ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ; ഓള് വി ഇമേജിന് ആസ് ലൈറ്റിന് പുരസ്കാരങ്ങളില്ല
Mail This Article
ഇന്ത്യന്‍ സിനിമാ പ്രേമികളെ നിരാശപ്പെടുത്തി 82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം. മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിൽ മത്സരിച്ച പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരമില്ല. ജാക്വെസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രെഞ്ച് ചിത്രം ‘എമിലിയ പെരെസ്’ മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്റ്റിന്റെ സംവിധായകൻ ബ്രാഡി കോർബെറ്റ് ആണ് മികച്ച സംവിധായകൻ. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച നടി (കര്‍ള സോഫിയ ഗാസ്‌കോണ്‍), മികച്ച സ്വഭാവനടി (സോ സല്‍ദാന, സലേന ഗോമസ്) അടക്കം നാല് അവാര്‍ഡുകള്‍ ‘എമിലിയ പെരെസ്’ വാരിക്കൂട്ടി.
'ദ് ബ്രൂട്ടലിസ്റ്റാ'ണ് ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച ചിത്രം. 'എ കംപ്ലീറ്റ് അണ്‍നോണ്‍', 'കോണ്‍ക്ലേവ്', 'ഡ്യൂണ്‍– പാര്‍ട്ട് '2, 'നിക്കല്‍ ബോയ്സ്', 'സെപ്റ്റംബര്‍ 5' എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ബ്രൂട്ടലിസ്റ്റിന്‍റെ നേട്ടം. ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി. മികച്ച നടനും ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരമാണ് ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കിയത്.
ആഞ്ജലീന ജോളിയെയും നിക്കോള്‍ കിഡ്മാനെയും കേറ്റ് വിന്‍സ്ലെറ്റിനെയും പമേല ആന്‍ഡേഴ്സണെയും പിന്തള്ളി ബ്രസീലിയന്‍ നടി ഫെര്‍ണാണ്ട ടോറസ് മികച്ച നടിയായി. 'ഐം സ്റ്റില്‍ ഹിയറി'ലെ അഭിനയമാണ് 59കാരിയായ ഫെര്‍ണാണ്ടയെ ഗോള്‍ഡന്‍ ഗ്ലോബിന് അര്‍ഹയാക്കിയത്. ഷോഗൺ മികച്ച ടെലിവിഷന്‍ സീരിസ് ആയപ്പോള്‍ റെയ്ന്‍ഡീര്‍ ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ ഗോള്‍ഡന്‍ ഗ്ലോബും നേടി.
സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 38കാരിയായ പായല്‍ കപാഡിയ. കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തിയ മലയാളം – ഹിന്ദി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാന്‍ ഫെസ്റ്റിവലിൽ അടക്കം നേട്ടം കൊയ്തിരുന്നു. കാൻ ചലചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരവും ഗോതം അവാർഡ്സിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരവും നേടിയത് ഗോള്‍ഡന്‍ ഗ്ലോബ് പ്രതീക്ഷയ്ക്ക് കരുത്തുപകരുകയുണ്ടായി. കേരളത്തിൽനിന്നുള്ള 2 നഴ്സുമാരുടെ മുംബൈ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച രാജ്യാന്തരചിത്രമായി തിരഞ്ഞെടുത്തിരുന്നു.
അതേസമയം പത്ത് നോമിനേഷനുകളാണ് മ്യൂസിക്കല്‍ കോമഡി ചിത്രമായ ‘എമിലിയ പെരെസിന്’ ഉണ്ടായിരുന്നത്. ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ദി ഡേ ഓഫ് ദി ജാക്കല്‍, ഷോഗണ്‍, സ്ലോ ഹോഴ്സസ്, സ്ക്വിഡ് ഗെയിം എന്നിവയും മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി ഡ്യൂണ്‍, കോണ്‍ക്ലേവ്, ദ് ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍ നോണ്‍ എന്നീ ചിത്രങ്ങളും മല്‍സരിച്ചു.
അവാർഡ് പട്ടിക ചുവടെ:
∙മികച്ച നടി (മോഷൻ പിക്ചർ–മ്യൂസിക്കൽ/കോമഡി)
ഡെമി മൂറി (ദ് സബ്സ്റ്റന്‍സ്)
∙മികച്ച നടൻ (മോഷൻ പിക്ചർ–മ്യൂസിക്കൽ/കോമഡി)
സെബാസ്റ്റ്യൻ സ്റ്റാൻ ( എ ഡിഫറന്റ് മാന്‍)
∙സിനിമാറ്റിക് ആൻഡ് ബോക്സ്ഓഫിസ് അച്ചീവ്മെന്റ്സ്
വിക്ക്ഡ്
∙മികച്ച സഹനടി
സോയ് സൽദാന (എമിലിയെ പെരെസ്)
∙മികച്ച സഹനടൻ
കീറൺ കൾക്കിൻ ( എ റിയൽ പെയ്ൻ)