരുടേതായി വന്നാല്‍ ഉറപ്പായും തിയറ്ററുകള്‍ നിറയും എന്നതാണ് സ്ഥിതി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിരന്തര പരാജയങ്ങളില്‍ നിന്നും ഏബ്രഹാം ഓസ്‌ലര്‍ എന്ന തകര്‍പ്പന്‍ ഹിറ്റിലൂടെ കരകയറിയ ജയറാമും ഇപ്പോള്‍ ഇഡി എന്ന പടത്തിലുടെ വിജയം തിരിച്ചുപിടിച്ച സുരാജും.നല്ല പടങ്ങളില്‍ വന്നാല്‍ ഇവരൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. മറ്റ് നടന്‍മാരുടെ സ്ഥിതിയും അത് തന്നെ.
ടിക്കറ്റെടുത്ത് ബോറടിക്കാനില്ല
എന്താണ് നല്ല സിനിമ എന്ന ചോദ്യവും പ്രസക്തമാണ്. ഉദാത്തമായ സിനിമ എന്ന അർഥത്തിലല്ല പറയുന്നത്. പുതുകാലത്തെ പ്രേക്ഷകന്റെ ആസ്വാദനാഭിരുചിയെ തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് വേണ്ടത്. സമീപകാലത്ത് ഹിറ്റായ വാഴ, ആവേശം എന്നീ പടങ്ങളെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ആസ്ഥാന വിദ്വാന്‍മാരുണ്ട്. എന്നാല്‍ പ്രേക്ഷകലക്ഷങ്ങള്‍ ഹൃദയപൂര്‍വം ആ സിനിമകള്‍ ഏറ്റെടുത്തു. ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്ന സിനിമകള്‍ തന്നെയാണ് പ്രധാനം. അത്തരത്തില്‍ ഉറപ്പ് നല്‍കാന്‍ കഴിയുന്ന അഥവാ തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കാന്‍ കെല്‍പ്പുളള സംവിധായകനോ നടനോ ഇന്ന് ഇല്ല എന്നതാണ് വസ്തുത. ആര് അഭിനയിച്ചാലും ഇല്ലെങ്കിലും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവര്‍ തീയറ്ററില്‍ പോയി പടം കാണും. പണവും സമയവും മിനക്കെടുത്തി ബോറടിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നതാണ് പ്രേക്ഷകരുടെ നിലപാട്.
എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തിലും സിനിമയില്‍ തുടര്‍വിജയങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നു ബേസിലിന്. ഇതിന്റെ രസതന്ത്രം അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന ഉത്തരം ലളിതമാണ്. ബേസില്‍ അടിസ്ഥാനപരമായി ഒരു ജനപ്രിയ സംവിധായകനാണ്. ചെയ്ത പടങ്ങളെല്ലാം ഹിറ്റാക്കിയ ഒരാള്‍. പ്രേക്ഷക മനശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് മികച്ച ധാരണയുണ്ട്. അതുകൊണ്ട് തന്നെ അഭിനയിക്കാനായി സമീപിക്കുന്ന പ്രൊജക്ടുകളുടെ കഥ കേള്‍ക്കുമ്പോളൂം തിരക്കഥ വായിക്കുമ്പോളും ഏത് വേണം ഏത് വേണ്ട എന്ന് കൃത്യമായി തീരുമാനിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു.
പൊട്ടക്കണ്ണന്റെ മാവേലേറ് പോലെയാണ് പല താരങ്ങളും പടങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഒത്താല്‍ ഒത്തു. ഈ ഭാഗ്യപരീക്ഷണം സിനിമയില്‍ ആശാസ്യമല്ലെന്ന് ബേസിലിന് നന്നായി അറിയാം. മോക്ഷം കിട്ടാനല്ല പ്രേക്ഷകര്‍ പണം മുടക്കി തീയറ്ററുകളിലെത്തുന്നത്. ആദ്യന്തം അവരെ രസിപ്പിക്കുന്നതും പിടിച്ചിരുത്തുന്നതുമാവണം സിനിമ. ഓരോ സീനുകള്‍ക്കും രസം ജനറേറ്റ് ചെയ്യാന്‍ കഴിയണം. അത്രമാത്രം കൃത്യതയും അവധാനതയും പുലര്‍ത്തുന്നതാവണം തിരക്കഥയും അവതരണ രീതിയും. പ്രേക്ഷകര്‍ സിനിമാക്കാരേക്കാള്‍ താഴെയല്ല, മുകളിലാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാവണം. കാരണം ഒടിടിയുടെ ആഗമനത്തോടെ ലോകഭാഷകളിലുളള വിവിധ തരം സിനിമകള്‍ പ്രേക്ഷകന്റെ വിരല്‍ത്തുമ്പിലാണ്. ഈ ബോധ്യം കൊണ്ടു നടക്കുന്ന അപൂര്‍വം ചലച്ചിത്രപ്രവര്‍ത്തകരില്‍ മുന്‍നിരയിലാണ് ബേസില്‍.
എന്റെ മുഖം എന്റെ തല എന്ന് ശഠിക്കുന്ന താരങ്ങള്‍ക്കിടയിലും ബേസില്‍ വേറിട്ട് നില്‍ക്കുന്നു. താന്‍ താരമൂല്യമുളള നായകനായിട്ടും നായിക ലീഡ് ചെയ്യുന്ന സൂക്ഷ്മദര്‍ശിനി എന്ന പടത്തിന് അദ്ദേഹം ഡേറ്റ് നല്‍കി. കാരണം ലളിതം. സൂക്ഷ്മദര്‍ശിനി രസകരമായ സിനിമയാണ്. അതിന്റെ ഭാഗമാകുക എന്നതിനാണ് ബേസില്‍ പ്രാമുഖ്യം നല്‍കിയത്. ആദ്യന്തം ഓരോ സീനിലും നായകന്‍ നിറഞ്ഞു നില്‍ക്കണമെന്ന പിടിവാശി അദ്ദേഹത്തിനില്ല. ഹീറോയിസം എന്ന മിഥ്യാ സങ്കല്‍പ്പത്തിലും വിശ്വസിക്കുന്നില്ല. സിനിമയുടെ ടോട്ടാലിറ്റി നന്നാവുക, രസകരമാവുക, പടം ഹിറ്റാകുക..അപ്പോള്‍ മാത്രമാണ് ആ നായകനടന് വിപണനമൂല്യം നിലനിര്‍ത്താന്‍ കഴിയുക. അതിനപ്പുറം ബാലിശമായ ധാരണകളും ശാഠ്യങ്ങളും കൊണ്ടു നടക്കുന്ന പരിമിതബുദ്ധികള്‍ ഏറെയുളള മേഖലയാണ് സിനിമ.
പതിറ്റാണ്ടുകളുടെ അനുഭവം കൈമുതലായിട്ടും ഒരു സിനിമ തിരഞ്ഞെടുക്കുന്നതില്‍ ഇക്കൂട്ടര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. അഭിനയശേഷിയില്‍ ബേസിലിന് ചിന്തിക്കാന്‍ കഴിയാത്ത വിധം ഉയരങ്ങളില്‍ നില്‍ക്കുന്ന പലരും വിജയചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തലകുത്തനെ വീഴുമ്പോള്‍ ആകാരം കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് പരിമിതികളുളള, അതേക്കുറിച്ച് സ്വയം ഉത്തമധാരണയുളള ബേസില്‍ വിജയങ്ങളുടെ മൊത്തവ്യാപാരിയായി വിലസുന്നു. വിവരത്തേക്കാള്‍ വിവേകമാണ് വലുതെന്ന് ഒരു പഴമൊഴിയുണ്ട്. തിരിച്ചറിവ്/ വിവേചനബുദ്ധി എന്നൊക്കെ പറയാവുന്ന ഒരു സംഗതിയുടെ മാത്രം പിന്‍ബലത്തില്‍ ബേസില്‍ മലയാള സിനിമയെ കൈപ്പിടിയിലൊതുക്കുമ്പോള്‍ പ്രേക്ഷകരും ആഹ്‌ളാദത്തിലാണ്. ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജും വിലപ്പെട്ട സമയവും നല്‍കി തീയറ്ററിലെത്തുന്ന പ്രേക്ഷകരെ കുറഞ്ഞ പക്ഷം ബോറടിപ്പിക്കാതിരിക്കാനുളള സാമാന്യമര്യാദ കാണിക്കുന്ന ഒരു താരത്തിന് അവര്‍ കയ്യടിക്കുന്നതില്‍ എന്താണ് തെറ്റ്?
മികച്ച ഇനീഷ്യലും വമ്പന്‍ ടോട്ടല്‍ ഷെയറും കൊണ്ടുവരാന്‍ കെല്‍പ്പുളള അഭിനയിക്കുന്ന പടങ്ങള്‍ ഒന്നൊന്നായി വിജയിപ്പിക്കുന്ന ഒരു നടനെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാമെങ്കില്‍ സംശയിക്കേണ്ട. വയനാട്ടുകാരന്‍ ബേസില്‍ ജോസഫും ഒരു ലിറ്റില്‍ സൂപ്പര്‍സ്റ്റാറാണ്. നാളെ അത് ഇമ്മിണി ബല്യ സൂപ്പര്‍സ്റ്റാറായി മാറിയാലും ഞെട്ടാനൊന്നും സ്‌കോപ്പില്ല. ചെക്കന്‍ തലയില്‍ ആള്‍താമസമുളള ടീമാണേ...