കുറച്ചത് 12 കിലോ, ഒരു വർഷം നീണ്ട വർക്ക്ഔട്ട്; നസ്ലിനൊപ്പം ‘ജിംഖാന’യിൽ തകർക്കാൻ ലുക്ക്മാൻ
Mail This Article
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യ്ക്ക് വേണ്ടി നടൻ ലുക്ക്മാൻ അവറാൻ നടത്തിയ മേക്കോവറാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. കഠിനമായ വർക്ക്ഔട്ടിലൂടെ ഒരു വർഷം കൊണ്ട് 85 കിലോയിൽ നിന്നും 73 കിലോയിലേക്ക് ലുക്ക്മാൻ മാറി. ചിത്രീകരണത്തിനിടെ ലുക്ക്മാന് പരുക്ക് പറ്റിയിരുന്നു. എന്നാൽ ഈ സമയത്തും വർക്ക്ഔട്ടിന് ഇടവേള നൽകാതെ പ്രയ്തനം തുടരുകയായിരുന്നു.
‘‘കൃത്യം ഒരു വർഷം മുമ്പ് 85 കിലോയിൽ നിന്ന് 73 കിലോയിലേക്ക് യാത്ര തുടങ്ങി. മസിലുകളൊന്നും നഷ്ടപ്പെടാതെ കൊഴുപ്പ് കുറയ്ക്കണമെന്നത് നിർബന്ധമായിരുന്നു, അദ്ദേഹത്തിന്റെ റോളിനും അത് അനുയോജ്യമായിരുന്നു. നല്ല ഭക്ഷണപ്രിയനാണെങ്കിലും ഒരുപാട് ത്യാഗങ്ങൾ സഹിക്കുകയും കർശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹം ശമിപ്പിക്കാൻ ഞങ്ങൾ ബദൽ മാർഗങ്ങൾ കണ്ടെത്തി.
ഷൂട്ടിങിനിടെ അദ്ദേഹത്തിന് ഒന്നിലധികം പരുക്കുകൾ പറ്റിയെങ്കിലും ഷൂട്ട് സമയത്തും ഞങ്ങൾ വർക്ക്ഔട്ട് തുടർന്നു. ഖാലിദ് റഹ്മാൻ ഒരു പെർഫെക്‌ഷനിസ്റ്റ് ആയതിനാൽ, കഥാപാത്രത്തിന്റെ രൂപവും ഭാവവും ഞങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്, കൂടാതെ ലുക്ക്മാൻ എല്ലാ വേദനകളിലൂടെയും സ്വയം മുന്നോട്ട് പോയി. ഈ യാത്ര എല്ലാ അർത്ഥത്തിലും ഫലപ്രദമാണ്. സ്ക്രീനിലൂടെ ഈ മേക്കോവർ കാണുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.’’–ലുക്ക്മാന്റെ ട്രെയിനറായിരുന്ന അലി ഷിഫാസിന്റെ വാക്കുകൾ.
ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്റര്‍ടെയ്നര്‍ നിര്‍മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.