ADVERTISEMENT

മലയാളസിനിമയിൽ കുറേക്കാലമായി ത്രില്ലർ സിനിമകളുടെ പൂക്കാലമാണ്. ആ ഗണത്തിലേക്കുള്ള പുതിയ എൻട്രിയാണ് ഹെവൻ. രണ്ടിടത്തായി ആറു കൊലപാതകങ്ങൾ, മൂന്നു കേസന്വേഷണങ്ങൾ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, മറഞ്ഞിരിക്കുന്ന ഒരു വില്ലൻ, അയാളിലേക്ക് വഴികാട്ടുന്ന പല സംഭവങ്ങൾ, ഒടുവിൽ വെളിപ്പെടുന്ന സത്യം- ഹെവൻ എന്ന ചിത്രത്തെ ഇങ്ങനെ സംഗ്രഹിക്കാം.  

 

നോൺ ലീനിയർ ശൈലിയിലാണ് ചിത്രം കഥപറയുന്നത്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തിൽ അവസാനം സംഭവിക്കാറുള്ള കാവ്യനീതിയിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അതിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണത്തിൽ മറ്റൊരു കൂട്ടക്കൊലപാതകം വെളിവാകുന്നു. ആ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. അതിനയാൾക്ക് ഒരു കാരണവുമുണ്ട്. അയാൾ വിജയിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പിന്നീട് സിനിമ പറയുന്നത്.

 

ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, ആഭിജ ശിവകല, ശ്രീജ, മീര നായർ, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

heaven-teaser

 

ജനഗണമനയ്ക്ക് ശേഷം സുരാജ് വീണ്ടും കാക്കിയണിഞ്ഞെത്തിയ ചിത്രമാണ് ഹെവൻ. സുരാജ് കരിയറിലെ മറ്റൊരു വഴിത്തിരിവിലാണ്. കുറച്ച് വർഷങ്ങൾക്കുമുൻപ് മണ്ടൻ പൊലീസുകാരനായി കോമഡി കാണിച്ചിരുന്ന അതേ നടൻ ഇപ്പോൾ സീരിയസ്-ഹെവി-ഇമോഷനൽ പശ്‌ചാത്തലമുള്ള പോലീസ് വേഷങ്ങൾ (ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായകന്മാരെ മാത്രം ഏൽപിച്ചിരുന്നത്) കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കുന്നു. ഇത്തവണ ഒരു വൈകാരിക പശ്‌ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥനെയാണ് സുരാജ് അവതരിപ്പിക്കുന്നത്. വ്യക്തിജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ അയാളെ ഉടനീളം അലട്ടുന്നുണ്ട്.

 

സുദേവ് നായരുടെ പൊലീസ് കഥാപാത്രം, ദീപക് പരമ്പോലിന്റെ കഥാപാത്രം എന്നിവയും ചിത്രത്തിൽ മികച്ചുനിൽക്കുന്നുണ്ട്.  ജാഫർ ഇടുക്കി, സുധീഷ്, അലൻസിയർ എന്നിവരുടെ അഭിനയവും ശ്രദ്ധേയമാണ്.

 

പശ്‌ചാത്തലസംഗീതത്തിന്റെയും വേറിട്ട ഛായാഗ്രഹണത്തിന്റെയും എഡിറ്റിങ്ങിന്റെയും കൈപിടിച്ച് ഗ്രാഫ് ഉയർത്തിയ ഒരുപിടി സിനിമകൾ അടുത്തിടെ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഹെവനെയും ഉൾപ്പെടുത്താം. ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ ഗോപി സുന്ദറിന്റെ സംഗീതവും വിനോദ് ഇല്ലംപള്ളിയുടെ ഷാർപ് ഛായാഗ്രഹണവും ടോബി ജോണിന്റെ എഡിറ്റിങ്ങും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഗാനങ്ങളും ആസ്വാദ്യകരമാണ്. കഥാപരമായി ചെറിയ സൂക്ഷമതക്കുറവ് നിരീക്ഷിക്കാനാകും. എങ്കിലും ആഖ്യാനമികവിലൂടെ ആ പോരായ്മ മറികടക്കുന്നുണ്ട് സംവിധായകൻ.

 

രണ്ടുമണിക്കൂർ പത്തുമിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ത്രില്ലർ സിനിമകളുടെ ആരാധകർക്ക് ഒരു ബ്രെയിൻ സ്റ്റോമിങ്ങ് അനുഭവം സാധ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com