കടവുളെ പോലെ ‘കാപ്പാൻ’; റിവ്യു
Mail This Article
സാധാരണ ട്രെയിലറുകളും ടീസറുകളും ഒരു സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണെങ്കിൽ കാപ്പാൻ എന്ന ചിത്രത്തിന്റെ കാര്യത്തിൽ അതു നേരെ തിരിച്ചായിരുന്നു. എന്നാൽ അത്തരം മുൻധാരണകളെ തിരുത്തുന്നതാണ് സൂര്യയുടെ പുതിയ ചിത്രം. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഒരു ഇടവേളയ്ക്കു ശേഷം തമിഴിൽ എത്തുന്ന കാപ്പാൻ പ്രേക്ഷകരെ തൃപ്തരാക്കുന്ന ആക്‌ഷൻ ചിത്രമാണ്.
കാപ്പാൻ എന്നാൽ രക്ഷകൻ എന്നാണ് അർഥം. പേരുപോലെ തന്നെ തീവ്രവാദികളിൽനിന്നും കോർപറേറ്റ് ഭീമന്മാരിൽനിന്നും രാജ്യത്തെ കാക്കുന്ന രക്ഷകന്റെ കഥയാണ് സൂര്യ നായകനായ ഇൗ ചിത്രം പറയുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിൽ (എസ്പിജി) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് കതിരവൻ. പട്ടാളക്കാരനെന്നതിലുപരി കർഷകൻ കൂടിയാണ് കതിർ. പ്രധാനമന്ത്രിയുടെ ജീവകവചമായി പോരാടുന്ന കതിരവന്റെ ജീവിതത്തിലൂടെയാണ് കാപ്പാന്റെ കഥ മുന്നേറുന്നത്.
രാഷ്ട്രീയത്തിലും ജീവിതത്തിലും ഒരുപോെല സത്യസന്ധത പുലർത്തുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയുടേത്. ഒരാളുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നിട്ടാണെങ്കിലും നൂറുപേരെ രക്ഷിക്കാനായാൽ അതാണ് ശരി എന്നു വിശ്വസിക്കുന്ന വ്യക്തി. നിയമപരമായി തെറ്റാണെന്നു തോന്നിയാലും ധാർമികമായി ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ ചന്ദ്രകാന്ത് വർമയ്ക്ക് മടിയില്ല. അതുകൊണ്ടു തന്നെ, ജനസമ്മതനും മനുഷ്യസ്നേഹിയുമായ ചന്ദ്രകാന്ത് വർമയെ വധിക്കാൻ കരുനീക്കം നടത്തുന്നവർ അയാൾക്കു ചുറ്റും തന്നെയുണ്ട്.
നിരവധി തവണ വർമയെ വകവരുത്താൻ തീവ്രവാദികൾ ശ്രമിക്കുന്നുണ്ടെങ്കിലും കതിരിന്റെ നേതൃത്വത്തിലുള്ള സംഘം ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുത്തുന്നു. എന്നാൽ കതിരിനെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ പരമ്പര തന്നെയായിരുന്നു. രാജ്യത്തെയും പ്രധാനമന്ത്രിയെയും ശത്രുക്കളിൽനിന്നു രക്ഷിക്കാൻ കതിർ നടത്തുന്ന ഒറ്റയാൻ പോരാട്ടത്തിലൂടെ കാപ്പാൻ കരുത്താർജിക്കുന്നു.
മോഹൻലാൽ–സൂര്യ താരങ്ങളുടെ ഒന്നിച്ചുള്ള രംഗങ്ങൾ തന്നെയാണ് കാപ്പാനെ പ്രേക്ഷകരിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. ആദ്യ പകുതിയിൽ സൂര്യയ്ക്കൊപ്പം മോഹൻലാലും നിറഞ്ഞുനിൽക്കുന്നു. പക്വതയും വ്യക്തിപ്രഭാവവുമുള്ള പ്രധാനമന്ത്രിയുടെ വേഷം അനായാസമായ അഭിനയശൈലിയാൽ മോഹൻലാൽ മികച്ചതാക്കി. ശരീരഭാഷയിലും ചലനങ്ങളിലും ഫൈറ്റ് സ്വീക്വൻസുകളിലും എസ്പിജി ഓഫിസറായി സൂര്യ ജീവിച്ചുവെന്നും പറയാം. എസ്പിജിയുടെ നേതൃത്വം വഹിക്കുന്ന ജോസഫ് എന്ന കഥാപാത്രമായി സമുദ്രക്കനിയും ശ്രദ്ധനേടുന്നു.
സമീപകാലത്തെ സൂര്യ ചിത്രങ്ങളുടെയൊക്കെ പോരായ്മ നികത്തിയ ചിത്രം കൂടിയാണ് കാപ്പാൻ. ആക്‌ഷൻ രംഗങ്ങളിലും മറ്റും പുലർത്തിയിരിക്കുന്ന സാങ്കേതിക മികവ് എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച്, ട്രെയിനിനു മുകളിലൂടെയുള്ള സംഘട്ടന രംഗങ്ങള്‍. ഗ്രാഫിക്സുകളുടെ അമിതമായ ഉപയോഗം ഇല്ലെന്നതും ചിത്രത്തെ വേറിട്ടതാക്കുന്നു.
നായികയായെത്തുന്ന സയേഷയും മോഹൻലാലിന്റെ മകനായെത്തുന്ന ആര്യയുമാണ് മറ്റു രണ്ടു താരങ്ങൾ. ബൊമൻ ഇറാനി, ചിരാഗ് ജാനി, തലൈവാസൽ വിജയ്, ഷംന കാസിം എന്നിവരാണ് മറ്റു താരങ്ങൾ. പശ്ചാത്തല സംഗീതം മികവു പുലർത്തിയെങ്കിലും പാട്ടുകൾ ശരാശരിയിൽ ഒതുങ്ങി. കഥയിൽ പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെങ്കിലും തിരക്കഥയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ സിനിമയെ കൂടുതൽ ചടുലമാക്കുന്നു. പൊളിറ്റിക്കൽ–ആക്‌ഷൻ ത്രില്ലർ എന്നതിലുപരി സമൂഹത്തിൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപത്തുകൾക്കെതിരെയും ചിത്രം ശബ്ദമുയർത്തുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കോർപറേറ്റ് മുതലാളിമാർക്ക് എഴുതികൊടുക്കുന്നതിന്റെ ഭീകരാവസ്ഥയും ചിത്രം വരച്ചുകാട്ടുന്നു.
തമിഴ് സിനിമയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത് സാങ്കേതികത്തികവുള്ള ചിത്രമാണ് കാപ്പാൻ. കെ.വി. ആനന്ദ് എന്ന ഛായാഗ്രാഹകന്റെയും സംവിധായകന്റെയും കഴിവുകൾ സമന്വയിക്കുന്ന ചിത്രം സൂര്യ എന്ന നടന് എൻ.ജി.കെയുടെ പരാജയം സമ്മാനിച്ച ക്ഷീണം അകറ്റുന്നതാണ്, ഒപ്പം അദ്ദേഹത്തിന്റെ ആരാധകർക്കും.