തലയിലെ തുന്നിക്കെട്ടൽ, ശസ്ത്രക്രിയ; തനിക്കു സംഭവിച്ചതു തുറന്നു പറഞ്ഞ് നടി ചൈതന്യ പ്രകാശ്
Mail This Article
പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് നടിയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ചൈതന്യ പ്രകാശ്. തലയിൽ വലിയ തുന്നികെട്ടലോടെയാണ് താരം പുതുവർഷാദ്യം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ക്രീം നിറത്തിലുള്ള ഹൂഡി ധരിച്ചാണ് പൊതുവേദിയിൽ താരം പ്രത്യക്ഷപ്പെട്ടതെങ്കിലും തലയിലെ തുന്നിക്കെട്ടലുകൾ ശ്രദ്ധിക്കപ്പെട്ടു. സൈനസ് കാവിറ്റിയിൽ തുടർച്ചയായി വരുന്ന ഇൻഫെക്ഷന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതു മൂലമാണ് തലയിൽ തുന്നിക്കെട്ടലുകൾ വന്നതെന്ന് താരം വെളിപ്പെടുത്തി.
പുതുവർഷാരംഭത്തിൽ തന്നെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചെന്നും നല്ലൊരു നാളേയ്ക്ക് വേണ്ടി കഠിനമായ തീരുമാനമെടുക്കുന്നതിൽ ദുഃഖിക്കേണ്ട കാര്യമില്ലെന്നും ചൈതന്യ പ്രകാശ് പറയുന്നു. താരത്തിന്റെ സുഖവിവരം ആരായുന്നവരോട് താനിപ്പോൾ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ലെന്നും ചൈതന്യ വ്യക്തമാക്കി. ചെവിയിലായിരുന്നു ശസ്ത്രക്രിയ. അതിന്റെ ഭാഗമായുള്ള വിശ്രമത്തിലാണ് താരം ഇപ്പോൾ.
പ്രിഓറികുലാർ സൈനസ് എന്ന രോഗാവസ്ഥയാണ് താരത്തിന്. അതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇൻഫെക്ഷൻ വരുമായിരുന്നു. കഴിഞ്ഞ വർഷം നാലു തവണയാണ് ഇൻഫെക്ഷൻ വന്നത്. വളരെ വേദനാജനകമാണ് ആ ദിവസങ്ങളെന്ന് താരം പറയുന്നു. അതുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തി. പുതുവർഷത്തിൽ ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാൽ ആ തീരുമാനത്തിൽ സന്തോഷവതിയാണെന്നും ചൈതന്യ വ്യക്തമാക്കി.
‘ചിലപ്പോൾ നമ്മൾ എടുക്കുന്ന കഠിനമായ ചില തീരുമാനങ്ങൾ നല്ലൊരു നാളേയിലേക്ക് നയിക്കും. വരുന്നതൊക്കെ സ്വീകരിക്കുക, പ്രതീക്ഷയോടെ അവയെ നേരിടുക, നിങ്ങൾ എടുക്കുന്ന ഓരോ ചുവടുവയ്‌പ്പിനെയും വിശ്വസിക്കുക,’ ചൈതന്യ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഡാൻസ് റീലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ചൈതന്യ പ്രകാശ്. റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഹയ, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.