ADVERTISEMENT

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള കാരണം വ്യക്തമാക്കി നടി ഹണി റോസ്. അധിക്ഷേപ കമന്റുകളും അശ്ലീലകമന്റുകളും മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വലുതാണ്. ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല, മറിച്ച് താൻ കാരണം ഒരു പ്രശ്നം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഇതുവരെയും പ്രതികരിക്കാത്തത്. എന്നാൽ ഇത്തരത്തിലുള്ള കമന്റുകൾ സീമകൾ ലംഘിക്കുന്നു. ഇത്തരത്തിൽ അപമാനം നേരിടുന്ന എല്ലാ സ്ത്രീകൾക്കും പ്രതികരിക്കാനുള്ള ഊർജം പകരാൻ വേണ്ടിയാണ് കേസുമായി മുന്നോട്ട് പോയതെന്ന് ഹണി റോസ് മനോരമ ഓൺലൈനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. 

പരസ്യ പ്രതികരണത്തിനു കാരണം

എന്റെ ജീവിതത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കിയ ഒരു സംഭവമാണ് ഇന്നലെ ഞാൻ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. അടുത്ത കാലത്ത് നടന്ന ഒരു സംഭവമാണ് ഇതിന് കാരണം. പല തവണ അത് അവരെ അറിയിച്ചിട്ടും വീണ്ടും എന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എനിക്ക് മാത്രമല്ല ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാം മാനസിക ബുദ്ധിമുട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറഞ്ഞ് തുടർച്ചയായി അപമാനിച്ചിട്ടും ഇതുവരെ പ്രതികരിക്കാത്തത് അത്തരം കമന്റുകൾ ആസ്വദിക്കുന്നതുകൊണ്ടാണോ എന്ന് കമന്റു ചെയ്യുന്നവരുണ്ട്. ഇക്കാര്യത്തിൽ ഈ വ്യക്തിയോടും ആ സ്ഥാപനത്തോടും എന്റെ പ്രതികരണം അറിയിക്കുന്നുണ്ടായിരുന്നു. അത് പൊതുജനങ്ങൾ അറിയാത്തതാണ്. ഒടുവിൽ, ഫെയ്സ്ബുക്ക് പോസ്റ്റിൽ തന്നെ ഇത് വ്യക്തമാക്കാം എന്നു കരുതിയാണ് പോസ്റ്റ് ഇട്ടത്. 

എനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് ഇട്ട പോസ്റ്റിൽ പോലും വളരെ ഹീനമായ കമന്റുകളാണ് ചിലർ രേഖപ്പെടുത്തിയത്. ഇത് ഞാൻ മാത്രം നേരിടുന്ന കാര്യമല്ല കേരളത്തിലെ ഒട്ടുമിക്ക നടിമാരും സാധാരണക്കാരായ സ്ത്രീകളും ഇത്തരം അധിക്ഷേപങ്ങൾ നേരിടുന്നുണ്ട്. ഇത്തരം കമന്റുമായി വരാൻ ധൈര്യം കാണിക്കുന്നുണ്ടല്ലോ എന്നതാണ് എന്നെ ഞെട്ടിച്ചത്. ഒരു സമൂഹത്തിൽ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ‌ഇനിയും ഇത്തരത്തിൽ മറ്റുളളവരെ ബുദ്ധിമുട്ടിക്കാൻ ആരും മുതിരരുത്. ഇനിയും ഇത്തരം കമന്റുകൾ കണ്ടുകൊണ്ട് വെറുതെ ഇരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് ഇവർക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. ഞാൻ അത്രമാത്രം അനുഭവിച്ചുകഴിഞ്ഞു. കേരളത്തിൽ എന്നെപ്പോലെ സൈബർ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല. എന്റെ മാനസികാരോഗ്യത്തെ വരെ ഇതൊക്കെ ബാധിക്കുന്നുണ്ട്. എല്ലാ സ്ത്രീകൾക്കും വേണ്ടി കൂടിയാണ് ഞാൻ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. ഇത്തരത്തിൽ സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ സ്ത്രീകൾ മുന്നോട്ട് വരിക തന്നെ വേണം.  

ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല

പത്തിരുപതു വർഷമായി ഞാൻ സിനിമയിൽ എത്തിയിട്ട്.  ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ, ആരോടും മോശമായി പെരുമാറിയിട്ടില്ല. എന്റെ ജോലിയുമായി ആരെയും ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകുകയാണ്. പക്ഷേ, തുടരെ ഇങ്ങനെ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുമ്പോൾ ഇനിയും ഇത് സഹിക്കേണ്ട കാര്യമില്ല എന്ന് തോന്നി. ഈ പറഞ്ഞ സ്ഥാപന ഉടമ എനിക്കെതിരെ അധിക്ഷേപിക്കുന്ന കമന്റുകൾ പറഞ്ഞാൽ അയാൾക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് എനിക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വിഡിയോകളിലൂടെ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  ഇതുപോലെ വിദ്വേഷകമന്റുകൾ ഇടുന്നവരെയും നമ്മളെ അപമാനിക്കുന്നതരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നവരെയും നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ തന്നെയാണ് തീരുമാനം. എനിക്ക് നേരിട്ട ഒരു ബുദ്ധിമുട്ട് സമൂഹത്തിനോട് തുറന്നു പറഞ്ഞപ്പോൾ അവിടെയും നമുക്ക് കിട്ടുന്ന പ്രതികരണങ്ങൾ ഇങ്ങനെയാണെങ്കിൽ ഇതൊന്നും കണ്ണടച്ച് കളയേണ്ട കാര്യമല്ല എന്ന് തോന്നി.

ഈ പിന്തുണയ്ക്ക് നന്ദി

ഇന്നലെ ഞാൻ പോസ്റ്റ് ചെയ്തത് മുതൽ വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. താരസംഘടനായ ‘അമ്മ’, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മറ്റു സംഘടനകൾ, സഹപ്രവർത്തകർ തുടങ്ങി എല്ലാവരും എന്നെ വിളിച്ചു പിന്തുണ അറിയിക്കുകയും എല്ലാ രീതിയിലും ഒപ്പം നിൽക്കാം എന്ന് പറയുകയും ചെയ്തു. പൊലീസിന്റെയും അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയാണ് കിട്ടിയത്. എന്തു കാര്യമുണ്ടെങ്കിലും ഞങ്ങൾ കൂടെ ഉണ്ടാകും ധൈര്യമായി മുന്നോട്ട് പോകണം എന്നാണു മാധ്യമങ്ങൾ എന്നോട് പറഞ്ഞത്. ഇക്കാര്യത്തിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

English Summary:

Actress Honey Rose has explained her reason for pursuing legal action against those who posted comments that demean women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com