25 വർഷങ്ങൾക്കുശേഷം സുരേഷ് ഗോപിയെ കണ്ട് സുചിത്ര; ഒപ്പം കോളജിലെ സീനിയർ രാധികയും
Mail This Article
സുരേഷ് ഗോപിക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബത്തിനുമൊപ്പമായിരുന്നു സുചിത്രയുടെ സന്ദർശനം. വീട്ടിലെത്തിയാണ് സുചിത്രയും കുടുംബവും സുരേഷ് ഗോപിയെ സന്ദർശിച്ചത്.
ഹൃദയസ്പർശിയായ കുറിപ്പും ചിത്രത്തിനൊപ്പം സുചിത്ര ചേർത്തിട്ടുണ്ട്. സുചിത്രയുടെ വാക്കുകൾ: ‘‘സുരേഷേട്ടനെ കണ്ടത്... സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമാണ്. ഗൃഹാതുരത്വം, ആരാധന, വിസ്മയം! ഈ കൂടിക്കാഴ്ച പഴയകാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എങ്ങനെയാണ് സ്വന്തം കഴിവുകൾ നേതൃനിരയിലെത്താൻ വഴിയൊരുക്കിയതെന്ന് ഓർത്തു. വീണ്ടും ഒത്തുചേരുന്ന നിമിഷം മാത്രമായിരുന്നില്ല ഇത്. മറിച്ച് പ്രധാനപ്പെട്ട സ്ഥാനത്തേക്ക് അവരെത്തിപ്പെട്ടതിന് വഴിയൊരുക്കിയ അവരുടെ തിരഞ്ഞെടുപ്പുകളിൽ നിന്നും പരിണാമത്തിൽ നിന്നും പഠിക്കാനുള്ള അവസരം കൂടിയായിരുന്നു. സുരേഷേട്ടാ, രാധി ചേച്ചി ... ആദരം!’’
സുരേഷ് ഗോപിയുടെ ഭാര്യയും ഗായികയുമായ രാധികയുടെ ജൂനിയറായിരുന്നു കോളജിൽ സുചിത്ര. ഇരുകുടുംബങ്ങളും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ട്. ലാലു അലക്സിനൊപ്പമുള്ള ചിത്രവും സുചിത്ര പങ്കുവച്ചിട്ടുണ്ട്. 25 വർഷങ്ങൾക്കു ശേഷമാണ് താരത്തെ കാണുന്നതെന്ന അടിക്കുറിപ്പോടെയാണ് സുചിത്ര ഫോട്ടോ പങ്കുവച്ചത്.
നിലവിൽ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സുചിത്ര. അവധി ആഘോഷിക്കാനാണ് താരം കേരളത്തിൽ എത്താറുള്ളത്. സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും നാട്ടിലേക്കുള്ള ഓരോ വരവിലും പഴയ സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായുമുള്ള സൗഹൃദം സുചിത്ര പുതുക്കാറുണ്ട്.