വിശാലിനു കടുത്ത മൈഗ്രൈയ്നും പനിയും; ആരോഗ്യം മാറ്റിവച്ച് പ്രമോഷനെത്തിയ താരത്തിന് കയ്യടി
Mail This Article
കടുത്ത മൈഗ്രൈയ്നും പനിയും അവഗണിച്ച് സ്വന്തം സിനിമയുടെ പ്രമോഷനെത്തിയ വിശാലിന് കയ്യടിച്ച് സഹ പ്രവർത്തകരും ആരാധകരും. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷം റിലീസിനൊരുങ്ങുന്ന ‘ മദ ഗജ രാജ’യുടെ പ്രി റിലീസ് പരിപാടിക്കാണ് ആരോഗ്യം പോലും അവഗണിച്ച് താരമെത്തിയത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു താരം.
‘‘വർഷങ്ങളായി മൈഗ്രൈയ്ൻ മൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വിശാൽ. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലായിരുന്നു. അതിനിടെ കണ്ണിനും ചെറിയൊരു പ്രശ്നം സംഭവിച്ചിരുന്നു. വീരമൈ വാഗൈ സൂഡും സിനിമയുടെ സെറ്റിൽ വച്ചാണ് ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിനു പരുക്കേൽക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും ഇതുപോലെ ശരീരത്തിന് നിരവധി തവണ അപകടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനി ബാധിതനായിരുന്നു. ഇതിനിടെയിലാണ് സിനിമാ പ്രമോഷനുവേണ്ടി ഒരിടവേളയ്ക്കു ശേഷം അദ്ദേഹം പൊതുവേദിയിലെത്തിയത്.’’–വിശാലിനോടു അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
ശരീരം തീരെ മെലിഞ്ഞ അവസ്ഥയിലായിരുന്നു വിശാൽ ചടങ്ങിനെത്തിയത്. പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴയുന്നതും കൈ വിറയ്ക്കുന്നതും കാണാമായിരുന്നു.. വിഡിയോ വൈറലായതോടെ വിശാലിന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ.
2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ. സുന്ദർ സി.യുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയിലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.
ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം.
ചിത്രത്തിനായി വിശാൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദഗജരാജ. നിലവിൽ രത്നം എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, മുരളി ശർമ്മ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.