ചേച്ചിയെ പരിചയപ്പെടുത്തി നിത്യ ദാസ്; വീണ്ടും ചെറുപ്പമായല്ലോ എന്ന് ആരാധകർ
Mail This Article
സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നിത്യ ദാസ്. മഞ്ഞ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് സഹോദരിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളിൽ ഒരു മധുരപതിനേഴുകാരിയുടെ ലുക്കാണ് താരത്തിന്. നിത്യ ദാസിന് ഒരിക്കലും പ്രായമാകാറില്ല എന്ന് ആരാധകർ പറയാറുണ്ട്. നിത്യയും മകൾ നൈനയും ഒരുമിച്ചുള്ള നൃത്ത റീലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റീലുകളിലെല്ലാം താരം മകളേക്കാൾ ചെറുപ്പമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
സഹോദരിയോടൊപ്പമുള്ള ചിത്രത്തിലും പട്ടുപാവാടയും ചന്ദനക്കുറിയുമണിഞ്ഞ് കുട്ടിത്തം വിടാത്ത മുഖഭാവമാണ് താരത്തിന്. ഒരു മൂത്ത ജ്യേഷ്ഠത്തി അമ്മയെപ്പോലെയാണെന്നും നമ്മെ നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പമുണ്ടാകുമെന്നും ചിത്രത്തോടൊപ്പം നിത്യ കുറിച്ചു.
‘‘നമ്മുടെ മൂത്ത സഹോദരി രണ്ടാമത്തെ അമ്മയെപ്പോലെയാണ്. നമ്മെ മുന്നോട്ട് നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പമുണ്ടാകും.’’ നിത്യ ദാസ് കുറിച്ചു.
ഈ പറക്കുംതളിക എന്ന ഒരേയൊരു ചിത്രം മതി നിത്യദാസ് എന്ന താരത്തെ ഓർത്തെടുക്കാൻ. നിത്യ പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. മലയാളത്തിന്റെ മകൾ പഞ്ചാബിന്റെ മരുമകൾ ആയപ്പോഴും താരത്തിന്റെ ശാലീനസൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല. സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.